തെല്‍ അവീവ് ലക്ഷ്യമാക്കി റോക്കറ്റുകള്‍ തൊടുത്ത് ഹമാസ്
ഗസ്സ സിറ്റിയിലെ അല്‍ താബിഈൻ സ്കൂളില്‍ നൂറുകണക്കിന് ഫലസ്തീനികളെ അതിക്രൂരമായി കൊന്നൊടുക്കിയ ഇസ്റാഈല്‍ നടപടി സാധാരണക്കാരെ മനഃപൂർവം ലക്ഷ്യം വെച്ചതാണെന്ന റിപോർട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ഇസ്റാഈല്‍ തലസ്ഥാനമായ തെല്‍ അവീവിന് നേർക്ക് റോക്കറ്റുകള്‍ തൊടുത്ത് ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്.
മാസങ്ങളായി ഇസ്റാഈല്‍ നടത്തുന്ന കൂട്ടക്കൊലപാതകങ്ങള്ക്കിടെ ഏറെ നാളുകള്‍ക്കു ശേഷമാണ് അവരുടെ വാണിജ്യ തലസ്ഥാനമായ തെല്‍ അവീവിന് നേർക്ക് ഖസ്സാം ബ്രിഗേഡ് രണ്ട് റോക്കറ്റുകള്‍ തൊടുത്തത്. ആക്രമണത്തില്‍ ആളപായമൊന്നും റിപോർട്ട് ചെയ്തിട്ടില്ല.
അതേസമയം, ഒരു റോക്കറ്റ് കടലില്‍ പതിച്ചതായും മറ്റൊന്ന് ഇസ്റാഈല്‍ പ്രദേശത്ത് എത്തും മുമ്ബ് തകർത്തതായും ഇസ്റാഈല്‍ സൈന്യം വ്യക്തമാക്കി. ഫലസ്തീനികളെ കൂട്ടക്കൊല ചെയ്യുന്നതിനും സ്വന്തം പ്രദേശത്ത് നിന്ന് കുടിയിറക്കുന്നതിനുമെതിരെ എം-90 മിസൈലുകള്‍ ഉപയോഗിച്ച് ഇസ്റാഈലിനെ ആക്രമിച്ചതായി ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.