ഇന്ത്യയില്‍ തുടര്‍ പഠനത്തിന് അവസരം വേണം; ആവശ്യവുമായി യുക്രൈനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍
യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ തുടർന്ന് പഠനം മുടങ്ങിയ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ പഠനം പൂര്‍ത്തിയാക്കാന്‍ അവസരം ഒരുക്കുന്നമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു. വിദ്യാർഥികളുടെ തുടർ പഠനം സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരോ, ദേശിയ മെഡിക്കല്‍ കമ്മീഷനോ ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് ഹര്‍ജി. ഇന്ത്യന്‍ മെഡിക്കല്‍ കോ ളേജുകളില്‍ തുടര്‍ പഠനത്തിന് മാര്‍ഗ്ഗരേഖ തയ്യാറാക്കാന്‍ ദേശിയ മെഡിക്കല്‍ കമ്മീഷനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.
യുക്രൈനില്‍ നിന്ന് മടങ്ങിയ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികളുടെ സംഘടനയായ ഓള് കേരള യുക്രൈന് മെഡിക്കല്‍ സ്റ്റുഡന്റസ് ആന്‍ഡ് പാരന്റ്സ് അസോസിയേഷനാണ് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. തുടര്‍ വിദ്യാഭ്യാസം സംബന്ധിച്ച് നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും ദേശിയ മെഡിക്കല്‍ കമ്മീഷന്റെ ഭാഗത്തുനിന്ന് ഒരു മറുപടിയും ലഭിക്കുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ആയിരക്കണക്കിന് വിദ്യാര്‍ഥികളെ ബാധിക്കുന്ന വിഷയമായിട്ടും പുനഃരധിവാസത്തിന് നയമോ, മാനദണ്ഡമോ കമ്മീഷന് രൂപീകരിക്കുന്നില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മടങ്ങിയെത്തിയ വിദ്യാര്‍ഥികളെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശിപ്പിക്കുമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒഡിഷ, തമിഴ് നാട്, ജാര്‍ഖണ്ഡ്, തെലുങ്കാന സര്‍ക്കാരുകളും വിദ്യാര്‍ഥികളെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശിപ്പിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ദേശിയ തലത്തില്‍ ഒരു നയം ഇല്ലാത്തതിനാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനം നടപ്പിലാക്കാന്‍ സാധിക്കുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ കുറ്റപ്പെടുത്തുന്നു.
612 മെഡിക്കല്‍ കോളേജുകളാണ് ഇന്ത്യയിലുള്ളത്. ഓരോ കോളേജുകളിലും അഞ്ച് വര്‍ഷങ്ങളിലായുള്ള വിവിധ ബാച്ചുകളില്‍ അധികമായി ആറ് വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചാല്‍ യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇന്ത്യയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് വിദ്യാര്‍ഥികളുടെ വാദം.
യുക്രൈനിലെ പല മെഡിക്കല്‍ കോളേജുകളിലും മാര്‍ച്ച് മാസം മുതല്‍ ഓണ്‍ലൈന്‍ പഠനം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ കണക്ടിവിറ്റി പ്രശനങ്ങളും, യുദ്ധ സാഹചര്യങ്ങളും കാരണം ഓണ്‍ലൈന്‍ പഠനത്തിന്റെ ഗുണനിലവാരം മോശമാണ്. ഓഫ്ലൈന് ക്ളാസ്സുകള്‍ ആരംഭിക്കാമെന്ന് യുക്രൈനിലെ ചില മെഡിക്കല്‍ സര്‍വ്വകലാശാലകള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ യുക്രൈനിലേക്ക് യാത്ര ചെയ്യരുതെന്നാണ് കീവിലെ ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുള്ളത് എന്നും വിദ്യാഥികള്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
യുക്രൈന്, ചൈന എന്നീ രാജ്യങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ഇന്ത്യയില്‍ മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഫോറിന് മെഡിക്കല്‍ ഗ്രാജുവേറ്റ് പരീക്ഷ എഴുതാന്‍ അനുവദിക്കാമെന്ന് ദേശിയ മെഡിക്കല്‍ കമ്മീഷന് സുപ്രീം കോടതിയെ നേരത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പഠനം പൂര്‍ത്തിയാക്കാത്ത മറ്റ് ബാച്ചുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ സംബന്ധിച്ച് കമ്മീഷന് ഇതുവരെയും നിലപാട് സ്വീകരിച്ചിട്ടില്ല.
Content Highlights – Ukraine students approached the Supreme Court, Demanding that an opportunity complete their studies in India