ഭീഷണി ഇങ്ങോട്ട് വേണ്ടാ, റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ: അമേരിക്കയുടെ അധിക തീരുവ ഇന്ന് അർദ്ധരാത്രി പ്രാബല്യത്തിൽ വരും

റഷ്യയില്‍ നിന്നും ക്രൂഡോയില്‍ വാങ്ങുന്നു എന്നൊരു കാരണം കൊണ്ട് ഇന്ത്യയ്ക്കെതിരെ അമേരിക്ക ചുമത്തിയ 25 ശതമാനം അധിക തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. അമേരിക്കൻ സമയം ചൊവ്വ അര്‍ധരാത്രി മുതല്‍ ഉത്തരവ് പ്രാബല്യത്തിലാകുമെന്നാണ് ട്രംപ് പറഞ്ഞിട്ടുള്ളത്. ഇതോടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ ട്രംപ് ഭരണകൂടം ചുമത്തുന്ന ആകെ അധികതീരുവ 50 ശതമാനത്തിലേക്ക് ഉയരും.
പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ അമേരിക്ക ഏറ്റവും കൂടുതല്‍ ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യമായി ബ്രസീലിനൊപ്പം ഇന്ത്യയും മാറും. സ്വിറ്റ്സര്‍ലന്‍ഡ് 39 ശതമാനം, കാനഡ 35 ശതമാനം, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ 30 ശതമാനം, മെക്സിക്കോ 25 ശതമാനം എന്നിങ്ങനെയാണ് അമേരിക്കയുടെ ഉയര്‍ന്ന തീരുവ പട്ടികയില്‍ തൊട്ടുപിന്നാലെയുള്ളത്.
ഇടക്കാല വ്യാപാര കരാറില്‍ എത്തുന്നതിനായി ഇന്ത്യയുടെയും അമേരിക്കയുടെയും പ്രതിനിധി സംഘം ചര്‍ച്ച നടത്തിവരുന്ന സമയത്താണ് ആദ്യം പ്രഖ്യാപിച്ച 25 ശതമാനത്തിന് പുറമെ 25 ശതമാനം കൂടി അധികമായി തീരുവ ചുമത്താൻ ട്രംപ് പ്രഖ്യാപിച്ചത്. റഷ്യന്‍ എണ്ണ വാങ്ങുന്നുവെന്ന് ആരോപിച്ചായിരുന്നു നടപടി. ഇതോടെ വ്യാപാര കരാറിനായുള്ള ചര്‍ച്ച താളം തെറ്റുകയും ചെയ്തു. അഞ്ചാം റൗണ്ട് ചര്‍ച്ചകള്‍ക്കായുള്ള അമേരിക്കൻ സംഘത്തിന്റെ ഇന്ത്യാസന്ദര്‍ശനം റദ്ദാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴും ട്രംപ് തന്റെ തീരുമാനം പിൻവലിക്കും എന്ന പ്രതീക്ഷയിയിലാണ് വ്യവസായികൾ.
ട്രംപ് ഭരണകൂടത്തെ സ്വാധീനിച്ച് അധിക തീരുവ പിൻവലിപ്പിക്കാൻ ഇന്ത്യൻ എംബസിയും രംഗത്തുണ്ട്. വാഷിംഗ്ടണിൽ ട്രംപിന്റെ മുൻ ഉപദേശകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന രണ്ട് സ്വകാര്യ ലോബീയിങ് കമ്പനികളെ എംബസി ഇതിനായി നിയോഗിച്ചിട്ടുണ്ട്. ഒരു കമ്പനിക്ക് 1.8 മില്യൻ ഡോളറിന്റെ വാർഷിക കരാർ ആണ് നൽകിയിരിക്കുന്നത്. രണ്ടാമത്തെ കമ്പനിക്ക് പ്രതിമാസം 75000 ഡോളറിന്റെ മൂന്ന് മാസത്തെ കരാർ ആണ് നൽകിയിരിക്കുന്നത്.
എന്നാൽ അധിക തീരുവയിൽ ഭയപ്പെടാതെ , റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടരുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. കുറഞ്ഞ വിലയ്ക്ക് ആര് എണ്ണ നല്കിയാലും വാങ്ങുമെന്ന് റഷ്യയിലെ ഇന്ത്യൻ അംബാസഡർ വിനയ് കുമാർ പറഞ്ഞു. വിപണിയിലെ സാഹചര്യമാണ് ഇക്കാര്യത്തിൽ ഇന്ത്യ കണക്കിലെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തീരുവയിൽ ആരുടെയും സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്നലെ വ്യക്തമാക്കിയിരുന്നു.
അതേസമയം ട്രംപിന്റെ നടപടികള്‍ നമ്മുടെ സാമ്പത്തിക വളര്‍ച്ചയെ കാര്യമായി ബാധിക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആഭ്യന്തര വിപണിയിലെ ആവശ്യകത ഇതിനെ ഒരുപരിധിവരെ പ്രതിരോധിക്കുമെന്നാണ് വിലയിരുത്തല്‍. അമേരിക്ക ഏര്‍പ്പെടുത്തിയ അധിക തീരുവ തുണിത്തരങ്ങള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍ എന്നിവക്ക് ചെറിയ തോതിലുള്ള ആഘാതം ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ മരുന്ന്, സ്മാര്‍ട്ട്ഫോണ്‍, സ്റ്റീല്‍ എന്നിവക്ക് പ്രശ്നങ്ങൾ ഉണ്ടാകില്ല.
സാമ്പത്തിക സ്ഥാപനങ്ങള്‍, ടെലികോം, വിമാന കമ്പനികള്‍, ഹോട്ടലുകള്‍, സിമന്റ്, ഉല്‍പ്പാദന ഉപകരണങ്ങള്‍ തുടങ്ങിയ ആഭ്യന്തര ഉപഭോഗ മേഖലകള്‍ക്ക് ഈ താരിഫ് പ്രതിസന്ധിയെ മറികടക്കാന്‍ കഴിയുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.