ഗാസയിലെ ഒറ്റുകാരനും ഇസ്രായേൽ ഏജന്റുമായ അബു ഷബാബ് കൊല്ലപ്പെട്ടു; ഹമാസ് അല്ല കൊലപ്പെടുത്തിയതെന്ന് ഇസ്രായേൽ വാദം
ഗാസയിൽ ഇസ്രയേലിൻറെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹമാസ് വിരുദ്ധ സായുധ സംഘത്തിന്റെ നേതാവ് കൊല്ലപ്പെട്ടതായി സ്ഥിരീകരണം. തെക്കൻ ഗാസയിലെ റാഫയിലെ ഒരു പ്രദേശമാകെ നിയന്ത്രിക്കുന്ന സായുധ സംഘത്തിന്റെ നേതാവ് യാസർ അബു ഷബാബ് ആണ് കൊല്ലപ്പെട്ടത്. ഒരു കുടുംബ വഴക്ക് പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകം ഉണ്ടായതെന്ന പറയുന്നു. എന്നാൽ ഹമാസല്ല യാസർ അബു ഷബാബിനെ കൊലപ്പെടുത്തിയതെന്നും ഗാസയിലെ ആഭ്യന്തര സംഘര്‍ഷങ്ങളാണ് കാരണമെന്നും ഇസ്രയേലി വൃത്തങ്ങൾ നേരത്തെ പറഞ്ഞിരുന്നു.
ഗാസയിലെ ഇസ്രയേലി പിന്തുണയുള്ള നിരവധി സായുധ സംഘങ്ങളുടെ നേതാവായിരുന്നു കൊല്ലപ്പെട്ട അബു ഷബാബ്. ഇയാളുടെ മരണം ഗാസയിലെ ഇസ്രയേലിന്റെ പദ്ധതികള്‍ക്ക് തിരിച്ചടിയാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗാസ വിരുദ്ധനെന്നാണ് അബു ഷബാബിനെ ഹമാസ് വിശേഷിപ്പിച്ചിരുന്നത്. പലപ്പോളും ഇയാളെ ഹമാസ് ഉന്നം വെച്ചതുമാണ്. എന്നാലും ഇയാളുടെ മരണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഹമാസ് ഏറ്റെടുത്തിട്ടില്ല.
ഹമാസിനെ ദുർബലപ്പെടുത്തുക എന്നതാണ് അബു ഷബാബിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ഉപയോഗിച്ച് ഇസ്രയേല്‍ ചെയ്തിരുന്നത്. ഇസ്രയേൽ അധിനിവേശ ഗാസയ്ക്കുള്ളിലെ പുനർനിർമ്മാണ പ്രവര്‍ത്തനങ്ങളുടെ സുരക്ഷാ ചുമതലയും പോപ്പുലർ ഫോഴ്സ് എന്നറിയപ്പെടുന്ന ഈ സംഘടനയ്ക്കാണ്. ഹമാസ് വിരുദ്ധ ശക്തികളായി സ്വയം അവകാശപ്പെടുന്നവരാണ് ഈ സായുധ സംഘങ്ങൾ. അതേസമയം ഇസ്രയേൽ സൈന്യത്തിന്റെ ഉപകരണങ്ങളായാണ് പലസ്തീനികൾ ഇവരെ കാണുന്നത്.
ഗാസയിലെ ഏറ്റവും ശക്തമായ ഗോത്രങ്ങളിൽ ഒന്നായ തറാബിൻ ഗോത്രത്തിലെ അംഗം കൂടിയാണ് കൊല്ലപ്പെട്ട യാസർ അബു ഷബാബ്. ഗസ്സയിലെ ഹമാസ് അനുകൂല കുടുംബത്തില്‍ ജനിച്ച യാസിര്‍ പിന്നീട് ഇസ്റാഈലിന്റെ ഒറ്റുകാരനായി മാറുകായിരുന്നു. അവനുമായി ഇനി കുടുംബത്തിന് ഒരു ബന്ധവുമില്ലെന്ന് അബൂ ശബാബ് കുടുംബം മുന്‍പ് അറിയിക്കുകയും ചെയ്തിരുന്നു.
ലഹരി കടത്ത്, മോഷണം തുടങ്ങിയവ ആരോപിച്ച് 2015 ൽ ഹമാസ് ഇയാളെ പിടികൂടി 25 വർഷത്തേക്ക് ജയിലിൽ അടച്ചിരുന്നു. എന്നാൽ ഇയാൾ പിന്നീട് ജയിൽ ചാടിയ ശേഷം സായുധ സംഘടനയെ നയിക്കുകയായിരുന്നു. ഹമാസിനെ എല്ലായ്പ്പോളും പരസ്യമായി എതിര്‍ക്കുകയും ചെയ്യുന്ന ആളാണ് യാസർ അബു ഷബാബ്. അതുകൊണ്ട് തന്നെ ഗാസയിൽ ഹമാസ് വധിക്കാനുദ്ദേശിക്കുന്ന ആളുകളുടെ ലിസ്റ്റിൽ ഒന്നാമതായി തന്നെ യാസർ അബു ഷബാബ് ഉണ്ടായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്
എന്തായാലും ഗാസയിലെ ഹമാസ് വിരുദ്ധ ചേരി ഇയാളുടെ മരണത്തോടെ ദുർബലമാകും.
ഈ കൊലപാതകം ഗാസയുടെ ആഭ്യന്തര സുരക്ഷാ സാഹചര്യത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ഇസ്റാഈലി സൈനിക ക്യാംപുകള്ക്കുള്ളിലും റഫയിലും കരിം അബു സലേം ക്രോസിങിലുമാണ് യാസറിന്റെയും സംഘത്തിന്റെയും പ്രവര്‍ത്തന മേഖല. രാജ്യദ്രോഹം, സായുധ കലാപം, അക്രമാസക്ത സായുധ സംഘം രൂപീകരിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ഗസ്സയിലെ സര്‍ക്കാര്‍ യാസിറിനെതിരേ ചുമത്തിയിരുന്നു. കള്ളക്കടത്ത് സംഘങ്ങളുമായും ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു.
ഇസ്രായേല്‍ മാധ്യമമായ ചാനല്‍ 14 ആണ് മരണം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ‘ഗസ്സയിലെ ഗ്രൂപ്പുകളുമായുള്ള ഏറ്റുമുട്ടലില്‍ അബു ഷബാബിന് ഗുരുതരമായി പരുക്കേറ്റതായും പിന്നീട് തെക്കന്‍ ഇസ്രായേലിലെ സോറോക്ക മെഡിക്കല്‍ സെന്ററില്‍ മരിച്ചതായി പ്രഖ്യാപിച്ചതായും ചാനല്‍ 12 ഉം റിപ്പോര്‍ട്ട് ചെയ്തു.
എന്നാൽ ഏറെ ശ്രദ്ധേയമാകുന്നത്, ‘ഇസ്രായേല്‍ നിങ്ങളെ സംരക്ഷിക്കില്ല’ എന്ന അടിക്കുറിപ്പോടെ അബു ഷബാബിന്റെ ഒരു ഫോട്ടോ അടുത്തിടെ ഹമാസ് അനുകൂല കൂട്ടായ്മ ടെലിഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് കഴിഞ്ഞ് ദിവസങ്ങള്‍ക്കകമാണ് ഇയാളുടെ കൊലപാതകം നടക്കുന്നത്.
അബു ഷബാബിന്റെ മരണവുമായി ബന്ധപ്പെട്ട കൃത്യമായ സാഹചര്യങ്ങള്‍ വ്യക്തമല്ലെന്ന് അല്‍ ജസീറ പ്രതിനിധി ഹാനി മഹ്മൂദ് പറഞ്ഞു. ഗസ്സയില്‍ ആഭ്യന്തര കലഹങ്ങള്‍ സൃഷ്ടിക്കുക, ഫലസ്തീന് പ്രതിരോധം ദുര്‍ബലപ്പെടുത്തുക എന്നിവയാണ് പ്രധാനമായും ഷബാബിന് ഉണ്ടായിരുന്ന ചുമതലകൾ. അതുകൊണ്ട് തന്നെ ഗാസയിലെ ഒറ്റുകാരനായ ഷബാബിനെ ഹമാസ് തന്നെ കൊലപ്പെടുത്തി എന്നാണ് പൊതുവിലുള്ള ധാരണ.













