പ്രവാസികളടക്കം സൂക്ഷിക്കണം; ഈ തീയതികളില്‍ വിമാനങ്ങള്‍ക്കുനേരെ ആക്രമണമുണ്ടാകുമെന്ന് ഖാലിസ്ഥാൻ

പ്രവാസികളടക്കമുള്ളവരുടെ ജീവന് ഭീഷണിയാവുന്ന പുതിയ സന്ദേശവുമായി ഖാലിസ്ഥാനി തീവ്രവാദി ഗുർപത്വന്ദ് സിംഗ് പന്നുൻ.
നവംബർ ഒന്ന് മുതല്‍ 19വരെ ആരും എയർ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യരുതെന്ന ഭീഷണി സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞവർഷവും ഇതേസമയം പന്നുൻ സമാന ഭീഷണി പുറപ്പെടുവിച്ചിരുന്നു.
സിഖ് വംശഹത്യയുടെ 40ാം വാർഷികമായതിനാല്‍ എയർ ഇന്ത്യ വിമാനത്തിനുനേരെ ആക്രമണമുണ്ടാവുമെന്നാണ് സിഖ്സ് ഫോർ ജസ്റ്റിസ് (എസ് എഫ് ജെ) സ്ഥാപകനായ പന്നുൻ മുന്നറിയിപ്പ് നല്‍കുന്നത്.
കാനഡയിലെ സിഖ്സ് ഫോർ ജസ്റ്റിസ് തലവനായ ഗുർപത്വന്ദ് സിംഗ് പന്നുനിനെതിരെ 2019ലാണ് എൻഐഎ ആദ്യം കേസെടുത്തത്. 2019 ജൂലായ് 10ന് സിഖ്സ് ഫോർ ജസ്റ്റിസിനെ കേന്ദ്രസർക്കാർ നിരോധിച്ചു. 2020 ജൂലായ് ഒന്നിന് പന്നുനിനെ ഭീകരനായി പ്രഖ്യാപിക്കുകയും ചെയ്തു.
പഞ്ചാബിലും രാജ്യത്തിന്റെ മറ്റിടങ്ങളിലും ഇയാള്‍ ഭീകര പ്രവർത്തനം നടത്തുന്നതിന്റെ നിർണായക വിവരങ്ങള്‍ എൻഐഎ ശേഖരിച്ചിരുന്നു. യുവാക്കളെ ഭീകരപ്രവർത്തനങ്ങള്‍ക്ക് റിക്രൂട്ട് ചെയ്യാൻ സൈബർ ഇടം ദുരുപയോഗിക്കുന്നതും കണ്ടെത്തി. ഖാലിസ്ഥാൻ എന്ന സ്വതന്ത്ര നാടിനായി പോരാടാൻ, പഞ്ചാബിലെ ക്രിമിനല്‍ സംഘങ്ങളുടെ നേതാക്കളെയും യുവാക്കളെയും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ഇയാള്‍ ആഹ്വാനം ചെയ്യുന്നു. കാനഡയിലെ ഹിന്ദുക്കള്‍ ഇന്ത്യയിലേക്ക് മടങ്ങണമെന്ന് ഇയാള്‍ ഇന്ത്യ – കാനഡ പ്രതിസന്ധിക്കിടെ ഭീഷണി മുഴക്കിയിരുന്നു.