വെനസ്വേലയിലെ നടപടിക്ക് ശേഷം മദമിളകി ഡൊണാൾഡ് ട്രംപ്; ഇന്ത്യയും ഇറാനും അടക്കമുള്ള ആറ് രാജ്യങ്ങൾക്ക് നേരെ വീണ്ടും ഭീഷണി
വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയെ പിടികൂടി തടവിലാക്കിയ സൈനിക നടപടിക്ക് തൊട്ടുപിന്നാലെ, ഇന്ത്യ ഉൾപ്പെടെ ആറ് രാജ്യങ്ങൾക്കെതിരെ പുതിയ ഭീഷണി ഉയർത്തുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. മഡുറോയെയും ഭാര്യയെയും അമെരിക്കയിലെ കോടതിയിൽ ഹാജരാക്കിയ അതേ സായത്ത് തന്നെയാണ് പല രാജ്യങ്ങൾക്കും എതിരെ ട്രംപ് രംഗത്തെത്തിത്.
ഇന്ത്യ, ഇറാൻ, ഗ്രീൻലാൻഡ്, ക്യൂബ. മെക്സിക്കോ, കൊളംബിയ എന്നിവയ്ക്കെതിരെയാണ് ട്രംപിൻ്റെ ഭീഷണി.
കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയെ “രോഗാതുരനായ മനുഷ്യൻ” എന്നാണ് ട്രംപ് പറയുന്നത്. കൊളംബിയയിൽ നിന്നുള്ള കൊക്കെയ്ൻ കയറ്റുമതി ആണ് പ്രധാനമായും ട്രംപ് എടുത്ത് പറയുന്നത്. ഇപ്പോൾ വെനസ്വേലയിൽ നടത്തിയത് പോലുള്ള ഒരു സൈനിക നീക്കം കൊളംബിയയിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് “അതൊരു നല്ല കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത് ” എന്നാണ് ട്രംപ് പ്രതികരിച്ചത്. സമനില തെറ്റിയ ഒരാളാണ് കൊളംബിയ ഭരിക്കുന്നത്. ‘അയാൾ അധികകാലം ഈ പണി ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല’ എന്നും ട്രംപ് പറഞ്ഞു. അതിനർത്ഥം അധികം വൈകാതെ കൊളംബിയയിൽ സൈനിക നടപടികൾ ഉണ്ടാകും എന്നത് തന്നെയാണ്.
മെക്സിക്കോയെ കുറിച്ച് ട്രംപ് പറയുന്നത് അവിടെ ഭരണം നടത്തുന്നത് പ്രസിഡന്റ് ആയ ക്ളോഡിയ ഷിൻബോം അല്ലെന്നാണ്. പകരം മയക്ക് മരുന്ന് മാഫിയകളാണ് ആ രാജ്യം തന്നെ നിയന്ത്രിക്കുന്നത്. അതിർത്തി കടന്നുള്ള മയക്കുമരുന്ന് കടത്ത് നിർത്തിയില്ലെങ്കിൽ അമേരിക്ക സൈന്യത്തെ അയച്ച് ഈ മാഫിയകളെ ഒതുക്കുമെന്നും ട്രംപ് താക്കീത് നൽകി.
വെനസ്വേലയിലെ ഭരണമാറ്റത്തോടെ ക്യൂബ ഒറ്റപ്പെട്ടുവെന്നും ആ രാജ്യം വലിയ തകർച്ചയുടെ വക്കിലാണെന്നും ട്രംപ് പറഞ്ഞു. ക്യൂബൻ ഭരണകൂടം അധികം വൈകാതെ താഴെ വീഴുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ”ക്യൂബക്ക് സ്വന്തമായി വരുമാനം പോലുമില്ല. വെനസ്വേലയായിരുന്നു അവരുടെ ആശ്രയം. വെനസ്വേലൻ എണ്ണയുടെ പണമാണ് ക്യൂബയ്ക്കും കിട്ടിയിരുന്നത്. അമേരിക്ക പ്രത്യേകിച്ച് ഒന്നും ചെയ്തില്ലെങ്കിൽ പോലും ക്യൂബ ഉടൻ തകരും’ എന്നാണ് ട്രംപ് പറയുന്നത്.
ആർട്ടിക് മേഖലയിലെ സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഗ്രീൻലാൻഡ് പിടിച്ചെടുക്കുമെന്ന ഭീഷണിയാണ് ട്രംപ് വീണ്ടും ഉയർത്തുന്നത്. ”ഞങ്ങൾക്ക് ഗ്രീൻലൻഡിൻ്റെ മിനറലും ഓയിലുമൊന്നും വേണ്ട. ലോകത്തെ വേറെ ഏതു രാജ്യത്തേക്കാളും കൂടുതൽ എണ്ണ ഞങ്ങൾക്കുണ്ട്. ഗ്രീൻലാൻഡിന് ചുറ്റുമായി ചൈനീസ്, റഷ്യൻ കപ്പലുകൾ ചുറ്റിത്തിരിയുകയാണ്. അതുകൊണ്ട്, ഗ്രീൻലൻഡ് ഞങ്ങൾക്ക് കിട്ടിയേപറ്റൂ. എന്നാണ് ട്രംപ് പറയുന്നത്.
ഇറാനിൽ ഇപ്പോൾ നടക്കുന്ന ആഭ്യന്തര പ്രക്ഷോഭകർക്കെതിരെ സർക്കാർ ബലപ്രയോഗം നടത്തിയാൽ അമേരിക്ക ശക്തമായി ഇടപെടുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നൽകിയത്. എപ്പോളും ഒരു ആക്രമണത്തിന് അമേരിക്ക ആയുധങ്ങളുമായി തയ്യാറായി നിൽക്കുന്നു എന്നും ട്രംപ് പറയുന്നു.
ഇന്ത്യക്കു നേരെയും അമേരിക്കൻ പ്രസിഡൻറ് അതൃപ്തി കാണിക്കുന്നുണ്ട്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയുടെ നിലപാടിലാണ് ട്രംപിന് എതിർപ്പുള്ളത്. അമേരിക്കയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചാൽ ഇന്ത്യക്ക് മേൽ ഉയർന്ന തോതിലുള്ള വ്യാപാര നികുതികൾ വീണ്ടും ചുമത്തുമെന്നാണ് ട്രംപിൻ്റെ ഭീഷണി.
“മോദി വളരെ നല്ല മനുഷ്യനാണ്. അദ്ദേഹം നല്ല വ്യക്തിയാണ്. ഞാൻ സന്തോഷവാനല്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. എന്നെ സന്തോഷിപ്പിക്കേണ്ടത് പ്രധാനപ്പെട്ട ഒരു കാര്യമാണ് എന്നും, ഇന്ത്യയുടെ മേൽ അതിവേഗം താരിഫ് വർദ്ധിപ്പിക്കാൻ തങ്ങൾക്ക് കഴിയുമെന്നും ട്രംപ് പറയുന്നു.
എന്തായാലും ട്രംപിന്റെ സമ്മർദ്ദം ശക്തമായതോടെ, റഷ്യയിൽ നിന്നും അമേരിക്കയിൽ നിന്നും വാങ്ങുന്ന എണ്ണയുടെ വിവരങ്ങൾ ജനുവരി രണ്ട് മുതൽ, ആഴ്ച തിരിച്ചുള്ള കണക്കുകൾ ആയി കൃത്യമായി സമർപ്പിക്കാൻ ഇന്ത്യയിലെ എണ്ണ ശുദ്ധീകരണശാലകളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുകയാണ്.
അമേരിക്ക ആവശ്യപ്പെടുമ്പോൾ കൃത്യമായ കണക്കുകൾ നൽകുന്നതിനും, മറ്റുള്ള സ്രോതസ്സുകളിൽ നിന്നുള്ള വ്യാജമായ കണക്കുകളെ ആശ്രയിക്കുന്നത് ഒഴിവാക്കാനുമാണ് ഈ നീക്കങ്ങളെന്ന് ഉദ്യോഗസ്ഥർ പറയുന്നു.













