കോടതി രാഷ്ട്രീയം കളിക്കാനുള്ള സ്ഥലമല്ല: ഷഹീൻ ബാഗ് വിഷയത്തിൽ ഹർജി നൽകിയ സിപിഎമ്മിന് സുപ്രീംകോടതിയുടെ വിമർശനം
ഡൽഹിയിലെ ഷഹീൻബാഗിൽ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിനെതിരെ ഹര്‍ജി നല്കിയ സിപിഐഎമ്മിന് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. സിപിഎം എന്തിനാണ് ഹർജി നൽകിയതെന്ന് ചോദിച്ച കോടതി രാഷ്ട്രീയം കളിക്കാനുള്ള സ്ഥലമല്ല സുപ്രീംകോടതി എന്നും പ്രസ്താവിച്ചു. ഇതേത്തുടർന്ന് സിപിഎം ഹര്‍ജി പിന്‍വലിച്ചു.
കെട്ടിടം പൊളിക്കുന്നത് ബാധകമായവരാണ് ഹർജി നൽകേണ്ടതെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
“ ‘എൻ്റെ വീടുപൊളിക്കുന്നു‘ എന്ന് പറയാൻ ഇവിടെ വരാൻ ആർക്കും ഞങ്ങൾ ലൈസൻസ് നൽകിയിട്ടില്ല. അതിനി നിയമവിരുദ്ധമായിട്ടാണെങ്കിലും. കൊടതിയുത്തരവുകളുടെ കീഴിൽ അഭയം കണ്ടെത്താൻ ശ്രമിക്കരുത്.“ അപ്പക്സ് കോടതി പറഞ്ഞു.
ഹൈക്കോടതിയെ സമീപിക്കുന്നതാണ് നല്ലത്. വഴിയോരക്കച്ചവടക്കാർ കയ്യേറ്റം നടത്തുകയാണെങ്കിൽ ഒഴിപ്പിക്കും. ജനക്പുരിയിൽ ഇടപെട്ടത് കെട്ടിടങ്ങൾ പൊളിച്ചതിനാലാണെന്നും ഷഹീൻ ബാഗിലെ താമസക്കാർ ഹർജി നൽകട്ടെ എന്നും കോടതി അഭിപ്രായപ്പെട്ടു.
അതേസമയം, നിയമപ്രകാരം എന്തുകൊണ്ട് നോട്ടീസ് നൽകുന്നില്ലെന്ന് കേന്ദ്രത്തോട് കോടതി ചോദിച്ചു. പൊളിക്കല്‍ നീക്കത്തിന് രണ്ടാഴ്ചത്തെ സ്റ്റേ സിപിഎം അഭിഭാഷകൻ ആവശ്യപ്പെട്ടു. അതുവരെ പൊളിക്കൽ നടപടികൾ ഉണ്ടാകരുതെന്ന് കോടതി നിർദേശിച്ചു. എന്നാൽ, സിപിഎമ്മിന്റെ ശ്രമം വാർത്ത ഉണ്ടാക്കാൻ ആണെന്ന് സോളിസിറ്റർ ജനറൽ ആരോപിച്ചു.
ജഹാംഗിർപുരിക്ക് പിന്നാലെ ഷഹീൻബാഗിലും കെട്ടിടങ്ങൾ പൊളിക്കാനുള്ള നീക്കവുമായി ഡൽഹി കോർപ്പറേഷൻ എത്തിയതാണ് പുതിയ സംഭവങ്ങളുടെ തുടക്കം . പൗരത്വ നിയമത്തിനെതിരായ സമരത്തിന്റെ കേന്ദ്രമായിരുന്ന ഷഹീൻബാഗിലെ കെട്ടിടങ്ങൾ പൊളിക്കാൻ വൻ സന്നാഹവുമായി സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ എത്തി. കനത്ത സുരക്ഷാ സന്നാഹവുമായി ഡൽഹി പോലീസും നിലയുറപ്പിച്ചതോടെ ബുൾഡോസറുകൾ തടഞ്ഞ് പ്രദേശവാസികളും ആംആദ്മി, കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധിച്ചു.
പ്രതിഷേധം കനത്തതോടെ നടപടി തടസപ്പെട്ടു. അനധികൃതമായ കെട്ടിടങ്ങളാണ് പൊളിക്കുന്നതെന്ന നിലപാടാണ് കോർപ്പറേഷൻ അധികൃതർ ഷഹീൻബാഗിലും ആവർത്തിക്കുന്നത്. എന്നാൽ ബിജെപി സർക്കാർ പകപോക്കുന്നുവെന്നാണ് പ്രദേശവാസികളുടെ ആരോപണം. പ്രതിഷേധം ഒരു ഘട്ടത്തിൽ സംഘർഷത്തിലേക്കെത്തുന്ന സ്ഥിതിയുണ്ടായി.
Content Highlight: SC refuses to entertain CPI(M)’s plea in Shaheen Bagh Demolition