മുണ്ടുടുത്ത കര്ഷകന് പ്രവേശനം നിഷേധിച്ചു; ബംഗളൂരുവില്‍ മാള്‍ അടച്ചുപൂട്ടി
പരമ്ബരാഗത വേഷം ധരിച്ചെത്തിയ കർഷകന് ബംഗളൂരുവിലെ ഷോപ്പിങ് മാളില്‍ പ്രവേശനം നിഷേധിച്ച സംഭവത്തില്‍ നടപടിയുമായി അധികൃതർ.
മുണ്ടുടുത്ത കർഷകനെ തടഞ്ഞ ബംഗളൂരു മാഗഡി റോഡിലെ ജി.ടി വേള്‍ഡ് മാളിന് പൂട്ടിടാൻ ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) തീരുമാനിച്ചു. 2023 -24 വർഷത്തെ വസ്തു നികുതി അടച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി.
അതേസമയം, കർഷകനെ തടഞ്ഞ സംഭവം കർണാടക നിയമസഭയിലും ചർച്ചയായി. ഈ വിഷയത്തില്‍ മാള്‍ ഒരാഴ്ചത്തേക്ക് അടച്ചിടാൻ നിയമവ്യവസ്ഥയുണ്ടെന്നും ബി.ബി.എം.പി ഉദ്യോഗസ്ഥരോട് ഇക്കാര്യം സംസാരിച്ചതായും കർണാടക നഗര വികസന മന്ത്രി ബൈരതി സുരേഷ് സഭയെ അറിയിച്ചു. മന്ത്രിയുടെ തീരുമാനം സ്വാഗതംചെയ്ത സ്പീക്കർ യു.ടി. ഖാദർ നടപടി വേഗത്തില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനു പുറമെയാണ് വസ്തുനികുതി അടക്കുന്നതിലെ വീഴ്ച ചൂണ്ടിക്കാട്ടി ബി.ബി.എം.പിയുടെ സമാന്തര നടപടി. 1.78 കോടി രൂപയാണ് നികുതിയിനത്തില്‍ ജി.ടി വേള്‍ഡ് മാള്‍ അധികൃതർ അടക്കാനുള്ളതെന്നും ഇതുസംബന്ധിച്ച് നോട്ടീസ് നല്‍കിയിരുന്നതായും ബി.ബി.എം.പി സോണല്‍ കമീഷണർ വിനോദ് പ്രിയ അറിയിച്ചു.