യാത്രക്കാര്‍ ഇറങ്ങുന്നതിനിടയില്‍ വിമാനത്തിന് തീപിടിച്ചു; വീണ്ടും എയര്‍ ഇന്ത്യയിൽ അപകടങ്ങൾ

ഹോങ്കോങ്ങില്‍ നിന്നും ഡല്‍ഹിയിലേക്ക് എത്തിയ എയര്‍ ഇന്ത്യ 315 വിമാനത്തിന്റെ പിന്‍ഭാഗത്തിനു തീപിടിച്ചു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു തീപിടിച്ചത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
വിമാനത്തില്‍ നിന്നും യാത്രക്കാര്‍ പുറത്തിറങ്ങുന്നതിനിടയിലാണ് അഗ്നിബാധ ശ്രദ്ധയില്‍പെട്ടത്. വിമാനത്തിന്റെ ഓക്സിലറി പവര്‍ യൂണിറ്റിനാണ് തീപിടിച്ചത്.
എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ സംഭവമാണിത്. തിങ്കളാഴ്ച കൊച്ചി-മുംബൈ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയത് വാര്‍ത്തയായിരുന്നു. എഞ്ചിന് തകരാറിനെ തുടര്‍ന്നായിരുന്നു അപകടം.
സാങ്കേതിക തകരാറിനെ തുടര്‍ന്ന് ടേക്ക് ഓഫിന് അവസാന നിമിഷം ഡല്‍ഹി-കൊല്‍ക്കത്ത വിമാനവും റദ്ദാക്കി. ടേക്ക് ഓഫിനിടയിലാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്.
അതേസമയം, അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, ബോയിങ് വിമാനങ്ങളുടെ ഇന്ധന സ്വിച്ചുകളില്‍ നടത്തിയ പരിശോധനയില്‍ തകരാര്‍ കണ്ടെത്തിയില്ലെന്ന് എയര്‍ ഇന്ത്യ റിപ്പോര്‍ട്ട്. ബോയിംഗ് 787, ബോയിംഗ് 737 വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചിന്റെ ലോക്കിങ് സംവിധാനത്തിന്റെ പരിശോധനയ്ക്ക് ശേഷമാണ് എയര്‍ ഇന്ത്യയുടെ പ്രസ്താവന. വിമാനത്തിലെ ഇന്ധനസ്വിച്ചുകള്‍ക്ക് തകരാറില്ലെന്ന് എയര്‍ ഇന്ത്യ പറഞ്ഞു.
ഇന്ത്യയുടെ വ്യോമയാന നിരീക്ഷണ ഏജന്‍സിയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ നിര്‍ദേശത്തിന് പിന്നാലെയാണ് എയര്‍ഇന്ത്യ മുന്‍കരുതല്‍ പരിശോധനകള്‍ നടത്തിയത്. എയര്‍ ഇന്ത്യയും എയര്‍ലൈനിന്റെ അനുബന്ധ സ്ഥാപനമായ എയര്‍ ഇന്ത്യ എക്സ്പ്രസും ഡിജിസിഎ നിര്‍ദേശം പാലിച്ചതായും എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.