പെഷവാറില്‍ അര്‍ധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്ത് ചാവേര്‍ ആക്രമണം; മൂന്ന് മരണം
പാകിസ്ഥാനിലെ പെഷവാറില്‍ അര്‍ധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്തിന് നേരെ ആക്രമണം ഉണ്ടായി. അജ്ഞാതരായ ആയുധധാരികളാണ് ആക്രമണം നടത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്ഥാന്റെ അര്‍ധസൈനിക വിഭാഗമായ ഫ്രോണ്ടിയര്‍ കോര്‍പ്സിന്റെ ആസ്ഥാനം ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് പാക് മാധ്യമ റിപ്പോര്‍ട്ടുകളും പറയുന്നു. സംഭവത്തില്‍ മൂന്ന് പേരെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
പ്രദേശത്ത് രണ്ട് സ്ഫോടനങ്ങള്‍ നടന്നതായി പ്രദേശവാസികളെ ഉദ്ധരിച്ചും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചാവേര്‍ ആക്രമണമാണ് നടന്നത് എന്നാണ് വിലയിരുത്തല്‍. സ്ഥലത്തുനിന്ന് പലവട്ടം സ്ഫോടനത്തിന്റെ ശബ്ദം കേട്ടതായി സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട പ്രതികരണങ്ങളും പറയുന്നു.












