മലയാളത്തിന്റെ മെഗാസ്റ്റാറിന് ആദരവുമായി ഓസ്ട്രേലിയ; മമ്മൂട്ടിയുടെ സ്റ്റാമ്പ് പുറത്തിറക്കി ഓസ്ട്രേലിയൻ പാര്‍ലമെന്റ് സമിതി
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ആദരവുമായി ഓസ്ട്രേലിയൻ ദേശീയ പാര്‍ലമന്റ് സമിതി. മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്സണലൈസ്ഡ് സ്റ്റാമ്പുകൾ ഓസ്ട്രേലിയ-ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെ സഹകരണത്തോടെ പുറത്തിറക്കി.
കാൻബറയിലെ ഓസ്ട്രേലിയൻ ദേശീയ പാര്‍ലമെന്റിലെ ‘പാര്‍ലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ’ ആയിരുന്നു സംഘാടകര്‍. ഓസ്ട്രേലിയൻ തപാല്‍ വകുപ്പിന്റെ പേഴ്സണലൈസ്ഡ് വിഭാഗത്തിലൂടെ പുറത്തിറക്കുന്ന സ്റ്റാമ്പുകൾ ഇന്ന് മുതല്‍ വിപണിൽ ലഭ്യമാകും.
സ്റ്റാമ്പ് പ്രകാശന ചടങ്ങ് ഓസ്ട്രേലിയൻ ദേശീയ പാര്‍ലമന്റ് ഹൗസ് ഹാളില്‍ നടന്നു. ആദ്യത്തെ സ്റ്റാമ്പ് ഓസ്ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണര്‍ മൻപ്രീത് വോറയ്ക്ക് കൈമാറി പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിന്റെ പ്രതിനിധിയും പാര്‍ലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യയുടെ ചെയര്‍മാനുമായ ഡോ.ആൻഡ്രൂ ചാള്ട്ടൻ എം.പി പ്രകാശനം ചെയ്തു. ഓസ്ട്രേലിയയിലെ നിരവധി എം.പിമാര്‍, സെനറ്റ് അംഗങ്ങള്‍, ഹൈക്കമ്മീഷണര്‍ ഓഫീസ് ഉദ്യോഗസ്ഥര്‍, ഓസ്ട്രേലിയയിലെ വിവിധ ഇന്ത്യൻ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങി 150ഓളം പേര് ചടങ്ങില്‍ പങ്കെടുത്തു.