ട്രംപിൻറെ ഭീഷണിക്ക് വഴങ്ങി റഷ്യയെ ഒഴിവാക്കുകയാണോ മോദി?? യുദ്ധങ്ങൾക്ക് പോലും കൂടെ നിൽക്കുന്ന, ഏറ്റവും വലിയ സുഹൃത്തിനെ പിണക്കുന്നത് നല്ലതല്ല

ഇന്ത്യ റഷ്യയിൽ നിന്ന് ഇനിമുതൽ എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തുവെന്ന അവകാശവാദമാണ് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇപ്പോൾ ഉന്നയിക്കുന്നത്. ഇന്ത്യയ്ക്ക് നേരെ തീരുവ ചുമത്തി, മാസങ്ങൾക്ക് ശേഷമാണ് ട്രംപിൻ്റെ പ്രതികരണം.
“ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതില്‍ ഞാൻ സന്തോഷവാനായിരുന്നില്ല. റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് മോദി എനിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യയ്ക്ക് ഉടനടി എണ്ണ വാങ്ങുന്നത് നിർത്തലാക്കാൻ സാധിക്കില്ല. എന്നാൽ അത് ഉടനെ നടപ്പിലാക്കും. ചൈനയെക്കൊണ്ടും ഇത് ചെയ്യാൻ ഞങ്ങൾ പ്രേരിപ്പിക്കും, എന്നാണ് ട്രംപ് പറഞ്ഞത്.
മോദി ഒരു മികച്ച മനുഷ്യനാണെന്നും മോദി തന്നെ സ്നേഹിക്കുന്നതായും ട്രംപ് പറഞ്ഞു. മോദിയുടെ രാഷ്ട്രീയ ജീവിതം നശിപ്പിക്കാൻ താൻ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വർഷങ്ങളായി ഇന്ത്യയെ കാണുന്നതാണ്, ഇന്ത്യ വിശ്വസനീയമായ ഒരു രാജ്യമാണെന്നും ട്രംപ് പറഞ്ഞു. ഓരോ വർഷവും ഒരു പുതിയ നേതാവ് ഇന്ത്യയ്ക്ക് ഉണ്ടാകുമെന്നും തൻ്റെ സുഹൃത്താണ് ഇപ്പോൾ വളരെക്കാലമായി ഇന്ത്യയുടെ ഭരണാധികാരിയാണെന്നും ട്രംപ് പറയുന്നുണ്ട്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് അദ്ദേഹം എനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന് ഉടനടി അത് ചെയ്യാന്‍ കഴിയില്ല,എന്നും ട്രംപ് പറഞ്ഞു.
യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോറും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു ട്രംപ്.
“വോളോഡിമിർ സെലെൻസ്കിയും വ്ളാഡിമിർ പുടിനും വിദ്വേഷം കൂടുതലുള്ള രണ്ട് നേതാക്കളാണ്. സംഘർഷം അവസാനിക്കാൻ പ്രധാന തടസ്സവും അതാണെന്നും ട്രംപ് പറഞ്ഞു.
എന്നാൽ ട്രംപിൻ്റെ അവകാശവാദത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. റഷ്യയില്‍ നിന്ന് ഇന്ത്യ ഇനി എണ്ണ വാങ്ങില്ലേ എന്ന ചോദ്യത്തിന് അമേരിക്കയിലെ ഇന്ത്യന്‍ എംബസിയും പ്രതികരിക്കാന്‍ തയ്യാറായില്ല. എന്നാൽ അമേരിക്കയുടെ പുതിയ അംബാസഡറും ട്രംപിൻ്റെ അടുത്ത രാഷ്ട്രീയ സഹായിയുമായ സെർജിയോ ഗോറുമായി മോദി ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.
എന്നാൽ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് മോദി വാക്കു നല്‍കിയെന്ന ട്രംപിന്റെ വാദത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത് വന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഡൊണാള്‍ഡ് ട്രംപിനെ ഭയമാണെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു.
ഇന്ത്യയുടെ വിദേശനയങ്ങള്‍ തീരുമാനിക്കുന്നത് അമേരിക്കയാണോ എന്നും രാഹുല്‍ ഗാന്ധി എക്സ് പോസ്റ്റില്‍ ചോദിച്ചു. മോദിക്ക് ട്രംപിനെ പേടിയാണെന്ന് പറയുന്ന പോസ്റ്റില്‍, വിമര്‍ശനങ്ങള്‍ അക്കമിട്ട് നിരത്തിയാണ് രാഹുലിന്റെ പ്രതികരണം.
ആവര്‍ത്തിച്ചുള്ള അവഹേളനങ്ങള്‍ക്ക് ശേഷവും പ്രധാനമന്ത്രി മോദി അമേരിക്കൻ പ്രസിഡന്റിനെ പ്രശംസിക്കുന്ന സന്ദേശങ്ങള്‍ അയയ്ക്കുന്നു. ഓപ്പറേഷന് സിന്ദൂരിനിടെ ട്രംപ് പറഞ്ഞത് മോദി എതിർകാത്തത് പേടിച്ചത് കൊണ്ടാണ്. ഇതൊക്കെയാണ് രാഹുല്‍ ഗാന്ധി എക്സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് .
ട്രംപ് പറയുന്നത് കേട്ട് റഷ്യയുമായുള്ള ബന്ധങ്ങൾ ഉപേക്ഷിക്കാനാണ് മോഡി ഒരുങ്ങുന്നതെങ്കിൽ അത് നല്ലതായി തോന്നുന്നില്ല. അമേരിക്കയുടെ പിന്തുണ ഇന്ത്യക്ക് കിട്ടുമെന്ന് കരുതുന്നത് വെറുതെയാണ്. വാണിജ്യതാല്പര്യങ്ങൾ നോക്കി മാത്രമേ ട്രംപ് എന്ന കച്ചവടക്കാരൻ നിലപാടുകൾ സ്വീകരിക്കുകയുള്ളൂ. ഇന്ത്യ പാക് യുദ്ധം വന്നാലും അമേരിക്ക പാകിസ്താനെ സപ്പോർട്ട് ചെയ്യും എന്നതിൽ ഒരു സംശയവും വേണ്ട.
എന്നാൽ ഇന്ത്യ എന്ന രാജ്യം ഉണ്ടായത് മുതൽ കൂടെ നിന്നവരാണ് സോവിയറ്റ് യൂണിയനും, അതിന്റെ ബാക്കിപത്രമായി റഷ്യയും. കമ്യൂണിസ്റ്റുകൾ ആണോ സംഘികൾ ആണോ ഭരിക്കുന്നത് എന്നൊന്നും അവർ നോക്കിയിട്ടില്ല. സാമ്പത്തിക ലാഭം നോക്കി ട്രംപിന് പിന്നാലെ പോയാൽ ഇന്ത്യക്ക് നഷ്ടമാകുന്നത് എന്തിനും കൂടെ നിൽക്കുന്ന ഒരു സുഹൃത്തിനെയാണ്. അതുണ്ടാക്കി വെക്കുന്ന നഷ്ടം വരും കാലങ്ങളിൽ മാത്രമേ മനസിലാക്കാൻ കഴിയൂ.