വിവിപാറ്റ് മുഴുവൻ എണ്ണണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളി സുപ്രീംകോടതി
ഇലക്ട്രാണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണുന്നതിനൊപ്പം വിവിപാറ്റുകളിലെ സ്ലിപ്പുകളും മുഴുവൻ ഒത്തുനോക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികള്‍ സുപ്രീംകോടതി തള്ളി.
തിരഞ്ഞെടുപ്പ് സംവിധാനം ബാലറ്റ് പേപ്പറുകളിലേക്ക് തിരിച്ചുപോകണം എന്ന ആവശ്യവും കോടതി തള്ളി. തിരഞ്ഞെടുപ്പ് കമ്മിഷന് ചില നിർദേശങ്ങള്‍ നല്‍കികൊണ്ടാണ് ഹർജികള്‍ തള്ളിയത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. രണ്ട് നിർദേശങ്ങളാണ് നല്‍കിയിട്ടുള്ളത്. വോട്ടിങ് മെഷീനില്‍ ചിഹ്നം ലോഡുചെയ്യല്‍ പ്രക്രിയ പൂർത്തിയാക്കിയ ശേഷം, സിംബല്‍ ലോഡിംഗ് യൂണിറ്റ് സീല്‍ ചെയ്യണം എന്നതാണ് ഒരു നിർദേശം.
ഫലപ്രഖ്യാപനത്തിന് ശേഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തോടൊപ്പം സിംബല്‍ ലോഡിങ് യുണിറ്റും 45 ദിവസത്തേക്ക് സ്ട്രോങ്ങ് റൂമില്‍ സൂക്ഷിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.
ഫലപ്രഖ്യാപനത്തിന് ശേഷംഅഞ്ച് ശതമാനം ബാലറ്റ് യൂണിറ്റ്, കണ്ട്രോള് യൂണിറ്റ്, വിവിപാറ്റ് യൂണിറ്റ് എന്നിവയിലെ മൈക്രോ കണ്ട്രോളർ യൂണിറ്റ് ഇലക്ട്രാണിക് വോട്ടിങ് യന്ത്രം എൻജിനീയർമാരെ കൊണ്ട് പരിശോധിപ്പിക്കാൻ സ്ഥാനാർത്ഥികള്‍ക്ക് അവസരം നല്‍കണം. തിരഞ്ഞെടുപ്പില്‍ രണ്ടും, മൂന്നും സ്ഥാനങ്ങളില്‍ എത്തുന്ന സ്ഥാനാർത്ഥികള്‍ എഴുതി നല്കിയാല് ആണ് ഈ പരിശോധന നടത്തേണ്ടത്. ഫലപ്രഖ്യാപനം നടന്ന് ഏഴ് ദിവസത്തിനുള്ളിലാണ് പരിശോധന ആവശ്യപ്പെട്ട് കത്ത് നല്‍കേണ്ടത്. പരിശോധനയുടെ ചെലവ് സ്ഥാനാർത്ഥികള്‍ വഹിക്കണം.