ജെഎന്‍യുവിൽ വിദ്യാർത്ഥി- പൊലീസ് സംഘർഷം; 28 പേർ കസ്റ്റഡിയിൽ

ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ സംഘർഷം. ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് നിതേഷ് കുമാർ ഉൾപ്പടെ 28 വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എബിവിപി പ്രവർത്തകർ വിദ്യാർത്ഥി യൂണിയൻ ഭാരവാഹികളെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിനിടെ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാകുകയായിരുന്നു.
യൂണിവേഴ്സിറ്റിയിലെ പടിഞ്ഞാറ് ഭാഗത്തുള്ള ഗേറ്റിന് സമീപം വൈകിട്ട് ആറു മണിയോടെയാണ് പ്രതിഷേധവുമായി ഇടത് നേതാക്കൾ ഒത്തുകൂടിയത്. എൺപതോളം വരുന്ന വിദ്യാർത്ഥികൾ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തള്ളിമാറ്റിയെന്നും പൊലീസുകാരെ ആക്രമിച്ചെന്നും ഡൽഹി പൊലീസ് അറിയിച്ചു. ആറ് പൊലീസുകാർക്ക് പരുക്കേറ്റതായും പ്രതിഷേധത്തിന് അനുമതി ഇല്ലായിരുന്നെന്നും പൊലീസ് പറയുന്നു.
19 ആൺകുട്ടികളെയും 9 പെൺകുട്ടികളെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നിതേഷ് കുമാറിന് പുറമെ ജെഎൻയുവിദ്യാർത്ഥി യൂണിയൻ വൈസ് പ്രസിഡന്റ് മനീഷ, ജനറൽ സെക്രട്ടറി മുൻതിയ ഫാത്തിമ എന്നിവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.