അക്രമ സംഭവങ്ങളുണ്ടായി, സഹോദരിമാരുടെ അഭിമാനത്തിന് ക്ഷതമുണ്ടായി; പ്രധാനമന്ത്രി
സ്വാതന്ത്ര്യദിനാഘോഷ പ്രസംഗത്തില് മണിപ്പുരിനെ പരാമര്ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിപ്പുരില് അക്രമ സംഭവങ്ങളുണ്ടായെന്ന് പ്രധാനമന്ത്രി പറഞ്ഞു. സഹോദരിമാരുടെ അഭിമാനത്തിന് ക്ഷതമുണ്ടായെന്നും, നിരവധി പേര് കൊല്ലപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
‘രാജ്യം മണിപ്പൂരിലെ ജനങ്ങള്ക്കൊപ്പമാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളില് മണിപ്പുരില് അക്രമത്തിന്റെ തിരമാലകള് കണ്ടു. നിരവധി ആളുകള്ക്ക് ജീവന് നഷ്ടപ്പെട്ടു. നമ്മുടെ അമ്മമാരും സഹോദരമാരും അപമാനിക്കപ്പെടുകയും ചെയ്തു. എന്നാലിപ്പോള്, മേഖലയില് സമാധാനം പതുക്കെ തിരിച്ചുവരുന്നു. ഇന്ത്യ മണിപ്പൂരിനൊപ്പം നില്ക്കുന്നു. പരിഹാരം കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്രവും സംസ്ഥാന സര്ക്കാരും നടത്തുന്നുണ്ട്’. പ്രധാനമന്ത്രി വ്യക്തമാക്കി.
അതേസമയം, ജനസംഖ്യ, ജനാധിപത്യം, വൈവിധ്യം ഇവ മൂന്നും ചേര്ന്ന് രാജ്യത്തിന്റെ സ്വപ്നങ്ങള് സാക്ഷാത്കരിക്കാനുള്ള കഴിവുണ്ടെന്നും, ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില് തങ്ങളുടെ സംഭാവനകള് നല്കിയ എല്ലാ ധീരഹൃദയര്ക്കും ഞാന് എന്റെ ആദരാഞ്ജലികള് അര്പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്ത്തു.