ധർമസ്ഥല വെളിപ്പെടുത്തൽ; സാക്ഷിയായ ചിന്നയ്യയെ കുടുക്കിയത് സ്വന്തം പിഴവുകൾ

ധർമസ്ഥല കേസിലെ വലിയ ട്വിസ്റ്റിലേക്ക് അന്വേഷണത്തെ നയിച്ചത് ചിന്നയ്യ തന്നെയെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. വൻ വെളിപ്പെടുത്തലെന്ന നിലയിൽ ചിന്നയ്യ നടത്തിയ മൊഴിയിലെ വൈരുദ്ധ്യമാണ് ഇയാൾക്ക് കുരുക്കായത്. തൻ്റെ മൊഴികൾക്ക് ആധാരമായി ചിന്നയ്യ ഹാജരാക്കിയ തലയോട്ടി പുരുഷന്റേതെന്ന കണ്ടെത്തലും ഗുരുതരമായി. ഈ തലയോട്ടി ബലാത്സംഗത്തിന് ഇരയായ സ്ത്രീയുടെ ആണെന്നാണ് ചിന്നയ്യയുടെ മൊഴി. എന്നാൽ ഫോറൻസിക് പരിശോധനയിൽ ഇത് അങ്ങനെയല്ലെന്ന് വ്യക്തമായി.
വിശദമായി ചോദ്യം ചെയ്തപ്പോൾ തലയോട്ടി താൻ മറ്റൊരിടത്ത് നിന്ന് സംഘടിപ്പിച്ചതാണെന്ന് ചിന്നയ്യ തന്നെ സമ്മതിച്ചു. ഇതിന് പിന്നാലെ ചിന്നയ്യക്കെതിരെ ഭാര്യയും രംഗത്ത് വന്നു. ചിന്നയ്യ പബ്ലിസിറ്റി ആഗ്രഹിച്ചാണ് ഈ നിലയിൽ കോളിളക്കം ഉണ്ടാക്കുന്ന വെളിപ്പെടുത്തൽ നടത്തിയതെന്നും ചിന്നയ്യക്ക് മാനസിക വെല്ലുവിളിയുണ്ടെന്നും അവർ ആരോപിച്ചു. എന്നാൽ സംഭവത്തിൽ വിശദമായ അന്വേഷണം ചിന്നയ്യക്കെതിരെ നടത്താനുള്ള തീരുമാനത്തിലാണ് എസ്ഐടി. ചിന്നയ്ക്ക് തലയോട്ടി ആരെങ്കിലും കൈമാറിയതാണോയെന്ന് അന്വേഷിക്കും. ചൂണ്ടികാണിച്ച രണ്ടു പോയിന്റുകളിൽ മൃതദേഹാവശിഷ്ടങ്ങൾ എങ്ങനെ എത്തിയെന്നതും അന്വേഷിക്കും.