അരമണിക്കൂർ കൊണ്ട് തകർന്ന് വീണത് യുദ്ധവിമാനവും ഹെലികോപ്റ്ററും; ദക്ഷിണ ചൈനാ കടലിൽ കത്തിയമർന്നത് ട്രംപിൻറെ അഹങ്കാരം
ദക്ഷിണ ചൈനാക്കടലിൽ അമേരിക്കൻ സേനയുടെ ഹെലികോപ്ടറും, യുദ്ധ വിമാനവും തകർന്നു വീണതിൽ രൂക്ഷമായി പ്രതികരിക്കുകയാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇത് ഒരു അസ്വാഭാവിക സംഭവമാണെന്നും പോർ വിമാനവും ഹെലികോപ്ടറും തകർന്ന് വീഴാനുള്ള കാരണം എന്താണെന്ന് അമേരിക്ക ഉറപ്പായും കണ്ടുപിടിക്കുമെന്നും അദ്ദേഹം പറയുന്നു.
മോശം ഇന്ധനമാണ് ഇതിന് കാരണമെന്ന് സംശയിക്കുന്നുവെന്നും അമേരിക്ക ഒന്നും ഒളിച്ച് വെക്കില്ലെന്നും ട്രംപ് പ്രതികരിച്ചു. ജപ്പാനിൽ നിന്ന് മലേഷ്യയിലേക്കുള്ള യാത്രക്കിടെ എയർഫോഴ്സ് വണ്ണിൽ വച്ചായിരുന്നു യു എസ് പ്രസിഡന്റിന്റെ പ്രതികരണം.
അര മണിക്കൂർ ഗ്യാപ്പിലാണ് അമേരിക്കൻ നാവികസേനയുടെ ഒരു ഹെലികോപ്റ്ററും, ഒരു യുദ്ധവിമാനവും തെക്കൻ ചൈനാക്കടലിൽ തകർന്നു വീണത്. നാവിക യുദ്ധക്കപ്പൽ യു എസ് എസ് നിമിറ്റ്സിൽ നിന്ന് പറന്നുയർന്ന എം എച്ച് 60 ആർ സീ ഹോക്ക് ഹെലികോപ്റ്റർ പ്രാദേശിക സമയം രണ്ടേ മുക്കാലോടെയാണ് തകർന്ന് കടലിൽ വീണത്.
അര മണിക്കൂർ തികയും മുമ്പേ ഇതേ യുദ്ധക്കപ്പലിൽ നിന്ന് പറന്നുയർന്ന എഫ് എ 18 എഫ് സൂപ്പർ ഹോർണറ്റ് യുദ്ധ വിമാനവും തകർന്ന് വീഴുകയായിരുന്നു. ഹെലികോപ്റ്ററിലും വിമാനത്തിലുമുണ്ടായിരുന്ന മുഴുവൻ പേരും സുരക്ഷിതരാണെന്നാണ് അമേരിക്കൻ നാവികസേന അറിയിക്കുന്നത്. എന്താണ് സംഭവിച്ചതെന്നതിനെ പറ്റി കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഹെലികോപ്ടറും യുദ്ധവിമാനവും നിരീക്ഷണ പറക്കൽ നടത്തുന്നതിൻറെ ഇടയിലാണ് അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന നാവിക സേനാ ഉദ്യോഗസ്ഥർ സ്വയം ഇജക്ട് ചെയ്തതാണ് ആളപായം ഒഴിവാക്കിയത് എന്നും പറയുന്നു.
ഈ ദക്ഷിണ ചൈനാക്കടൽ അല്പം കുഴപ്പം പിടിച്ച സ്ഥലമാണ്. ഈ കടലിൽ ചൈന, വിയറ്റ്നാം, ഫിലിപ്പീൻസ്, മലേഷ്യ, ബ്രൂണൈ, തായ്വാൻ അടക്കമുള്ള രാജ്യങ്ങൾ അവകാശ വാദങ്ങൾ ഉന്നയിക്കുന്നുണ്ട്. എന്നാൽ ചൈനയാണ് നിർണായക മേഖലകളിൽ ഉടമസ്ഥാവകാശം സ്ഥാപിച്ചിട്ടുള്ളത്. അന്താരാഷ്ട്ര കോടതി വിധികളെ ലംഘിച്ച് കൂടിയാണ് ചൈന ഈ കടലിൽ ഉടമസ്ഥാവകാശം സ്ഥാപിച്ചിരിക്കുന്നത്. ഇത് ഒരു അന്താരാഷ്ട്ര ജലപാതയാക്കാനുള്ള അമേരിക്കയുടെ ശ്രമിങ്ങൾക്ക് വെല്ലുവിളി ആയി വന്നതും ചൈന തന്നെയാണ്.
ഇങ്ങനെ അമേരിക്കയും ചൈനയും തമ്മിൽ തർക്കം നിലനിൽക്കുന്ന അതീവ സെൻസിറ്റീവ് മേഖലയായ ദക്ഷിണ ചൈനാ കടലിൽ വിമാന ത്തിന്റെയും കോപ്ടറിന്റെയും സാന്നിധ്യം നിരവധി ചോദ്യങ്ങളാണ് ഉയർത്തുന്നത്. അമേരിക്ക ഈ അപകടങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആ സമയത്ത് അവിടെ വിമാനം എന്താണ് ചെയ്തിരുന്നത് എന്ന കാര്യം പറഞ്ഞിട്ടില്ല. എന്നാൽ, സൈനിക പ്രകടനത്തിനിടെ വിമാനം തകർന്നതായി ചൈനയുടെ വിദേശകാര്യ മന്ത്രാലയം പറയുന്നുണ്ട്.
ചൈന അവകാശവാദമുന്നയിക്കുന്ന ദക്ഷിണ ചൈനാ കടലിൽ അമേരിക്ക പതിവായി സ്വാതന്ത്ര നാവിഗേഷൻ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അന്താരാഷ്ട്ര നിയമം അനുവദിക്കുന്ന എല്ലായിടത്തും പറക്കാനും കപ്പൽ കയറ്റാനും എല്ലാ രാജ്യങ്ങൾക്കും അവകാശം ഉണ്ടെന്നാണ് അമേരിക്ക പറയുന്നത്.
എന്നാൽ, അത്തരം പ്രവർത്തനങ്ങൾ നിയമവിരുദ്ധമെന്നാണ് ചൈനയുടെ നിലപാട്.
യു.എസ്.എസ് നിമിറ്റ്സ്, ഇപ്പോൾ ഉള്ളതിൽ ഏറ്റവും പഴക്കം ചെന്ന അമേരിക്കൻ വിമാനവാഹിനിക്കപ്പലാണ്. ഇത് അടുത്ത വർഷം സേവനം അവസാനിപ്പിക്കും എന്നാണ് കരുതുന്നത്. യമനിലെ ഹൂതികൾ നടത്തുന്ന കപ്പലുകൾക്കു നേരെയുള്ള ആക്രമണങ്ങൾ തടയാൻ വേനൽക്കാലത്ത് കൂടുതൽ സമയവും ഈ കപ്പൽ മിഡിൽ ഈസ്റ്റിലായിരുന്നു. അതിനുശേഷം വാഷിങ്ടൺ സംസ്ഥാനത്തുള്ള സ്വന്തം തുറമുഖത്തേക്ക് മടങ്ങുകയാണ് ഈ കപ്പൽ. അതിനിടെയാണ് ഈ സംഭവം അരങ്ങേറുന്നത്.
ഈ വർഷം അമേരിക്കൻ നാവികസേനക്ക് നഷ്ടപ്പെട്ട 60 മില്യൻ ഡോളർ വിലവരുന്ന യുദ്ധവിമാനങ്ങളിൽ നാലാമത്തേതാണ് എഫ്/എ-18. കഴിഞ്ഞ ഡിസംബറിൽ ഗൈഡഡ് മിസൈൽ ക്രൂയിസറായ ‘യു.എസ്.എസ് ഗെറ്റിസ്ബർഗ് ട്രൂമാനിൽ’ നിന്ന് ഒരു എഫ്/എ-18 ജെറ്റ് അബദ്ധത്തിൽ വെടിവച്ചു വീഴ്ത്തിയിരുന്നു. ഏപ്രിലിൽ, മറ്റൊരു എഫ്/എ-18 യുദ്ധവിമാനം ട്രൂമാന്റെ ഡെക്കിൽ നിന്ന് തെന്നിമാറി ചെങ്കടലിൽ വീണിരുന്നു.
ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിൻങുമായി ഏഷ്യൻ സന്ദർശനത്തിനിടെ ഡോണാൾഡ് ട്രംപ് കൂടിക്കാഴ്ച നടത്താനിരിക്കെയാണ് അപകടമുണ്ടായത് എന്ന കാര്യം ശ്രദ്ധേയമാണ്. ദക്ഷിണ കൊറിയയിൽ വച്ച് വ്യാഴാഴ്ചയാണ് ഇരുനേതാക്കളുമായുള്ള കൂടിക്കാഴ്ച നടക്കുന്നത്.












