അമേരിക്കയുടെ അകത്ത് കയറി ആക്രമണങ്ങൾ നടത്താൻ ഇറാൻ നീക്കം; സഹായിക്കാൻ കൂടെയുള്ളത് വെനസ്വെലയെന്ന് റിപ്പോർട്ടുകൾ

അമേരിക്കയില്‍ ഒരു ആക്രമണം നടത്താൻ ഇറാൻ വെനസ്വേലയെ ഉപയോഗപ്പെടുത്തുന്നു എന്ന രീതിയിൽ ചില റിപ്പോർട്ടുകൾ വരുന്നുണ്ട്. അമേരിക്കയിലേക്ക് നുഴഞ്ഞുകയറാനായി ഇറാൻ പൗരന്മാരായ ചാരന്മാർ വെനസ്വേലയിൽ തയ്യാറാണ് എന്നാണ് ഇപ്പോളത്തെ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
നിരവധിപേർ വെനസ്വേല വഴി അമേരിക്കയിലേക്ക് ഇപ്പോൾ തന്നെ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും ഇവർ അമേരിക്കയിലെ തന്ത്രപ്രധാന മേഖലകളില്‍ ജോലി ചെയ്യുന്നുണ്ട് എന്നുമാണ് ചില റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. പതിനായിരത്തിലേറെ ആളുകള്‍ അമേരിക്കയിലേക്ക് നുഴഞ്ഞുകയറാൻ സജ്ജരായി വെനസ്വേലയിലുണ്ട് എന്നും പറയുന്നുണ്ട് . ഡെയ്ലി മെയില്‍ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആളുകളുടെ പേര്, പാസ്പോർട് നമ്ബർ, ജനനതീയതി എന്നിങ്ങനെ വിശദമായ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. 2010 മുതല്‍ 2019വരെയുള്ള സമയത്താണ് വെനസ്വേല ഇവരെ സ്വന്തം പൗരൻമാരായി പ്രഖ്യാപിച്ചത്. റിപ്പോർട്ട് അമേരിക്കയുടെ കൈവശവും എത്തിയിട്ടുണ്ടെന്നും മാധ്യമങ്ങള്‍ അവകാശപ്പെടുന്നു. അതേസമയം ഇത്തരത്തിലൊരു റിപ്പോർട്ട് ലഭിച്ചോ എന്ന കാര്യത്തിൽ അമേരിക്കൻ ഹോംലാൻഡ് സെക്യൂരിറ്റി ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.
12 ദിവസത്തെ യുദ്ധത്തിനിടെ ഇറാൻറെ ആണവകേന്ദ്രങ്ങള്‍ക്ക് മേല്‍ അമേരിക്ക നടത്തിയ ആക്രമണത്തോടെ ഇവർ ജാഗരൂകരായിട്ടുണ്ട് എന്നും, തിരിച്ചടി ഏത് സമയത്തും ഉണ്ടാകാമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നല്കുന്നു. അമേരിക്കയിലെ തന്ത്രപ്രധാന വിഭാഗങ്ങളില്‍ ഇറാൻറെ ചാരൻമാർ നിലവില്‍ ജോലി ചെയ്യുന്നുണ്ടെന്നും ഇവരെ തിരിച്ചറിയുക അസാധ്യമാണെന്നും മുൻ വെനസ്വേലൻ അംബാസിഡറായ തോല് ഹാല്വൊർസീനും പറയുന്നു. റിപ്പോർട്ടില്‍ പരാമർശിച്ചിരിക്കുന്ന 10,000 പേരില്‍ മൂന്നില്‍ രണ്ടുഭാഗവും പുരുഷൻമാരാണ്.
എന്നാൽ ഇത് തെറ്റായ റിപ്പോർട്ടാണെന്നാണ് വെനസ്വേലയുടെ വാദം. കണക്കുകൾ എല്ലാം അടിസ്ഥാനരഹിതമാണ് എന്നും, സമാധാനത്തിലും സ്നേഹത്തിലും ജീവിക്കുന്ന മനുഷ്യരുടെ നാടാണ് വെനസ്വേലയെന്നും ദമാസ്കസിലെ വെനസ്വേലയുടെ പ്രതിനിധി പ്രതികരിച്ചു.
2021 ജനുവരിക്കും 2023 ഒക്ടോബറിനുമിടയില്‍ അനധികൃതമായി യുഎസിലേക്ക് കടക്കാൻ ശ്രമിച്ച നാലുലക്ഷത്തോളം വെനസ്വേലൻ പൗരൻമാരെ അതിർത്തി സംരക്ഷണ സേന പിടികൂടി മടക്കി അയച്ചിട്ടുണ്ടെന്നാണ് അമേരിക്കയുടെ കണക്ക്. ഇതേ കാലയളവില്‍ തന്നെ എഫ്ബിഐയുടെ ഭീകരപ്പട്ടികയിലുള്ളവരുമായി 382 ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ടെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു.
മഡൂറോയുടെ എക്കാലത്തെയും വലിയ വിമർശകനാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ ആദ്യ ഭരണകാലത്ത്, മയക്കുമരുന്ന്, ഭീകരവാദം, അഴിമതി, എന്നിവയുള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങള്‍ക്ക് മഡൂറോയ്ക്കും വെനസ്വേലയിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ യുഎസ് സർക്കാർ കുറ്റം ചുമത്തിയിരുന്നു. കൊളംബിയൻ വിമത ഗ്രൂപ്പായ ഫാർക്കുമായി ചേർന്ന് മഡൂറോ അമേരിക്കയ്ക്കെതിരെ കൊക്കെയ്ൻ ഒരു ആയുധമായി ഉപയോഗിച്ചെന്ന് യുഎസ് നീതിന്യായ വകുപ്പും പറഞ്ഞിരുന്നു.
മഡൂറോയുമായും അദ്ദേഹത്തിന്റെ കൂട്ടാളികളുമായും ബന്ധമുള്ള 30 ടണ്‍ കൊക്കെയ്ൻ അമേരിക്കൻ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ടെന്നും, അതില്‍ ഏകദേശം ഏഴ് ടണ്‍ മഡൂറോയുമായി നേരിട്ട് ബന്ധമുള്ളതാണെന്നും അവർ പറയുന്നുണ്ട്.
തനിക്ക് മയക്കുമരുന്ന് കടത്ത് സംഘങ്ങളുമായി നേരിട്ട് പങ്കുണ്ടെന്ന അമേരിക്കയുടെ ആരോപണങ്ങളെ മഡൂറോ നേരത്തെ തള്ളിക്കളഞ്ഞിട്ടുണ്ട്. അതോടൊപ്പം മഡൂറോയെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്നവർക്കുള്ള പാരിതോഷിക തുക അമേരിക്ക കൂട്ടുകയും ചെയ്തു. മുമ്ബ് പ്രഖ്യാപിച്ചതിന്റെ ഇരട്ടി തുകയാണ് നിക്കോളാസ് മഡൂറോയെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്ന വിവരങ്ങള്‍ നല്കുന്നവർക്കായി അമേരിക്ക ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 50 മില്യണ്‍ ഡോളർ , അതായത് ഏകദേശം 437 കോടിയിലധികം ഇന്ത്യൻ രൂപയാണ് പുതിയ സമ്മാന തുക.
നേരത്തെ ഇറാനെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ ശക്തമായി അപലപിച്ചിരുന്നു. ഇറാന്റെ സൈനിക പ്രതികരണം അന്താരാഷ്ട്ര നിയമപ്രകാരമുള്ള സ്വയം പ്രതിരോധ നടപടിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇറാൻറെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള ഏതൊരു ആക്രമണത്തിന്റെയും വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും മഡുറോ അന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇറാന് സംപൂർണ്ണ പിന്തുണ നൽകുന്ന വെനസുല, അമേരിക്കയുടെ നിതാന്ത ശത്രുവുമാണ്. അതുകൊണ്ട് തന്നെ ഇറാന്റെ നീക്കങ്ങളെ എന്ത് വില കൊടുത്തും സഹായിക്കാൻ അവർ തയ്യാറാകും. ഇപ്പോൾ ഉയരുന്ന ഈ നുഴഞ്ഞുകയറ്റ ഭീഷണിയിൽ കരുതിയിരിക്കേണ്ടത് അമേരിക്ക തന്നെയാണ്.