ശരദ് പവാറിനെ വീട്ടിൽ പോകാൻ അനുവദിക്കില്ലെന്നും റോഡിൽ തടയുമെന്നും കേന്ദ്രമന്ത്രി ഭീഷണിപ്പെടുത്തി: ആരോപണവുമായി സഞ്ജയ് റവൂത്ത്
എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ വീട്ടിൽ പോകാൻ അനുവദിക്കില്ലെന്നും റോഡിൽ തടയുമെന്നും ഒരു കേന്ദ്രമന്ത്രി ഭീഷണിപ്പെടുത്തിയെന്ന് ശിവസേന വക്താവ് സഞ്ജയ് റവൂത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും അവരുടെ മന്ത്രിയുടെ ഇത്തരം ഭീഷണികളെ അംഗീകരിക്കുന്നുണ്ടോയെന്നും സഞ്ജയ് റവൂത്ത് ചോദിച്ചു.
“മഹാ വികാസ് അഘാഡിയെ രക്ഷിക്കാൻ ശ്രമിച്ചാൽ ശരദ് പവാറിനെ വീട്ടിൽ പോകാൻ അനുവദിക്കില്ലെന്നും റോഡിൽ തടയുമെന്നും ഒരു കേന്ദ്രമന്ത്രി ഭീഷണിപ്പെടുത്തി. ഇതാണ് ബിജെപിയുടെ ഔദ്യോഗികനയമെങ്കിൽ നിങ്ങൾ അത് പ്രഖ്യാപിക്കൂ. സർക്കാർ വീഴുകയോ തുടരുകയോ ചെയ്തേക്കാം. പക്ഷേ, ശരദ് പവാറിനെതിരെയുള്ള ഇത്തരം ഭാഷ അംഗീകരിക്കാനാവില്ല,” സഞ്ജയ് റവൂത്ത്.
അതേസമയം, ശിവസേനയുടെ നിയസഭാ കക്ഷി നേതാവായി തന്നെ തെരഞ്ഞെടുത്തെന്ന് ചൂണ്ടിക്കാട്ടി ഏക്നാഥ് ഷിൻഡെ ഗവർണർക്കും ഡെപ്യൂട്ടി സ്പീക്കർക്കും കത്തയച്ചു. ഭാരത് ഗോഗോവാലയെ ചീഫ് വിപ്പായി തെരഞ്ഞെടുത്തെന്നും ഷിൻഡെ വ്യക്തമാക്കിയിട്ടുണ്ട്. 37 ശിവസേന എംഎൽഎമാർ ഒപ്പിട്ട കത്താണ് അയച്ചത്.