ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു

ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയാണ്. ഇസ്രയേൽ ഖത്തറിൽ വ്യോമാക്രമണം നടത്തിയ വാർത്ത പുറത്തുവന്നതോടെയാണ് ഈ കയറ്റം. ബ്രെന്റ് ക്രൂഡ് ഓയിൽ 37 സെന്റ് അഥവാ 0.6 ശതമാനം ഉയർന്ന് ബാരലിന് വില 66.39 ഡോളറിലെത്തി. യു.എസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഓയിൽ (ഡബ്ല്യൂ.ടി.ഐ) ബാരലിന് 62.63 ഡോളറിലെത്തി. മിഡിൽ ഈസ്റ്റിൽ നിലവിലെ സാഹചര്യങ്ങളിൽ സംഘർഷം വർധിക്കുമെന്ന ആശങ്കയാണ് വിപണിയെ ബാധിച്ചത്.
ഖത്തറിനെതിരായ ആക്രമണത്തിന് മുമ്പേ തന്നെ എണ്ണ സൂചികകൾ ഉയർന്ന നിലയിലായിരുന്നു വ്യാപാരം നടത്തിയത്. ആഗോള ഓഹരി വിപണികളുടെ ഉയർച്ചയും യു.എസ് ഫെഡറൽ റിസർവ് പലിശനിരക്കുകൾ കുറയ്ക്കുമെന്ന പ്രതീക്ഷയും എണ്ണവിലയിൽ പ്രതിഫലിച്ചിരുന്നു. സൗദി അറേബ്യ വിലക്കുറവ് വരുത്തുമെന്ന ആശങ്കകൾക്ക് മറുപടിയായി ഒപെക് ചെറിയ തോതിൽ വിപണന വർധനവ് പ്രഖ്യാപിച്ചതും വിലക്കയറ്റത്തിന് കാരണമായി.