ഇസ്രായേലുമായി ചർച്ചക്കില്ലെന്ന് ഹമാസ്; വിജയം വരെ പോരാട്ടം തുടരും
ഗസ്സയില്‍ വെടിനിര്‍ത്തലിനും ദീര്‍ഘകാല സമാധാനം സ്ഥാപിക്കുന്നതുമായും ബന്ധപ്പെട്ട് ചര്‍ച്ച നടക്കുന്നതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പറയുന്നു. ബന്ദിമോചനവുമായി ബന്ധപ്പെട്ട് ഖത്തറും, ഈജിപ്തുമായി ആശയവിനിമയം ആരംഭിച്ചതായി ഇസ്രായേലും സ്ഥിരീകരിച്ചു. എന്നാല്‍ അധിനിവേശം അവസാനിപ്പിക്കാതെ ബന്ദിമോചന ചര്‍ച്ചക്കില്ലെന്ന് ഹമാസ് വ്യക്തമാക്കി. ഇതിനിടെ ബന്ദികളെ ഉടൻ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് തെല്‍ അവീവില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി. യു.എസ് ഹോംലാൻറ് സെക്യൂരിറ്റിയിലെ 130 ജീവനക്കാര്‍ ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ജോ ബൈഡനെ സമീപിച്ചതായും സി.എൻ.എൻ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗം മേധാവി ഡേവിഡ് ബര്‍നീ ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ്ബിൻ അബ്ദുറഹ്മാൻ അല്‍താനിയുമായി നോര്‍വേ തലസ്ഥാനമായ ഓസ്ലോയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്ന് ബന്ദികളെ സൈന്യം അബദ്ധത്തില്‍ കൊലപ്പെടുത്തിയതും കരയുദ്ധത്തില്‍ കനത്ത തിരിച്ചടി നേരിടുന്നതുമായ സാഹചര്യത്തില്‍ എങ്ങനെയും ബാക്കി ബന്ദികളെ മോചിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇസ്രായേല്‍ നടപടി. എന്നാല്‍ അധിനിവേശം അവസാനിപ്പിച്ചും ഉപാധികള്‍ അംഗീകരിച്ചും വേണം ബന്ദിമോചന ചര്‍ച്ചയെന്ന നിലപാട് ഹമാസ് ആവര്‍ത്തിച്ചു. ഇത് സ്വീകാര്യമല്ലെന്ന് നെതന്യാഹു പറഞ്ഞതോടെ മധ്യസ്ഥ ചര്‍ച്ച വഴിമുട്ടാനാണ് സാധ്യത. ഹമാസിനെ തുരത്താതെ യുദ്ധം അവസാനിപ്പിക്കുന്നത് ഇസ്രായേല്‍ എന്ന രാജ്യത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുമെന്നാണ് നെതന്യാഹു പറഞ്ഞത്. ഇന്നലെ വെളുപ്പിന് ചേര്‍ന്ന യുദ്ധകാര്യ മന്ത്രിസഭാ യോഗത്തിലും അഭിപ്രായ ഐക്യം ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിസഭാ യോഗത്തിനു തൊട്ടുമുമ്ബാണ് യുദ്ധം തുടരുമെന്ന് നെതന്യാഹുവും പ്രതിരോധ മന്ത്രി ഗാൻറ്സും അറിയിച്ചത്.
ഗസ്സയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത പോരാട്ടം തുടരുകയാണ്. കമാല്‍ അദ്വാൻ ആശുപത്രി വളപ്പില്‍ 20 ഫലസ്തീനികളെ ബുള്‍ഡോസര്‍ കയറ്റി ഇസ്രായേല്‍ സേന കൊലപ്പെടുത്തിയിരുന്നു. തെക്കൻഗസ്സയിലെ ഖാൻ യൂനുസില്‍ വീട് തകര്‍ക്കപ്പെട്ടവര്‍ താമസിച്ചിരുന്ന തമ്ബുകളും ഇസ്രായേല്‍ നശിപ്പിച്ചു. ഭക്ഷണവും വെള്ളവും ഇല്ലാതെയും ചികിത്സ ലഭിക്കാതെയും ഗസ്സയിലെ ജനങ്ങള്‍ ദുരിതാവസ്ഥയിലാണ്. ഇന്ധനക്ഷാമം കാരണം ഗസ്സയിലെ 36 ആശുപത്രികളില്‍ 11 എണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന് ലോകാരോഗ്യസംഘടനഅറിയിച്ചു. ലബനാൻ അതിര്‍ത്തിയിലും സംഘര്‍ഷം രൂക്ഷമാണ്. ബോംബാക്രമണത്തില്‍ ഒരു ഇസ്രായേല്‍ സൈനികൻ കൊല്ലപ്പെടുകയും രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ ലബനാനു നേരെ തുറന്ന യുദ്ധത്തിന് മടിക്കില്ലെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്കി. ഹൂത്തികളുടെ ആക്രമണ ഭീഷണി മുൻനിര്‍ത്തി ലോകോത്തര ഷിപ്പിങ് കമ്ബനികളായ അഞ്ചില്‍ നാലും ചെങ്കടല്‍ മുഖേനയുള്ള സര്‍വീസ് അവസാനിപ്പിച്ചത് ലോക സമ്ബദ്ഘടനക്ക് വലിയ തിരിച്ചടിയാകും എന്നാണ് കരുതുന്നത്. അന്തര്‍ദേശീയ സമൂഹം ഇടപെട്ടില്ലെങ്കില്‍ സ്വന്തം നിലക്ക് ഹൂതികളെ ആക്രമിക്കും എന്നാണ് ഇസ്രായേൽ പറയുന്നത്. എന്നാല്‍ ഇസ്രായേലോ അമേരിക്കയോ മറ്റേതെങ്കിലും പാശ്ചാത്യ ശക്തികളോ യമനെ ആക്രമിച്ചാല്‍ ഗുരുതര പ്രത്യാഘാതം ആയിരിക്കും ഉണ്ടാകുന്നതെന്ന് ഇറാന്റെ പിന്തുണയുള്ള ഹൂത്തികളും പറയുന്നുണ്ട്.
സമാധാന ചർച്ചക്ക് ഹമാസ് ഇല്ലെന്ന് പറയുന്നത് തന്ന്നെ ഈ യുദ്ധത്തിന്റെ സൂചനകൾ വ്യക്തമാക്കുന്നതാണ്. ഇസ്രയേലും അവരുടെ മാധ്യമങ്ങളും പറയുന്ന പോലെയല്ല കാര്യങ്ങളുടെ പോക്ക്. കനത്ത നാശനഷ്ടവും, ആൾനാശവുമാണ് ഈ യുദ്ധത്തിൽ ഇസ്രായേലിന് ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഏതു വിധേനയും യുദ്ധം ഒഴിവാക്കാൻ സമാധാന ചർച്ചകൾക്കായി നെതന്യാഹു തയ്യാറാവുന്നതും. എന്നാൽ ഹമാസ് പൊരുതുന്നത് വിജയം അല്ലെങ്കിൽ മരണം എന്ന ലക്ഷ്യത്തോടെയാണ്.