കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞത് ശരിവച്ച് സുപ്രീംകോടതി
ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ കേന്ദ്ര സര്ക്കാര് നടപടി സുപ്രീംകോടതി ശരിവച്ചു. ഭരണഘടനയുടെ 370 ആം അനുച്ഛേദം ഭേദഗതി ചെയ്തതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹര്ജികളിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി.കശ്മീരിന് പ്രത്യേകപദവി അവകാശപ്പെടാനാകില്ലെന്നും രാഷ്ട്രപതി ഭരണസമയത്ത് പാര്ലമെന്റിന് തീരുമാനം എടുക്കാന് അധികാരമുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ച കേന്ദ്രസര്ക്കാര് നടപടിയും സുപ്രീംകോടതി ശരിവച്ചു. ജമ്മുകശ്മീരിന് സംസ്ഥാന പദവി തിരികെ നല്കണം. തിരഞ്ഞെടുപ്പ് ഉടന് നടത്തണമെന്ന് നിര്ദേശിച്ച കോടതി 2024 സെപ്റ്റംബര് 30 വരെ ഇതിനായി സമയം അനുവദിച്ചു. ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കി നിലനിര്ത്തുമെന്നും കേന്ദ്രസര്ക്കാര് ഉറപ്പ് നല്കിയിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ജമ്മുകശ്മീരില് രാഷ്ട്രപതി ഭരണം ഏര്പ്പെടുത്തിയതും കോടതി ശരിവച്ചിട്ടുണ്ട്. 370 (3) പ്രകാരം 370 റദ്ദാക്കാന് രാഷ്ട്രപതിക്ക് അധികാരമുണ്ടെന്നും അതിനെ സുപ്രീംകോടതിക്ക് ചോദ്യം ചെയ്യാനാവില്ലെന്നും വിധിയില് പറയുന്നു.
ജമ്മു-കശ്മീരിന് പ്രത്യേകപദവി നല്കിയിരുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കിയതില് 16 ദിവസം വാദം കേട്ടശേഷമാണ് വിധി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് വിധി പറയുന്നത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷന് കൗള്, സഞ്ജീവ് ഖന്ന, ബി.ആര്. ഗവായ്, സൂര്യ കാന്ത് എന്നിവരടങ്ങിയതാണ് അഞ്ചംഗ ഭരണഘടനാബെഞ്ച്.