ചെറുകിട – ഇടത്തരം സംരംഭങ്ങള്ക്ക് പ്രത്യേക പരിഗണന; 100 കോടി രൂപ വരെയുള്ള വായ്പകള്
മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്ജറ്റില് ചെറുകിട – ഇടത്തരം സംരംഭങ്ങള്ക്ക് (എംഎസ്എംഇ) പ്രത്യേക പരിഗണന നല്കി പദ്ധതി. ചെറുകിട – ഇടത്തരം സംരംഭങ്ങള്ക്ക് ക്രെഡിറ്റ് ഗ്യാരന്റി സ്കീം ഈട് രഹിത വായ്പ നല്കും. ഇതിനായി 100 കോടി രൂപ വരെയുള്ള വായ്പകള് പ്രാപ്തമാക്കുന്നതിനുള്ള പുതിയ ഗ്യാരന്റി പ്ലാനുകള് കൊണ്ട് വരും. എംഎസ്എംഇകള്ക്ക് ബാങ്ക് വായ്പ സുഗമമാക്കുമെന്നും മന്ത്രി അറിയിച്ചു.
എംഎസ്എംഇകള്ക്ക് ഈടും ഗ്യാരന്റിയും ഇല്ലാതെ യന്ത്രങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിനും ടേം ലോണുകള് സുഗമമാക്കുന്നതിനും പുതിയ പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്. മുദ്ര വായ്പയുടെ പരിധി ഉയർത്തിയിട്ടുണ്ട്. പത്ത് ലക്ഷത്തില് നിന്ന് 20 ലക്ഷമാക്കി ഉയർത്തി. രാജ്യത്ത് കൂടുതല് വ്യവസായ പാർക്കുകള് കൊണ്ടുവരും.
12 വ്യവസായ പാർക്കുകള് കൂടി ഉടൻ യാഥാർത്ഥ്യമാക്കുമെന്നാണ് പ്രഖ്യാപനം. തൊഴില്, മദ്ധ്യവർഗം, ചെറുകിട – ഇടത്തരം മേഖലകള്ക്ക് ആണ് ബഡ്ജറ്റില് കൂടുതല് പരിഗണന നല്കുന്നതെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചിരുന്നു.
നിർമല സീതാരാമന്റെ തുടർച്ചയായ ഏഴാമത്തെ ബഡ്ജറ്റ് ആണിത്. ഇതോടെ മുൻ ധനമന്ത്രി മൊറാർജി ദേശായിയുടെ റെക്കാഡാണ് തിരുത്തിയത്. രണ്ടാം മോദി സർക്കാരില് ധനമന്ത്രിയായിരുന്ന നിർമ്മല സീതാരാമൻ ഒരു ഇടക്കാല ബഡ്ജറ്റ് ഉള്പ്പെടെ ആറ് ബഡ്ജറ്റുകളാണ് അവതരിപ്പിച്ചത്.