കോണ്‍ഗ്രസിലേക്കില്ല; പാര്‍ട്ടിയിലെ കുടുംബാധിപത്യത്തിനെതിരെ ഒറ്റയാള്‍പോരാട്ടം നടത്തുമെന്ന് സദാനന്ദഗൗഡ
ബിജെപി വിടില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും കര്‍ണാടക മുൻ മുഖ്യമന്ത്രിയുമായ സദാനന്ദഗൗഡ. ബിജെപിയില്‍ ഉറച്ച് മുന്നോട്ട് പോകും. ഒരു കാരണവശാലും കോണ്‍ഗ്രസില്‍ ചേരില്ലെന്നും പാർട്ടിയെ ശുദ്ധീകരിക്കാനുള്ള ശ്രമമാണ് താനിനി നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന്, കോണ്‍ഗ്രസില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു സദാനന്ദ ഗൗഡ. മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നതാണ് തന്റെ ലക്ഷ്യം.അതിന് എല്ലാ പിന്തുണയും നല്കി ബിജെപിക്കൊപ്പം താനുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയെ പേരെടുത്ത് പറയാതെ വിമർശിച്ച ഗൗഡ കുടുംബാധിപത്യത്തിനെതിരെ ഒറ്റയാള്‍പോരാട്ടം നടത്തുമെന്നും അറിയിച്ചു. കുടുംബാധിപത്യത്തിനെതിരെ എന്നും നിലപാടെടുത്ത പാർട്ടിയാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടും കുടുംബാധിപത്യത്തിന് എതിരാണെന്നും അദ്ദേഹം വ്യക്തമാക്കി.