തുരുമ്പ് കയറി എപ്പോൾ വേണമെങ്കിലും ഒടിഞ്ഞു വീഴുന്ന അവസ്ഥയിലായ വിളക്കുകാലുകൾ

തെളിയില്ല എന്ന് ഉറപ്പുള്ള വിളക്കുകാലുകൾ എന്തിനാണ് ഇങ്ങനെ കാത്തുസൂക്ഷിക്കുന്നതെന്നു നാട്ടുകാർ.എംസി റോഡിലെ വിളക്കുകാലുകളും ദിശാബോർഡുകൾ, ട്രാഫിക് സിഗ്നൽ ലൈറ്റുകൾ എന്നിവ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പു തൂണുകളും തുരുമ്പ് കയറി എപ്പോൾ വേണമെങ്കിലും ഒടിഞ്ഞു വീഴുന്ന അവസ്ഥയിലാണു. പട്ടിത്താനം മുതൽ പുതുവേലി ചോരക്കുഴി പാലം വരെ 269 സൗരോർജ വിളക്കുകൾ. എംസി റോഡ് നവീകരണ സമയത്തു ഒരു വിളക്കിനു ഒരു ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണു സ്ഥാപിച്ചത്.ഇപ്പോൾ ഒരെണ്ണം പോലും തെളിയുന്നില്ല. ഏറ്റുമാനൂർ മുതൽ മൂവാറ്റുപുഴ വരെ സൗരോർജ വിളക്കിനായി മുടക്കിയത് 5 കോടിയിലധികം രൂപ. നിലവിൽ ചില സ്ഥലങ്ങളിൽ വിളക്കിന്റെ അവശിഷ്ടങ്ങളുണ്ട്. വിളക്കിന്റെ ഭാഗമായ സൗരോർജ പാനലുകളും ബാറ്ററികളും പൂർണമായി മോഷണം പോയി. പൊലീസ് അന്വേഷണം പോലും നടന്നില്ല. ദിശാബോർഡുകളുടെ അവസ്ഥയും ഇതു തന്നെ. സ്ഥാപിച്ചതിനു ശേഷം ഒന്നും ചെയ്തിട്ടില്ല. വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച സിഗ്നൽ ലൈറ്റുകളും പഴകി ദ്രവിച്ചു. സൗരോർജ വിളക്കുകളിൽ ചുരുക്കം ചിലതിൽ മാത്രമാണ് ബാറ്ററിയും സോളർ പാനലും ബാക്കിയുള്ളത്.ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന ബാറ്ററി വാഹനത്തിൽ കയറിനിന്നു മാത്രമേ ഇളക്കിയെടുക്കാൻ സാധിക്കുകയുള്ളൂ. തിരക്കേറിയ റോഡിൽ മോഷണം നടന്നിട്ടും ആരുമറിഞ്ഞില്ല. ഇപ്പോൾ തുരുമ്പിച്ച വിളക്കിന്റെ അവശിഷ്ടം യാത്രക്കാരുടെ തലയിൽ വീഴുന്ന അവസ്ഥയാണ്. സൗരോർജ വിളക്കുകളുടെ അറ്റകുറ്റപ്പണിക്കു പൊതുമരാമത്ത് വകുപ്പ് നടപടി ആരംഭിച്ചെങ്കിലും ജോലികൾ തുടങ്ങിയിട്ടില്ല. മൂവാറ്റുപുഴ മുതൽ ഏറ്റുമാനൂർ വരെ 2500 വിളക്കുകളുടെ നവീകരണവുമായി ബന്ധപ്പെട്ട സർവേയാണു പൂർത്തിയാക്കിയത്.