ഇന്ത്യയും ഇസ്രയേലും ഒരുമിച്ച് പാകിസ്ഥാൻറെ ആണവകേന്ദ്രം തകർക്കുമായിരുന്നു; ഇന്ദിരാഗാന്ധിയുടെ ആ തീരുമാനത്തിൽ എല്ലാം ഇല്ലാതായെന്ന് മുൻ സിഐഎ ഉദ്യോഗസ്ഥൻ
പാകിസ്താന്റെ ആണവായുധ സ്വപ്നങ്ങള്‍ അവസാനിപ്പിക്കുന്നതിൻറെ ഭാഗമായി, ഇന്ത്യയും ഇസ്രയേലും ഒരുമിച്ച് നിന്ന്, 1980-കളുടെ ആദ്യകാലത്ത് പാകിസ്താനിലെ കഹുത ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു എന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ മുന്‍ ഉദ്യോഗസ്ഥന് റിച്ചാര്‍ഡ് ബാര്‍ലോ പറയുന്നത്. അന്ന് ഇന്ത്യയും ഇസ്രയേലും ചേർന്ന് അത് നടത്തിയിരുന്നു എങ്കിൽ, പിൽക്കാലത്തുള്ള ധാരാളം പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
അന്ന് ആ ആക്രമണത്തിന് അനുമതി നല്കാന് ഇന്ത്യന്‍ ഭരണകൂടം തയ്യാറാകാതിരുന്ന സംഭവത്തെ ‘നാണക്കേട്’ എന്നാണ് ബാര്‍ലോ വിശേഷിപ്പിച്ചത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. പാകിസ്താന് രഹസ്യമായി ആണവപരീക്ഷണങ്ങള്‍ നടത്തിയിരുന്ന 1980-കളില്‍ സിഐഎയില്‍ കൗണ്ടര്‍ പ്രൊലിഫ റേഷന്‍ ഓഫീസറായിരുന്നു റിച്ചാർഡ് ബാര്‍ലോ.
ഇന്ത്യയും ഇസ്രയേലും സംയുക്തമായി ആക്രമണം നടത്താനൊരുങ്ങുന്നു എന്ന വിവരം രഹസ്യാന്വേഷണ വൃത്തങ്ങളില്‍നിന്ന് അറിഞ്ഞിരുന്നു. എന്നാല്‍, ആ സമയത്ത് സര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗം അല്ലാതിരുന്നതിനാല്‍, നേരിട്ട് താൻ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആക്രമണത്തിന് അന്ന് ഇന്ദിരാ ഗാന്ധി അനുമതി നല്‍കാതിരുന്നത് ലജ്ജാകരമാണ്. അത് ഒരുപാട് പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമായേനെ, എന്നും ബാര്‍ലോ കൂട്ടിച്ചേര്‍ത്തു.
പാകിസ്താന് ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതും, അത് പിന്നീട് ഇസ്രയേലിന്റെ ശത്രുവായ ഇറാന് കൈമാറുന്നതും തടയുന്നതിന്റെ ഭാഗമായി, അവരുടെ ആണവപദ്ധതിയുടെ കേന്ദ്രമായ യുറേനിയം സംപുഷ്ടീകരണ പ്ലാന്റിൽ ഒരു സംയുക്ത വ്യോമാക്രമണം നടത്താന്‍ ഇന്ത്യയും ഇസ്രയേലും പദ്ധതിയിട്ടിരുന്നതായാണ് റിപ്പോര്‍ട്ടുകളും ഡീ ക്ലാസിഫൈഡ് രേഖകളും പറയുന്നത്.
അന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് റീഗൻ ആയിരുന്നു. അദ്ദേഹം നയിക്കുന്ന അന്നത്തെ അമേരിക്കൻ ഭരണകൂടം അത്തരത്തിലുള്ള ഏത് ആക്രമണത്തെയും, പ്രത്യേകിച്ച് ഇസ്രയേലില്‍ നിന്നുള്ളതിനെ ശക്തമായി എതിര്‍ക്കുമായിരുന്നെന്നും ബാര്‍ലോ പറഞ്ഞു. സോവിയറ്റ് യൂണിയന്റെയും അഫ്ഗാനിസ്ഥാന്റെയും നേര്‍ക്കുള്ള അമേരിക്കന്‍ നീക്കത്തെ ഇത് തടസ്സപ്പെടുത്തും എന്ന കാരണത്താലാണ് റീഗന് ഭരണകൂടം ആ നിലപാട് കൈക്കൊണ്ടത്.
എന്നാൽ അമേരിക്കയുടെ ഈ ആശ്രയത്വത്തെ പാകിസ്താന് മുതലെടുത്തെന്നും ബാര്‍ലോ ആരോപിച്ചു. യുഎസില്‍നിന്നുള്ള സഹായത്തിന്റെ വരവ് നിലയ്ക്കുന്നത് അഫ്ഗാനിസ്ഥാനുമായുള്ള സഹകരണത്തെ ബാധിക്കുമെന്ന് പാക് അറ്റോമിക് എനര്‍ജി കമ്മിഷന്റെ തലവനായിരുന്ന മുനീര്‍ അഹമ്മദ് ഖാനെ പോലുള്ളവര്‍, യുഎസ് നിയമനിര്‍മാണ സഭാംഗമായിരുന്ന സ്റ്റീഫന്‍ സോലാര്സിനും മറ്റും മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും ബാര്‍ലോ പറഞ്ഞു.
‘ഇസ്രായേൽ പ്രധാനമന്ത്രി ആയിരുന്ന മെനാഷെം ബെഗിന് അങ്ങനെ എന്തെങ്കിലും ആക്രമണം പ്ലാൻ ചെയ്തിരുന്നെങ്കില്‍ റീഗന് എതിർക്കുമായിരുന്നു. അതിന്റെ കാരണം അഫ്ഗാൻ ആണെന്നും ബാര്‍ലോ പറഞ്ഞു. അത് സംഭവിച്ചിരുന്നെങ്കിൽ അന്നത്തെ മെനാഷെം ബൈഗിനെതിരെ റീഗൻ അദ്ദേഹം ശക്തമായ നടപടി സ്വീകരിക്കുമായിരുന്നു എന്നും ബർലോ പറഞ്ഞു.
1960-ലെ ക്യൂബെന്‍ മിസൈല്‍ പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും ഭയാനകമായ കാര്യം എന്നാണ് സിഐഎ ഡെപ്യൂട്ടി ഡയറക്ടര്‍ റിച്ചാര്‍ഡ് കെര്‍ ഇതിനെ വിശേഷിപ്പിച്ചതെന്നും ബര്ലോ പറയുന്നു. ശീതയുദ്ധകാലക്ക് അമേരിക്കയും സോവിയറ്റ് യൂണിയനും സൈനിക ഏറ്റമുട്ടലിന് തയ്യാറായി നില്ക്കുന്ന സമയത്തായിരുന്നു ഇതെന്നും, ഈ പ്രതിസന്ധി പരിഹരിക്കാനായി റീഗന് അന്ന് ദേശീയ സുരക്ഷാ കൗൺസിൽ ഉപദേഷ്ടാവായ റോബര്‍ട്ട് ഗേറ്റ്സിനെ പാക്കിസ്ഥാനിലേക്കും ഇന്ത്യയിലേക്കും അയച്ചതായും ബര്ലോ പറയുന്നുണ്ട്.
പാകിസ്ഥാന്റെ ആണവ രഹസ്യങ്ങള്‍ ‘വെളിപ്പെടുത്തുന്നതിലൂടെ’ തന്റെ ‘ജീവിതം നശിപ്പിക്കപ്പെട്ടു’ എന്നും എഎന്‍ഐക്ക് നല്കിയ അഭിമുഖത്തില്‍ ബാര്‍ലോ അവകാശപ്പെട്ടു.
1980 ഇൽ പാകിസ്റ്റാന്റെ കൈവശം ആണവായുധങ്ങൾ ഉണ്ടായിരുന്നോ എന്നും പലരും ഇപ്പോൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഔദ്യോഗികമായി ഒരു ആണവ ശക്തിയായി പാകിസ്ഥാൻ അറിയപ്പെടുന്നത് 1998 ൽ ആണ്. എന്നാൽ ഇന്ത്യ പൊഖ്റാനിൽ 1974 ൽ മെയ് പതിനെട്ടിന് സ്മൈലിങ് ബുദ്ധ എന്ന ആണവപരീക്ഷണം നടത്തിയിരുന്നു.
നമ്മുടെ ആണവ പരീക്ഷണങ്ങൾക്ക് ശേഷം, ഏതാണ്ട് മൂന്ന് വർഷം കഴിഞ്ഞപ്പോഴേക്കും പാക്കിസ്ഥാൻ ആണവ പരീക്ഷണങ്ങൾക്ക് തയ്യാറായി കഴിഞ്ഞിരുന്നു. അത് അവർ സാങ്കേതിക വിദ്യ മോഷ്ടിച്ച് നേടിയതാണെന്നും പറയുന്നുണ്ട്. പക്ഷെ അമേരിക്ക തന്നെ പാകിസ്താനെ സഹായിച്ചതാണെന്ന വാദവും നിലനിൽക്കുന്നുണ്ട്. അത് സത്യമാകാനാണ് കൂടുതൽ സാധ്യത.












