സജി ചെറിയാന്റെ രാജിക്കാര്യത്തിൽ സംസ്ഥാന നേതൃത്വം നടപടി സ്വീകരിക്കുമെന്ന് യെച്ചൂരി
ഇന്ത്യൻ ഭരണഘടനക്കെതിരെ പ്രസംഗിച്ച മന്ത്രി സജി ചെറിയാന്റെ രാജിക്കാര്യത്തിൽ സംസ്ഥാന നേതൃത്വം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയം സംസ്ഥാന നേതാക്കളുമായി സംസാരിച്ചെന്നും രാജിയില്ലായെന്ന് മന്ത്രി പറഞ്ഞതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.വിവാദങ്ങൾക്കിടെ രാജിവെക്കില്ലെന്ന് വ്യക്തമാക്കിയ മന്ത്രി സജി ചെറിയാൻ തിരുവനന്തപുരത്തെ ഓഫീസിലെത്തി.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷമാണ് മന്ത്രി ഓഫീസിലെത്തിയത്. തന്റെ ഔദ്യോഗിക ജോലികൾ ചെയ്യുന്നത് മന്ത്രി തുടരുകയാണ് എന്നാണ് സൂചന. അതിനിടെ ഏതാനും എം.എൽ.എയെ മന്ത്രിയെ കാണാനെത്തി. വൈകുന്നേരം നാല് മണിക്ക് നടക്കുന്ന മന്ത്രിസഭ യോഗത്തിൽ സജി ചെറിയാൻ പങ്കെടുത്തേക്കും.
ഈ വിഷയവുമായി ബന്ധപ്പെട്ടരാജിവെക്കില്ലെന്ന് സജി ചെറിയാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എകെജി സെന്റെറിൽ നടന്ന സിപിഎം സെക്രട്ടേറിയേറ്റ് യോഗത്തിനു ശേഷമാണ് മന്ത്രിയുടെ പ്രതികരണം. ‘എന്തിന് രാജി വെക്കണം? ഇന്നലെ എല്ലാം പറഞ്ഞതല്ലേ.. ബാക്കി പറയേണ്ടവർ പറയും എന്നാണ് മന്ത്രി പറഞ്ഞു.
എന്നാൽ ഇക്കാര്യത്തിൽ സിപിഎമ്മിൽ നിന്നോ സർക്കാരിൽ നിന്നോ ഔദ്യോഗികമായി യാതൊരു വിശദീകരണവും പുറത്തു വന്നിട്ടില്ല. മന്ത്രിയുടെ പ്രസ്താവനക്കെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷത്ത് നിന്ന് ഉയരുന്നത്.
എന്നാൽ മന്ത്രി രാജി വെക്കുമോ എന്ന് പറയാറായിട്ടില്ലെന്ന് മന്ത്രി എംവി ഗോവിന്ദൻ പറഞ്ഞു. രാജിക്കാര്യത്തിൽ പാർട്ടി തീരുമാനം എടുത്തിട്ടില്ല. പ്രതിപക്ഷ നീക്കത്തെ രാഷ്ട്രീയമായി നേരിടുമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ മനോഹരമായ ഭരണഘടനയാണ് ഇന്ത്യയുടേതെന്നാണ് മന്ത്രി പ്രസംഗിച്ചത്. ആര് പ്രസംഗിച്ചാലും ഇന്ത്യൻ ഭരണഘടന മികച്ചതാണെന്ന് ഞാൻ സമ്മതിക്കില്ല. മതേതരത്വം, ജനാധിപത്യം എന്നിവ എഴുതിവച്ചതല്ലാതെ മറ്റൊന്നും ഭരണഘടനയിലില്ല. ബ്രിട്ടീഷുകാർ പറയുന്നതിനനുസരിച്ച് ചിലർ എഴുതിയതാണ് ഇന്ത്യൻ ഭരണഘടന എന്നും അദ്ദേഹം പറഞ്ഞിരുന്നു.
വിവാദങ്ങൾ തുടരുന്ന സാഹചര്യത്തിൽ തലസ്ഥാനത്ത് അടിയന്തര യോഗങ്ങളാണ് ചേരുന്നത്. രാവിലെ എ ജിയിൽ നിന്ന് നിയമോപദേശം തേടി. തുടർന്ന് സംസ്ഥാന സെക്രട്ടറിയുമായി കൂടിക്കാഴ്ച. അവൈലബിൾ അംഗങ്ങളുടെ യോഗം എന്നിങ്ങനെയുള്ള കൂടിക്കാഴ്ചകളും തുടരുകയാണ്. സജി ചെറിയാൻ മന്ത്രി സ്ഥാനത്ത് തുടരുന്നത് മന്ത്രിസഭക്ക് ക്ഷീണം ചെയ്യും എന്ന് തന്നെയാണ് വിലയിരുത്തൽ. അധികം വൈകാതെ തന്നെ സജി ചെറിയാന്റെ മന്ത്രി സ്ഥാനം സംബന്ധിച്ച് അന്തിമ തീരുമാനത്തിലേക്ക് സി പി എം എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്
Content Highlights : sitaram yechury on Saji Cheriyan issue