ഏഴ് വർഷങ്ങൾക്ക് ശേഷം മോഡി ചൈനയുടെ മണ്ണിലിറങ്ങി, ഷി ജിൻ പിങ്ങുമായും പുടിനുമായും ചർച്ച; ട്രംപിനെ തള്ളിക്കൊണ്ട് പുതിയൊരു സഖ്യം രൂപപ്പെടുമോ??

ഏഴ് വര്‍ഷത്തിന്റെ നീണ്ട ഇടവേളക്ക് ശേഷം ചൈനീസ് മണ്ണിലിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ചൈന ഒരുക്കിയത് ഉജ്വല വരവേല്‍പ്പാണ്. വിമാനത്തിൽ നിന്നും പടിക്കെട്ടിറങ്ങി വന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ചൈനയുടെ മണ്ണിൽ പകിട്ടേറിയ ചുവന്ന പരവതാനി വിരിച്ചൊരുങ്ങിയിരുന്നു. ഉന്നത ഉദ്യോഗസ്ഥവൃന്ദം പ്രധാനമന്ത്രിയ്ക്ക് ഊഷ്മളസ്വീകരണമാണ് നൽകിയത്. ചുവപ്പും വെള്ളയും വസ്ത്രങ്ങളണിഞ്ഞ നര്‍ത്തകരും ഹാര്ദമായ സ്വീകരണത്തിനായി അണിനിരന്നിരുന്നു.
ടിയാന്‍ജിനിലെ ഇന്ത്യന്‍ സമൂഹമുള്‍പ്പെടെ പ്രധാനമന്ത്രിയുടെ വരവിനായി അവിടെ കാത്തുനിന്നിരുന്നു. ഇന്ത്യന്‍ പതാകയേന്തി കുട്ടികള്‍ മോദിയ്ക്ക് ആഹ്ളാദത്തോടെ വരവേൽപ്പ് നൽകി. ഇതിനിടെ ഈ കുഞ്ഞുങ്ങളോട് സ്നേഹസംഭാഷണം നടത്താനും പ്രധാനമന്ത്രി മറന്നില്ല.
വന്ദേമാതരവും ഭാരത് മാതാ കി ജയും ജയ് മോദി വിളികളും കൊണ്ട് അന്തരീക്ഷം മുഖരിതമായി. ചൈനീസ് കലാകാരന്മാർ അവതരിപ്പിച്ച ഇന്ത്യന്‍ സംഗീതവും നൃത്തവും മോദിയ്ക്ക് ചൈനയൊരുക്കിയ ഗംഭീര വരവേല്പിന് തിളക്കം കൂട്ടി. മോദിയ്ക്ക് സ്വാഗതമരുളികൊണ്ട് ദീപാലങ്കാരങ്ങളും നിരത്തി വെച്ചിരുന്നു.
വിദൂരനഗരങ്ങളില്‍ നിന്ന് പോലും മോദിയുടെ ആരാധകര്‍ ടിയാന്‍ജിനിലേക്ക് ഒഴുകിയെത്തി. ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ചൈനീസ് കലാകാരികള്‍ അവതരിപ്പിച്ചു. കുച്ചിപ്പുടിയും ഒഡ്ഡീസിയും കഥക്കും പോലുള്ള നൃത്തങ്ങളും അരങ്ങേറിയിരുന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രിയെ എതിരേല്ക്കാന് തങ്ങളുടെ പ്രകടനം അവതരിപ്പിക്കാൻ സാധിച്ചതിൽ ആഹ്ളാദവും അഭിമാനവും ഉണ്ടെന്നും ഇന്ത്യന്‍ കലകളെ ഏറെ ഇഷ്ടപ്പെടുന്നത് കൊണ്ടാണ് അവയില്‍ പഠനം നടത്തിയതെന്നുംചൈനീസ് കലാകാരികള്‍ പ്രതികരിച്ചു.
ഇന്ത്യക്കാരനെ വിവാഹം കഴിച്ച യുവതി കൈക്കുഞ്ഞുമായാണ് മോദിയെ കാണാനെത്തിയത്. ഇന്ത്യയേയും മോദിയേയും താന്‍ ഏറെ ഇഷ്ടപ്പെടുന്നുവെന്ന് അവര്‍ പറഞ്ഞു ഇന്ത്യന്‍ പ്രധാനമന്ത്രിയെ നേരിട്ടുകണ്ട സന്തോഷത്തില്‍ തന്റെ കണ്ണുകള്‍ നിറഞ്ഞതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
രണ്ട് ദിവസത്തെ ജപ്പാന് സന്ദര്‍ശനത്തിന് ശേഷമാണ് പ്രധാനമന്ത്രി മോദി എസ്സിഒ ഉച്ചകോടിക്കായി ചൈനയിലേക്കെത്തിയത്. ചൈനയുമായുള്ള ശക്തമായ സുഹൃദ്ബന്ധം മേഖലയെ സമൃദ്ധിയിലേക്കും സമാധാനത്തിലേക്കും നയിക്കുമെന്ന് മോദി ജപ്പാനില്‍ വച്ച് പറഞ്ഞിരുന്നു.
ഇന്ത്യ-ചൈന സൗഹൃദം ആഗോള സമ്പദ്വ്യവസ്ഥയില് സ്ഥിരതയുണ്ടാക്കുമെന്നും, കഴിഞ്ഞവര്‍ഷം കസാനില്‍നടന്ന എസ്സിഒ ഉച്ചകോടിക്കിടെ ജിന്‍പിങ്ങുമായി നടത്തിയ കൂടിക്കാഴ്ച ഇന്ത്യ-ചൈന ബന്ധത്തില്‍ ഏറെ പുരോഗതി ഉണ്ടാക്കി എന്നും മോദി പറയുകയുണ്ടായി. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറമെ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനുമായും മോദി കൂടിക്കാഴ്ച നടത്തും. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനുള്ള പിഴയായി, അമേരിക്ക ഇന്ത്യയ്ക്ക് 25 ശതമാനം അധിക തീരുവ ചുമത്തിയ സാഹചര്യത്തില്‍ പുടിനുമായുള്ള കൂടിക്കാഴ്ച വളരെ നിര്‍ണായകമാണ്.
ഉച്ചകോടിയിലെ സ്വാഗത വിരുന്നില്‍ മോദി പങ്കെടുക്കും. പ്രധാന നേതാക്കളുടെ ഉച്ചകോടി തിങ്കളാഴ്ച നടക്കും. പഹല്‍ഗാം ഭീകരാക്രമണത്തിന്റെയും ഓപ്പറേഷന് സിന്ദൂറിന്റെയും പശ്ചാത്തലത്തില്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ നിലപാട്, ഉച്ചകോടി വേദിയില്‍ മോദി ആവര്‍ത്തിക്കുമെന്നാണ് കരുതുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. 45 മിനിട്ടാണ് കൂടിക്കാഴ്ചക്ക് സമയം തീരുമാനിച്ചിരിക്കുന്നത്.
2020 ലെ ഗാൽവാൻ താഴ്വരയിലെ സംഘർഷത്തിനു ശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രഹ്മപുത്രനദീജല തർക്കം, അതിർത്തിഗ്രാമങ്ങളുടെ മേലേയുള്ള അവകാശതർക്കം എന്നിവ കലുഷിതമാക്കിയ നാളുകളാണ് കടന്നുപോയത്. ടിക് ടോക് ഉൾപ്പെടെ ആപ്പുകൾ നിരോധിച്ചും സ്വതന്ത്രവ്യാപരത്തിൽ നിയന്ത്രണമേർപ്പെടുത്തിയുമാണ് ഇന്ത്യ പ്രതികരിച്ചത്.
ഇപ്പോൾ അമേരിക്ക സൃഷ്ടിക്കുന്ന തീരുവ പ്രതിസന്ധി ലോകരാജ്യങ്ങളുടെ നയതന്ത്ര ബന്ധങ്ങളെ മാറ്റിമറിക്കുകയാണ്. പുതിയവിപണിയും ബന്ധങ്ങളും തേടിയുള്ള യാത്രയിലാണ് ഇന്ത്യ. ജപ്പാനുമായി നടന്ന ചർച്ചയുടെ ഭാഗമായി ആറ് ലക്ഷം കോടി നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.
ചൈനയും റഷ്യയുമായുള്ള ചർച്ചകൾ കൂടി കഴിയുന്നതോടെ കാര്യങ്ങൾക്ക് ഒരു തീരുമാനമാകും. ഒന്നുകിൽ ട്രംപ് പറയുന്നത് അനുസരിച്ച് നഷ്ടം ഏറ്റുവാങ്ങി നിലനിൽക്കുക. അല്ളെങ്കിൽ ട്രംപിനെ തള്ളിക്കളഞ്ഞു കൊണ്ട് ലോകത്തിൽ പുതിയൊരു ശക്തമായ കൂട്ടുമുന്നണിക്ക് രൂപം കൊടുത്ത് കൊണ്ട് മുന്നേറുക.