ഇസ്രായേൽ സൈനകർക്ക് നേരെ ബോംബാക്രമണം, നാല് മരണം; ജോർദാൻ അതിർത്തിയിലും രണ്ട് ഇസ്രായേലികളെ വെടിവെച്ച് കൊന്നു

തെക്കൻ ഗസ്സയിലെ റഫയിൽ നടന്ന ഒരു ഏറ്റുമുട്ടലിൽ നാല് ഇസ്റാഈൽ സൈനികർ കൊല്ലപ്പെട്ടു. പുലർച്ചെ നടന്ന സ്ഫോടനത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇസ്റാഈൽ സൈന്യം സഞ്ചരിച്ച ഹമ്മർ വാഹനത്തിനു നേരെ ബോംബ് എറിഞ്ഞാണ് ആക്രമണം നടത്തിയതെന്ന് ഇസ്റാഈൽ സൈന്യം പറയുന്നു.
ഇസ്രായേലി സൈനികര്‍ക്ക് ‘സുരക്ഷിത മേഖല’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലമാണ് റഫയുടെ തെക്ക് ഭാഗം. കൊല്ലപ്പെട്ടവരില്‍ ഒരു കമ്പനി കമാന്‍ഡറും രണ്ട് ഓഫീസര്‍മാരും അവരുടെ ഡ്രൈവറും ഉള്‍പ്പെടുന്നു എന്നാണ് റിപ്പോർട്ടുകൾ. മറ്റൊരു സംഭവത്തില്‍ ഹമാസ് വടക്കന്‍ ഗസയില്‍ നടത്തിയ ഒളിയാക്രമണത്തില്‍ ഇസ്രായേലി സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അതേസമയം ജോര്‍ദാന്‍-ഫലസ്തീന് അതിര്‍ത്തിയില്‍ രണ്ടു ഇസ്രായേലികളെ വെടിവച്ചു കൊന്നതായും റിപ്പോർട്ടുണ്ട് . കിങ് ഹുസൈന് അഥവാ അലൻ ബി പാലത്തിന് സമീപമാണ് ആക്രമണം നടന്നത്. 20ഉം 60ഉം വയസ് പ്രായമുള്ള രണ്ട് ജൂതന്മാരാണ് കൊല്ലപ്പെട്ടത്. ജോര്‍ദാനില്‍ നിന്നും ട്രക്കുമായി എത്തിയ ഒരാളാണ് ആക്രമണം നടത്തിയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.
ഈ ആക്രമണത്തിനിടെ ജോര്‍ദാനിയുടെ കയ്യിലുള്ള തോക്ക് ജാമായെന്നും പിന്നീട് കത്തികൊണ്ട് കുത്തിയെന്നും ചില റിപോര്‍ട്ടുകള്‍ പറയുന്നുണ്ട്. വെസ്റ്റ് ബാങ്കില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യമാണ് കിങ് ഹുസൈന് പാലത്തിന് സമീപത്തെ അതിര്‍ത്തി നിയന്ത്രിക്കുന്നത്. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ചാനല്‍ 12-ന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഇസ്രായേലി പെര്‍മിറ്റുള്ള ഇയാൾ ഗാസ മുനമ്പിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തിയാണ്. ഇസ്രായേലി സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ഇയാൾ കൊല്ലപ്പെട്ടതായും പറയുന്നു.
എന്നാൽ രണ്ട് ഇസ്റാഈലികൾ കൊല്ലപ്പെട്ട ഈ വെടിവയ്പ്പിനെ പ്രശംസിച്ചുകൊണ്ട് ഹമാസ് രംഗത്ത് വന്നു. ഇസ്റാഈലിന്റെ “വംശഹത്യക്കും കുടിയേറ്റ നയങ്ങൾക്കും എതിരെയുള്ള പ്രതികരണമാണിതെന്ന് ഹമാസ് പറഞ്ഞു. ഫലസ്തീനികളുടെ ദൃഢനിശ്ചയം ശക്തമാണെന്നും, ഗാസക്കായുള്ള ചെറുത്തുനിൽപ്പ് തുടരുമെന്നും ഹമാസ് പ്രതിജ്ഞയെടുത്തു.
ഇതിനിടെ ഹൂഥികളും ഇസ്രായേലിലേക്ക് ആക്രമണം നടത്തുന്നുണ്ട്. തെക്കൻ നഗരമായ എയ്ലാറ്റിന് സമീപം യമനിൽ നിന്ന് വിക്ഷേപിച്ച ഹൂതികളുടെ ഒരു ഡ്രോൺ തകർന്നു വീണിരുന്നു . ജേക്കബ് ഹോട്ടലിന് സമീപം പൊട്ടിത്തെറിച്ച ഡ്രോണിന്റെ അവശിഷ്ടങ്ങൾ രക്ഷാപ്രവർത്തകർ പരിശോധിക്കുകയാണ്. ആളപായമില്ലെങ്കിലും, പ്രദേശത്തെ വ്യോമാക്രമണ സൈറണുകൾ എല്ലാം മുഴങ്ങിയിരുന്നു.
അല്‍ സയ്ത്തൂന്‍ പ്രദേശത്ത് ഇസ്രായേലി സൈന്യത്തിന്റെ മെര്‍ക്കാവ ടാങ്ക് തകര്‍ത്തതായി ഫലസ്തീനിയന്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ സായുധവിഭാഗമായ അല്‍ മുജാഹീദീന്‍ ബ്രിഗേഡ്സ് അറിയിച്ചു. സഈര്‍ എന്ന സ്ഫോടകവസ്തുവാണ് ഇതിന് ഉപയോഗിച്ചത്. തെക്കന്‍ ഗസയില്‍ ഇസ്രായേലി സൈന്യത്തിന് നേരെ നിരവധി മിസൈലുകള്‍ അയച്ചതായി അല്‍ ഖസ്സം ബ്രിഗേഡ്സും അറിയിച്ചിട്ടുണ്ട്.
അതേസമയം മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതായാണ് റിപ്പോർട്ടുകൾ. ഗസ്സ സിറ്റിയിലും വെസ്റ്റ് ബാങ്കിലും ഇസ്റാഈൽ സൈനിക നടപടികൾ തുടരുന്നതിനിടെ ഇസ്റാഈൽ-ലെബനൻ അതിർത്തിയിലും ആക്രമണങ്ങൾ ശക്തമാക്കിയിരിക്കുന്നു. ഹിസ്ബുള്ളയെ നിരായുധീകരിക്കാനുള്ള ശ്രമങ്ങൾക്കിടെ ലെബനൻ സർക്കാരിനുമേൽ സമ്മർദ്ദം വർധിക്കുന്നതായും പറയുന്നു.
തെക്കൻ ലെബനനിൽ ഹിസ്ബുള്ളക്കെതിരെ ഇസ്റാഈൽ സൈന്യം വ്യോമാക്രമണങ്ങൾ ആരംഭിച്ചതോടെ, പുതിയ ഒഴിപ്പിക്കൽ ഉത്തരവുകളും പുറപ്പെടുവിച്ചു. അൽ-ഷഹാബിയ, ടെയർ സെബ്ന, ബുർജ് ഖലാവിയ തുടങ്ങിയ പ്രദേശങ്ങളിലെ താമസക്കാർക്ക് ഇസ്റാഈൽ സൈനിക വക്താവ് അവിചയ് അദ്രെയ് നിർബന്ധിത ഒഴിപ്പിക്കൽ മുന്നറിയിപ്പാണ് നൽകിയത്. ഭൂപടങ്ങളിൽ ചുവപ്പ് നിറത്തിൽ അടയാളപ്പെടുത്തിയ കെട്ടിടങ്ങളുമായി 500 മീറ്റർ അകലം പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ‘സുരക്ഷാ നടപടി’യാണെന്ന് ഇസ്റാഈൽ പറയുന്നതെങ്കിലും, 2024 നവംബറിലെ വെടിനിർത്തൽ കരാറിനു ശേഷമുള്ള പുതിയ ആക്രമണങ്ങളാണിതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇസ്റാഈൽ ആക്രമണങ്ങൾ വർധിക്കുന്നത് ലെബനൻ സർക്കാരിനുമേലുള്ള സമ്മർദ്ദമാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഹിസ്ബുള്ളയെ നിരായുധീകരിക്കാൻ നടത്തുന്ന ശ്രമങ്ങൾ ആഭ്യന്തര കലഹത്തിന് കാരണമാകുമെന്ന് ലെബനൻ മുന്നറിയിപ്പ് നൽകുന്നുണ്ട്.