ഡൽഹിയുടെ പേര് ”ഇന്ദ്രപ്രസ്ഥ” എന്നാക്കാൻ വിശ്വഹിന്ദു പരിഷത്ത്; മലിനീകരണം, അക്രമങ്ങൾ, റോഡപകടങ്ങൾ എന്നിവയിൽ മുന്നിൽ നിൽക്കുന്ന ഡൽഹിയുടെ പേരിനാണോ പ്രശ്നം???

രാജ്യത്തിൻറെ തലസ്ഥാനമായ ഡൽഹിയുടെ പേര് ഇന്ദ്രപ്രസ്ഥ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ടു വിശ്വഹിന്ദു പരിഷത് സർക്കാരിനു കത്തു നൽകി. പുരാതന ചരിത്രവും സംസ്കാരവുമായുള്ള ബന്ധം കാത്തു സൂക്ഷിക്കുന്നതിന് ഇന്ദ്രപ്രസ്ഥ എന്ന പേരാണ് ഉചിതമെന്നു ചൂണ്ടിക്കാട്ടിയാണു വിഎച്ച്പി സംസ്ഥാന ഘടകം സാംസ്കാരിക മന്ത്രി കപിൽ മിശ്രയ്ക്കു കത്തു നൽകിയത്.
ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്റെ പേര് ഇന്ദ്രപ്രസ്ഥ രാജ്യാന്തര വിമാനത്താവളം എന്നാക്കണം, ഓൾഡ് ഡൽഹി സ്റ്റേഷന്റെ പേരും ഇന്ദ്രപ്രസ്ഥ എന്നു മാറ്റണം, ഷാജഹാനാ ബാദ് ഡവലപ്മെന്റ് ബോർഡിന്റെ പേരും ഇന്ദ്രപ്രസ്ഥ ഡവലപ്മെന്റ് ബോർഡ് എന്നാക്കണമെന്നു വിഎച്ച്പി ഡൽഹി സെക്രട്ടറി സുരേന്ദ്ര കുമാർ ഗുപ്ത നൽകിയ കത്തിലുണ്ട്.
‘ഡൽഹി എന്നു പറയുമ്പോൾ വെറും 2000 വർഷത്തെ ചരിത്രം മാത്രമേ അടയാളപ്പെടുത്തുന്നുള്ളൂ. എന്നാൽ, ഇന്ദ്രപ്രസ്ഥ എന്നു പറയുമ്പോൾ 5000 വർഷങ്ങൾക്കപ്പുറമുള്ള ചരിത്രവും പാരമ്പര്യവും തെളിയും’–എന്നാണ് ഈ ഗുപ്ത പറയുന്നത്.
കൂടാതെ ഡൽഹി ഹെറിറ്റേജ് വോക്കിൽ ഹിന്ദു രാജാക്കന്മാരുടെ സ്മാരകങ്ങളും ക്ഷേത്രങ്ങളും ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ദൽഹി എന്ന് കേൾക്കുമ്പോൾ രാജ്യത്തിൻറെ തലസ്ഥാനം എന്നത് മാറ്റി നിർത്തിയാൽ ക്രിമിനലുകൾ വാഴുന്ന ഒരു സ്ഥലമാണ് ഓർമ്മ വരുന്നത്. നിർഭയ കേസും അതുപോലുള്ള മറ്റ് നിരവധി ക്രൈമുകളും നടക്കുന്ന സ്ഥലമാണ് ദൽഹി. അതിലും ഭീകരമാണ് അവിടുത്തെ അന്തരീക്ഷ മലിനീകരണം.
ഇത്തവണ ദീപാവലി പ്രമാണിച്ച് പടക്കങ്ങൾക്ക് കടുത്ത നിയന്ത്രണമാണ് ഡൽഹിലി ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ദീപാവലിക്ക് തൊട്ടുപിന്നാലെ ആഗോള അന്തരീക്ഷ മലിനീകരണ റാങ്കിംഗിൽ ഡൽഹി ഒന്നാമത് എത്തിയിരുന്നു.
പടക്കം പൊട്ടിക്കുന്നതിന് നിരോധനവും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടും ആളുകൾ കരിമരുന്ന് ഉപയോഗിച്ച് നടത്തിയ ആഘോഷങ്ങളാണ് ഡൽഹിക്ക് ലോകത്തിലെ ഏറ്റവും മലിനമായ നഗരം എന്ന കുപ്രസിദ്ധി സമ്മാനിച്ചത്. ഒന്നാം സ്ഥാനത് ഡൽഹി വന്നപ്പോൾ പാകിസ്താനിലെ ലാഹോർ രണ്ടാമതായി. മൂന്നാമത് ചൈനയിലെ ബെയ്ജിങ് ആയിരുന്നു.
ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹി, റോഡപകടങ്ങളുടെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും അപകടകരമായ നഗരമാണ്. രാജ്യത്തെ 53 നഗരങ്ങളിൽ ഏറ്റവും സുരക്ഷിതമല്ലാത്തതും യാത്രക്കാർക്ക് ഏറ്റവും മാരകവുമായ റോഡുകൾ ഡൽഹിയിലാണെന്ന് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കുന്നു. ഡൽഹിയിലെ റോഡുകളിൽ പ്രതിദിനം ശരാശരി നാല് പേർ മരിക്കുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്യുന്നു എന്നാണ് കണക്കുകൾ.
ഡൽഹിയിൽ 15 ദശലക്ഷത്തിലധികം വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ ആകെ എണ്ണത്തിന് തുല്യമാണിത്. ഈ വാഹനങ്ങളുടെ ബാഹുല്യവും, പരിമിതമായ റോഡ് സൗകര്യങ്ങളും കൂടിയാകുമ്പോൾ ദൽഹി അപകടങ്ങളുടെ ഒരു ഹോട്ട്സ്പോട്ടായി മാറുകയാണ്.
അപകടം പോലെ അഴിമതിയുടെയും നാടാണ് ദൽഹി. ഡൽഹിയിൽ ആകെ 70 എംഎൽഎ മാരാണ് ഉള്ളത്. ഇപ്പോളുള്ള ഈ എഴുപത് എംഎൽഎമാരുടെ ആകെ ആസ്തി എന്ന് പറയുന്നത് 1542 കോടി രൂപയാണ്. അതായത് ഒരു എംഎൽഎയുടെ ശരാശരി സ്വത്തിന്റെ മൂല്യം 22 കോടി രൂപയാണ്.
അതിൽ ആം ആദ്മി എം.എൽ.എമാരുടെ സ്വത്തിന്റെ മൂല്യം 7.74 കോടിയാണ്. എന്നാൽ ബി.ജെ.പി എം.എൽ.എമാരുടേ ആസ്തി ഇതിലും നാലിരട്ടിയാണ്. 28.59 കോടി രൂപയാണ് ബിജെപി എംഎൽഎമാരുടെ ശരാശരി ആസ്തി.
അഴിമതി, കുറ്റകൃത്യങ്ങൾ, അന്തരീക്ഷ മലിനീകരണം, അപകടങ്ങൾ എന്നീ കാര്യത്തിലൊക്കെ മുന്നിൽ നിൽക്കുന്ന ഡൽഹിയുടെ പേരല്ല മാറ്റേണ്ടത്. പേര് മാറ്റി ഇന്ദ്രപ്രസ്ഥ എന്നാക്കിയാൽ, ബോർഡുകളിൽ ഒഴികെ ഒരു മാറ്റവും അവിടെ ഉണ്ടാകാൻ പോകുന്നില്ല. മാറേണ്ടത് ദൽഹി തന്നെയാണ്. അവിടുത്തെ സിസ്റ്റമാണ്.