അമേരിക്കയും യൂറോപ്പും ഒന്നിച്ച് വന്നാലും കുലുങ്ങില്ല; ഇത് റഷ്യ ജയിക്കാൻ വേണ്ടി നടത്തുന്ന യുദ്ധം

ഉക്രൈനെ അമേരിക്ക പൂർണ്ണമായും കൈ വിട്ടതോടെ ഉയരുന്ന ഒരു ചോദ്യമാണ് ഈ യുദ്ധം എങ്ങനെയാണ് അവസാനിക്കാൻ പോകുന്നതെന്ന്.. ന്യൂക്ലിയർ ശക്തിയായ റഷ്യയെ ഉക്രൈൻ യുദ്ധം ചെയ്ത തോൽപ്പിക്കുമെന്ന് ആരും കരുതുന്നില്ല. ബ്രിട്ടനും ഫ്രാൻസും ഉക്രൈന്റെ കൂടെ നിന്നാലും ന്യൂക്ലിയർ പവറിൽ റഷ്യയെ മറികടക്കാൻ കഴിയില്ലെന്നത് യാഥാർഥ്യമാണ്.
റഷ്യയുടെ കൈവശമുള്ള സെർമാറ്റ് ന്യൂക്ലിയർ ബോംബുകൾ, പണ്ട് രണ്ടാം ലോക മഹായുദ്ധ കാലത്ത് ഹിരോഷിമയിൽ വീണതിനെക്കാൾ 2000 ഇരട്ടി ശക്തിയുള്ളതാണ്. ഇങ്ങനെ മാരകമായ പ്രഹരശേഷിയുള്ള 6000 ബോംബുകൾ അവരുടെ കയ്യിലുണ്ട്. അങ്ങനെയുള്ള റഷ്യ ഒരു വര്ഷം കൂടി ഈ യുദ്ധം നീണ്ടുപോയാലും ഉക്രൈനിന്റെ മുന്നിൽ വന്ന് ഒരു സന്ധിക്കായി അപേക്ഷിക്കുമെന്ന് യൂറോപ്പ്യൻ യൂണിയൻ കരുതുന്നത് മണ്ടത്തരമാണ്.

പണ്ട് ക്യൂബയിൽ റഷ്യ മിസൈൽ കൊണ്ടു വെച്ചപ്പോൾ അമേരിക്ക എന്തൊക്കെ പ്രശ്നങ്ങൾ ആണ് ഉണ്ടാക്കിയത്. അത് മാത്രമല്ല ക്യൂബ അമേരിക്കയിൽ നിന്നും കുറച്ചകലെ ആയിരുന്നു. ഇപ്പോൾ നാറ്റോ മിസൈൽ വെക്കുന്നത് റഷ്യയുടെ അതിരീതിയിലാണ്. അപ്പോൾ റഷ്യക്കും ന്യായമായി പ്രതിഷേധിക്കാൻ അവകാശമുണ്ട്. നാറ്റോ തന്നെയാണ് റഷ്യയുടെ അതിർത്തിയിൽ ഇങ്ങനൊരു യുദ്ധസമാനമായ സാഹചര്യം ഉണ്ടാക്കിയത്. അത് അവർക്ക് പ്രിയപ്പെട്ട ആയുധക്കമ്പനികളെ സഹായിക്കാൻ മാത്രമാണെന്നും ആരോപണങ്ങൾ ഉണ്ട്.
വേറെ വഴികൾ ഇല്ലാഞ്ഞിട്ടാണ് റഷ്യ ഉക്രൈനിനെ ആക്രമിച്ചത്. നാറ്റോ രാജ്യങ്ങളെ,അല്ലെങ്കിൽ അമേരിക്കയെ തങ്ങളുടെ അതിരുകളിൽ നിന്നും അകറ്റി നിർത്തുക എന്നതായിരുന്നു ഉക്രൈൻ യുദ്ധം കൊണ്ട് റഷ്യ ഉദ്ദേശിച്ചത്. അല്ലാതെ ഉക്രൈനെ ഇല്ലാതെയാക്കുകയായിരുന്നില്ല റഷ്യയുടെ ഉദ്ദേശ്യം. അങ്ങനെ ആണെങ്കിൽ ഒരു ദിവസം കൊണ്ട് പുടിൻ ഉക്രനെ ചാരമാക്കി മാറ്റിയേനെ.
1991 -ൽ സോവിയറ്റ് യൂണിയൻ ഇല്ലാതെയാവുമ്പോൾ, നാറ്റോ തങ്ങളുടെ ഇപ്പോഴത്തെ സ്ഥാനത്തു നിന്നും ഒരിഞ്ചുപോലും റഷ്യയുടെ അതിരിനടുത്തേക്ക് നീങ്ങില്ല എന്ന ഉടമ്പടി ഉണ്ടായിരുന്നു. എന്നാൽ ഈ ഉടമ്പടി തെറ്റിച്ചുകൊണ്ട് 1994 -ൽ ബിൽ ക്ലിന്റൺ നാറ്റോയുടെ കിഴക്കോട്ടുള്ള വ്യാപനത്തിന് വഴി തെളിച്ചു.
1999 – ൽ ഹംഗറി, പോളണ്ട്, ചെക് എന്നീ രാജ്യങ്ങൾ നാറ്റോയിൽ അംഗങ്ങളായി. എന്നാൽ ഈ രാജ്യങ്ങൾ തങ്ങളുടെ അതിരിൽ നിന്നും അകലെയായതുകൊണ്ടു റഷ്യ അന്ന് നിശബ്ദത പാലിച്ചു. 2004 -ൽ എസ്റ്റോണിയ, ലാത്വിയ, ലിത്വേനിയ, റൊമേനിയ, ബൾഗേറിയ, സ്ലൊവാക്യ, സ്ലോവേനിയ എന്നിവരും നാറ്റോയിൽ അംഗങ്ങളായി. അതോടെ നാറ്റോ റഷ്യയുടെ അതിർത്തിയിൽ എത്തി.
2008 -ൽ ജോർജിയയെയും ഉക്രൈനെയും നാറ്റോയിൽ എടുക്കണം എന്ന ആവശ്യമുയർന്നു. 2010 മുതൽ പോളണ്ടിലും റൊമേനിയയിലും അമേരിക്ക ഏജീസ് മിസൈലുകൾ സ്ഥാപിക്കാൻ തുടങ്ങി. കരിങ്കടലിൽ എല്ലാവശത്തും നാറ്റോ തങ്ങളെ പൂട്ടുന്നത് കണ്ടപ്പോൾ 2010 -ൽ റഷ്യ ഉക്രൈനോട് കരിങ്കടലിലെ സേവാ സ്റ്റോപ്പോൾ തുറമുഖം തങ്ങൾക്ക് നേവൽ ബേസ് തുടങ്ങാനായി ലീസിനു തരണമെന്ന് പറഞ്ഞിരുന്നു.

2014-ൽ അന്നത്തെ ഉക്രേനിയൻ പ്രസിഡന്റ് ആയിരുന്ന യാനുക്കോവിച്ചിനെ പുറത്താക്കാൻ അമേരിക്ക ശ്രമം തുടങ്ങി. 2022 -ൽ തങ്ങൾ ഇഷ്ടമുള്ളയിടത്തു മിസൈൽ സ്ഥാപിക്കുമെന്ന് ആന്റണി ബ്ലിങ്കൻ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവിനോട് പറഞ്ഞു. ഇങ്ങനെ നാറ്റോ തങ്ങളുടെ അതിരുകളിൽ എത്തിയതിൽ പേടിച്ചിട്ടു തന്നെയാണ് 2022 -ൽ റഷ്യ ഉക്രെയിൻ ആക്രമിക്കുന്നത്. അതിൽ വിജയം ഉറപ്പിച്ച് തന്നെയാണ് പുടിൻ രംഗത്തിറങ്ങിയത്.
ട്രമ്പ് ഇപ്പോൾ സെലൻസ്കിയെ പരസ്യമായി വിരട്ടിയത് ഒരർത്ഥത്തിൽ ശരി തന്നെയാണ്. ഒരു യുദ്ധം നിർത്താൻ അതിൽ ബലം കുറഞ്ഞവനെ ഒന്ന് പേടിപ്പിക്കുക എന്നതും ഒരു തന്ത്രമാണ്. നമ്മുടെ മുന്നിൽ വെച്ച് ഒരു ദുര്ബലനെ ഒരു ശക്തൻ ആക്രമിക്കുന്നത് കണ്ടാൽ ആരും ആ ശക്തന്റെ കൂടെ നിൽക്കാറില്ല. എന്നാൽ ഒരു തെമ്മാടിയെ, ഒരു പ്രശ്നക്കാരനെ, ഒരു ശക്തൻ ആക്രമിച്ചാൽ അയാളുടെ കൂടെയാവും ഭൂരിപക്ഷവും നിലകൊള്ളുന്നത്.