നാണക്കേട് കാരണം ഗ്രാമത്തിൻറെ പേര് മാറ്റാൻ ഓടുന്ന നാട്ടുകാർ; ഒരൊറ്റ മുസ്ലിം പോലും ഇല്ലാത്ത ഇന്ത്യയിലെ പാകിസ്ഥാൻ ഗ്രാമം

നമ്മുടെ രാജ്യത്തും ഒരു പാകിസ്ഥാൻ എന്ന ഒരു ഗ്രാമം ഉണ്ട്. ബീഹാർ സംസ്ഥാനത്ത് പൂർണിയ ജില്ലയിലെ ഒരു ഗ്രാമമാണ് പാകിസ്താൻ. ഇന്ത്യാ-പാക് വിഭജനത്തെത്തുടർന്ന്, 1947 ൽ അന്നത്തെ കിഴക്കൻ പാകിസ്ഥാനിലേക്ക്, അതായത് ഇന്നത്തെ ബംഗ്ലാദേശിലേക്ക് കുടിയേറിയ മുസ്ലീങ്ങളുടെ ഓർമ്മക്കായാണ് ഈ ഗ്രാമത്തിന് “പാകിസ്താൻ” എന്ന് പേരിട്ടത്. പാകിസ്ഥാൻ ട്ടോല എന്നാണ് ഗ്രാമം അറിയപ്പെടുന്നത്.
സ്വാതന്ത്രം കിട്ടിയ ശേഷം, ഇവിടുള്ളവർ കിഴക്കൻ പാകിസ്ഥാനിലേക്ക് കുടിയേറാൻ പോയപ്പോൾ അവരുടെ ഭൂമിയെല്ലാം, അടുത്തുള്ള സാന്താൾ എന്ന ഗോത്ര വർഗക്കാർക്ക് ദാനമായി നൽകി. തങ്ങൾക്ക് താമസിക്കാനും കൃഷിചെയ്യാനും ഭൂമി സൗജന്യമായി നൽകിയ ആ മനുഷ്യരോടുള്ള നന്ദി സൂചകമായി അവർ ഗ്രാമത്തിന് പാകിസ്ഥാൻ ടോല എന്ന് പേരിട്ടു.
പൂർണിയ ജില്ല ആസ്ഥാനത്തുനിന്ന് 30 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം. അധികം വെള്ളമൊന്നും ഇല്ലാത്ത ഒരു നദിയാണ് ഈ ഗ്രാമത്തെ പുറംലോകത്തിൽ നിന്ന് മാറ്റി നിർത്തുന്നത്. നദിക്ക് മുകളിലൂടെയുള്ള പാലമാണ് പുറംലോകത്തേക്കുള്ള ഏക കണക്ഷൻ. ഗ്രാമത്തിൽ യാതൊരു വിധത്തിലുള്ള ആധുനിക സൗകര്യങ്ങളുമില്ല. ആകെയുള്ള ഒരു സ്കൂൾ കിലോമീറ്ററുകൾ അകലെ പട്ടണത്തിലാണ്.
വികസനം തീരെ ഇല്ലാത്ത ഒരു ഇടമാണ് ഈ പാകിസ്ഥാൻ ട്രോള. ഏഴാം ക്ളാസ് കഴിഞ്ഞാൽ പെൺകുട്ടികളുടെ പഠിത്തം അവസാനിക്കും. ഇവിടെ നല്ല ആശുപത്രിയില്ല, ബസ് സർവീസില്ല. പല സ്കീമുകളും വന്നെങ്കിലും ഒന്നും നടപ്പിലാകുന്നില്ല. ഇലക്ഷൻ വരുമ്പോൾ എന്തെങ്കിലും വാഗ്ദാനങ്ങൾ നൽകി വോട്ടു ചോദിയ്ക്കാൻ മാത്രമേ രാഷ്ട്രീയക്കാരും ഇവിടേക്ക് വരാറുള്ളൂ എന്നാണ് ഗ്രാമീണർ പറയുന്നത്.
ഇരുപത്തഞ്ചോളം സാന്താൾ കുടുംബങ്ങളിലായി ആകെ ആയിരത്തിൽ പരം ആളുകൾ ഇവിടെ താമസിക്കുന്നു. അയൽ ഗ്രാമങ്ങൾ എന്നും പരിഹാസത്തോടെ മാത്രം പറയുന്ന പേരാണ് പാകിസ്ഥാൻ ടോല എന്ന ഗ്രാമത്തിന്റേത്. അവിടേക്ക് ആർക്കും മക്കളെ വിവാഹം ചെയ്തയക്കാൻ താല്പര്യമില്ല. അതേപോലെ അവിടുന്ന് വിവാഹം ചെയ്ത കൊണ്ടുവരാനും.
തങ്ങളുടെ ഗ്രാമത്തിന്മേൽ അനാവശ്യമായി കെട്ടിവെച്ച പാകിസ്ഥാൻ എന്ന പേര് മാറ്റുവാൻ വേണ്ടി ഏറെനാളായി അവർ ശ്രമിക്കുന്നുണ്ട്. പേര് പാകിസ്താനെന്നാണെങ്കിലും, ഇവിടെ താമസിക്കുന്ന സാന്താൾ ഗോത്രക്കാർ തികഞ്ഞ ഹിന്ദുമത വിശ്വാസികളാണ്. ഒരൊറ്റ മുസ്ലിങ്ങളും ഇന്നിവിടെ താമസമില്ല. പേരിനൊരു പള്ളി പോലും ഇവിടെയില്ല. എന്നിട്ടും ഈ പ്രദേശം അറിയപ്പെട്ടിരുന്നത് പാകിസ്ഥാൻ എന്നായിരുന്നു. തങ്ങൾക്ക് സ്ഥലം ദാനമായി നൽകി ബംഗ്ളാദേശിലേക്ക് കുടിയേറിയ തങ്ങളുടെ മുസ്ലിം സ്നേഹിതരോടുള്ള നന്ദിസൂചകമായി ഇട്ട ‘പാകിസ്ഥാൻ ടോലാ’ എന്ന ഈ സ്ഥലപ്പേര് അവരുടെ പുതുതലമുറയ്ക്ക് ഒരു ബാധ്യതയായി മാറിയിരിക്കുകയാണ്.
മറ്റുള്ള ഗ്രാമക്കാർ “പാക്കിസ്ഥാനികൾ” എന്ന് വിളിച്ച് അപമാനിക്കുകയും വിവാഹം ഒക്കെ ഒരു പ്രശ്നം ആകുകയും ചെയ്തതോടെ ഗ്രാമത്തിന്റെ പേര് മാറ്റാനും ശ്രമം നടന്നു. സർക്കാർ രേഖകളിൽ പാകിസ്താൻ എന്ന് ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്ന ഈ ഗ്രാമത്തിന്റെ പേര്, ബിർസ നഗർ എന്ന് പുനർനാമകരണം ചെയ്യണമെന്ന് ആവശ്യങ്ങൾ ഉയർന്നെങ്കിലും ഇതുവരെ പേര് മാറ്റിയിട്ടില്ല.
ജില്ലയുടെ മൊത്തത്തിലുള്ള സാക്ഷരതാ നിരക്ക് 35.51ശതമാനം ആണ്.
പാക്കിസ്ഥാന്റെ പേര് ഈ ഗ്രാമത്തിന് ലഭിച്ചതിനു പിറകിൽ മത സൗഹാർദ്ധത്തിന്റേയും സാഹോദര്യത്തിന്റേയും ചരിത്രം ആണെങ്കിൽ കൂടി, ഇന്നത്തെ മാറിയ സാഹചര്യങ്ങളിൽ നാട്ടുകാർക്ക് ഈ പേര് വലിയ ഒരു തലവേദന തന്നെയാണ്. അതുകൊണ്ട് തന്നെ ബീഹാർ സർക്കാരിന് ഗ്രാമത്തിന്റെ പേര് മാറ്റുവാൻ വീണ്ടും അപേക്ഷ നൽകിയിരിക്കുകയാണ് ഇവിടുത്തെ നാട്ടുകാർ.