ചൈനയുടെ സമുദ്ര ഭീഷണികൾക്ക് അന്ത്യം കുറിക്കാൻ തക്ഷക് വരുന്നു; ഇന്ത്യയുടെ ഹെവി വെയ്റ്റ് ടോർപിഡോ ഉടനെയെത്തും
ലോക രാജ്യങ്ങളുടെ യുദ്ധ സമവാക്യങ്ങളെ മാറ്റിമറിക്കാൻ ശേഷിയുള്ള സുപ്രധാനമായ ചില പ്രഖ്യാപനവുമായി കഴിഞ്ഞ ദിവസം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ രംഗത്ത് വന്നിരുന്നു.
റഷ്യയുടെ ആണവായുധ ശേഖരത്തിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലുകളായ ബ്യൂറെ വെസ്റ്റ്നിക് ക്രൂയിസ് മിസൈലും പോസിഡോൺ അണ്ടർവാട്ടർ ഡ്രോണും പുറത്തിറക്കിയാണ് പുടിൻ ലോകരാജ്യങ്ങളെ ഞെട്ടിച്ചത്.
ഏതാണ്ട് അതെ സമയം തന്നെ പുതിയൊരു ആയുധവുമായി ഇന്ത്യയും എത്തിയിരുന്നു. കടലിന്റെ ആഴങ്ങളിൽ ആക്രമണം നടത്തുന്ന അന്തര്‍വാഹിനികളെ നേരിടാന്‍ പുതിയ ആയുധം ഇറക്കിയിരിക്കുകയാണ് ഇന്ത്യ.
800 മീറ്റര്‍ വരെ ആഴത്തില്‍ സഞ്ചരിക്കുന്ന അന്തര്‍വാഹിനികളെപ്പോലും വേട്ടയാടാന്‍ സാധിക്കുന്ന ഇലക്ട്രോണിക് ഹെവി വെയ്റ്റ് ടോര്‍പ്പിഡോയുടെ ആദ്യത്തെ വകഭേദമാണ് ഇന്ത്യ പുറത്തിറക്കിയത്. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ആണ് ഈ ടോര്‍പ്പിഡോ വികസിപ്പിച്ചത്.
ചെനയുടെ ടൈപ്പ് 093 ഷാങ്-ക്ലാസ് ന്യൂക്ലിയര്‍ അറ്റാക്ക് അന്തര്‍വാഹിനികളെ നേരിടാനുദ്ദേശിച്ചാണ് പുതിയ ടോര്‍പ്പിഡോ വികസിപ്പിച്ചത്. കടലില്‍ 700 മീറ്റര്‍ വരെ ആഴത്തില്‍ മുങ്ങാന്‍ സാധിക്കുന്നവയാണ് ടൈപ്പ് 093 ഷാങ്-ക്ലാസ് അന്തര്‍വാഹിനികള്‍. ഇപ്പോൾ ഇന്ത്യയുടെ പക്കലുള്ള ടോര്‍പ്പിഡോകള്‍ക്ക് പരമാവധി 600 മീറ്റര്‍ ആഴംവരെയെ എത്താനാകു.
ആ ഒരു പ്രശ്നമാണ് പുതിയ ആയുധത്തിലൂടെ ഇന്ത്യ പരിഹരിച്ചിരിക്കുന്നത്. മറികടന്നിരിക്കുന്നത്. തക്ഷക് എന്നാണ് ഈ ടോര്‍പ്പിഡോയ്ക്ക് പേരിട്ടിരിക്കുന്നത്. ഇന്ത്യന്‍ ഇതിഹാസങ്ങളില്‍ പറയുന്ന അഷ്ട നാഗങ്ങളിൽ ഒന്നായ, നാഗങ്ങളുടെ ഒരു രാജാവായ തക്ഷകനില്‍ നിന്നാണ് ഈ പേര് കടമെടുത്തിരിക്കുന്നത്. ഇന്ത്യയുടെ പക്കലുള്ള വരുണാസ്ത്ര എന്ന ടോര്‍പ്പിഡോയുടെ ലേറ്റസ്റ്റ് വേർഷനാണ് തക്ഷക്.
വിശാഖപട്ടണത്തുള്ള ഡിആര്‍ഡിഒയുടെ ഭാഗമായ നേവല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിക്കല്‍ ലബോറട്ടറി ആണ് തക്ഷകിനെ വികസിപ്പിച്ചത്. പരീക്ഷണത്തിന് തയ്യാറായ ഘട്ടത്തിലാണ് തക്ഷക് ഇപ്പോള്‍. അന്തിമ അനുമതി ലഭ്യമായാല്‍ ഉടന്‍ പരീക്ഷണം നടക്കും.
6.4 മീറ്റർ നീളമാണ് തക്ഷകിനുണ്ടാകുക. 300 കിലോ ഭാരമുള്ള പോര്‍മുന വഹിച്ച് 40 നോട്ടിക്കല്‍ മൈല്‍, അതായത് മണിക്കൂറില്‍ 74.08 കിലോമീറ്റര്‍ എന്ന വേഗതയില്‍ സഞ്ചരിക്കാന്‍ തക്ഷകിന് കഴിയും. സ്വയം ലക്ഷ്യം കണ്ടെത്താന്‍ സാധിക്കുന്ന തക്ഷകിന് 40 കിലോമീറ്റര്‍ പരിധിയില്‍ എവിടെയും ആക്രമണം നടത്താനാകും. അതിനൂതനമായ സോണാര്‍ സംവിധാനം, ടോര്‍പ്പിഡോകളെ തടയാനുള്ള സംവിധാനങ്ങളെ മറികടക്കാനുള്ള ഇലക്ട്രോണിക് കൗണ്ടര്‍ മെഷര്‍ പ്രതിരോധം എന്നിവയും തക്ഷകിനുണ്ട്.
ആഴത്തിലേക്ക് പോകുംതോറുമുള്ള മര്‍ദ്ദത്തെ അതിജീവിക്കാനായി ബലമേറിയ പുറംകവചമാണ് തക്ഷകിന് നല്‍കിയിട്ടുള്ളത്. സമ്മര്‍ദ്ദത്തെ മറികടന്ന് കാര്യക്ഷമമായി പ്രവര്‍ത്തിക്കാനുള്ള പ്രത്യേകതരം ബാറ്ററികളാണ് ഇതിലുപയോഗിക്കുന്നത്.
വര്‍ധിച്ചുവരുന്ന ചൈനീസ് ഭീഷണിക്ക് കൃത്യമായ പ്രതിരോധമാണ് തക്ഷക് ഉറപ്പുനല്‍കുന്നത്. ടൈപ്പ് 093 ഷാങ്-ക്ലാസ് അന്തര്‍വാഹിനികള്‍ക്ക് 650 മീറ്റര്‍ ആഴത്തില്‍ നിലയുറപ്പിച്ച് ക്രൂസ് മിസൈലുകള്‍ തൊടുക്കാന്‍ സാധിക്കും. ഇവയെ തിരിച്ചറിയുക എന്നത് വളരെ ശ്രമകരമാണ്. മാത്രമല്ല, 30 ദിവസത്തോളം തുടര്‍ച്ചയായി ഇവയ്ക്ക് കടലിനുള്ളില്‍ കഴിയാനും സാധിക്കും.
എന്നാൽ ഇത്തരം അന്തര്‍വാഹിനികളെയും കണ്ടെത്താന്‍ തക്ഷകിന് സാധിക്കും. 2027-ലോ 28-ലെ തക്ഷകിന്റെ പരീക്ഷണം വിശാഖപട്ടണത്ത് നടന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈന ഉയർത്തുന്ന സമുദ്ര ഭീഷണികൾ അതിജീവിക്കാൻ, രാജ്യത്തിന് വേണ്ടി സുപ്രധാനമായ പങ്ക് വഹിക്കുന്ന ഒന്നായിരിക്കും തക്ഷക്.













