ഇസ്രായേൽ നടത്തിയത് ”സ്റ്റേറ്റ് ടെററിസം” – ഖത്തർ പ്രധാനമന്ത്രി; ഖലീൽ അൽ-ഹയ്യ ആക്രമണം നടക്കുമ്പോൾ കെട്ടിടത്തിൽ ഉണ്ടായിരുന്നില്ലെന്ന് ഹമാസ്

ഖത്തർ എന്ന രാജ്യത്തിൻറെ പരമാധികാരത്തിനു മേലുള്ള കടന്നു കയറ്റം അംഗീകരിക്കില്ലെന്ന് പറയുകയാണ് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ-താനി. തങ്ങൾക്കു നേരെയുള്ള ഇസ്രായേൽ ആക്രമണത്തെ ‘സ്റ്റേറ്റ് ടെററിസം ’ എന്നാണ് ഖത്തർ വിശേഷിപ്പിച്ചത്. ആക്രമണത്തെ മുസ്ലിം വേൾഡ് ലീഗും അപലപിച്ചു. വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നുംമുസ്ലിം വേൾഡ് ലീഗ് ആവശ്യപ്പെട്ടു.
വെടിനിർത്തൽ ധാരണകൾ സംബന്ധിച്ച ചർച്ചയ്ക്കിടെയാണ് ലോകത്തെ ഞെട്ടിച്ച് കൊണ്ട് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രയേൽ ആക്രമണം നടത്തിയത്. ദോഹയിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഉഗ്രസ്ഫോടനം നടന്നത്. കത്താര പ്രവിശ്യയിൽ ആയിരുന്നു സ്ഫോടനം. ഒന്നിലധികം സ്ഫോടന ശബ്ദങ്ങൾ കേട്ടതായാണ് വിവരം. ഉഗ്ര ശബ്ദം കേൾക്കുകയും വലിയ പുക ഉയരുകയും ആയിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്.
ഹമാസ് ഉന്നത നേതൃത്വത്തെ ലക്ഷ്യം വെച്ചായിരുന്നു അക്രമണം എന്നാണ് സൂചന. ആക്രമണം നടത്തിയത് തങ്ങളാണെന്ന് ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. അമേരിക്ക മുന്നോട്ട് വെച്ച വെടിനിർത്തൽ, ചർച്ച ചെയ്യുന്ന യോഗമാണ് ആക്രമിക്കപ്പെട്ടതെന്ന് ഹമാസ് നേതാക്കകളെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
മധ്യസ്ഥ ശ്രമങ്ങൾ ഖത്തറിന്റെ സ്വത്വത്തിന്റെ ഭാഗമാണ്. ഇത്തരം ആക്രമണങ്ങളിലൂടെ അതിന് തടയിടാൻ ആകില്ലെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് അൽ-താനി പറഞ്ഞു.ദോഹയിൽ ഹമാസ് നേതാക്കളെ ഇസ്രായേൽ ആക്രമിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഖത്തർ പ്രധാനമന്ത്രിയുടെ പ്രതികരണം. ഗാസയിലെ യുദ്ധത്തിൽ കെയ്റോയ്ക്കും വാഷിംഗ്ടണിനുമൊപ്പം ദോഹയും ഒരു പ്രധാന മധ്യസ്ഥനായിരുന്നു. ആ മധ്യസ്ഥ രാജ്യത്തിലാണ് ഇപ്പോൾ ഇസ്രായേൽ ആക്രമണം നടത്തിയിരിക്കുന്നത്.
ദോഹയിലെ താമസസ്ഥലങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം നടത്തിയെന്നാണ് ഖത്തർ വ്യക്തമാക്കുന്നത്. ഭീരുത്വപൂർണ്ണമായ സമീപനമാണ് ഇസ്രയേലിൻ്റെ ആക്രമണം എന്നും ഖത്തർ വിമർശിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇസ്രയേൽ നടത്തിയിരിക്കുന്നതെന്നും ഖത്തർ കുറ്റപ്പെടുത്തി.
ദോഹയ്ക്ക് സമീപം ആക്രമണം നടത്തിയത് ഇസ്രയേലാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥരീകരിച്ചിരുന്നു. ഇസ്രയേൽ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നും ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് പറഞ്ഞു. ആക്രമണത്തിൽ സാധാരണ പൗരന്മാർക്ക് പരിക്കേൽക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നുവെന്നും ഐഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്.
ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെക്കുറിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനും അറിവും സമ്മതവും ഉണ്ടായിരുന്നുവെന്നാണ് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് ദിവസം മുമ്പ് ഹമാസിന് അവസാന മുന്നറിയിപ്പ് നൽകുന്നുവെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. വെടിനിർത്തൽ ധാരണകൾ അംഗീകരിക്കുന്നത് സംബന്ധിച്ചായിരുന്നു ട്രംപിൻ്റെ മുന്നറിയിപ്പ്. ഇത് തൻ്റെ അവസാന മുന്നറിയിപ്പാണെന്നും ഇനി മറ്റൊരെണ്ണം ഉണ്ടാകില്ലെന്നും തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചിരുന്നു.
ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണം തികച്ചും അപ്രതീക്ഷിതമായിരുന്നു. ഇസ്രയേൽ പ്രധാനമായും ലക്ഷ്യമിട്ടത് വെടിനിർത്തൽ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന ഹമാസിൻ്റെ മുതിർന്ന നേതാവായ ഖലീൽ അൽ-ഹയ്യയെ ആണെന്നാണ് റിപ്പോർട്ടുകൾ. ഇസ്രയേലുമായി കഴിഞ്ഞ രണ്ട് വർഷത്തോളമായി തുടരുന്ന പോരാട്ടത്തിൽ നിരവധി മുൻനിര നേതാക്കളെ ഹമാസിന് നഷ്ടമായിരുന്നു. ഈ സാഹചര്യത്തിൽ നിലവിൽ ഹമാസിൻ്റെ ഏറ്റവും പ്രധാന നേതാവും രാഷ്ട്രീയകാര്യ സമിതിയിലെ പ്രധാനിയുമാണ് ഖലീൽ അൽ-ഹയ്യ.
ഇസ്മായിൽ ഹനിയ, യഹ്യ സിൻവാർ എന്നിവരുടെ കൊലപാതകത്തെ ത്തുടർന്ന് ഹമാസിന്റെ പ്രധാന സ്ഥാനം വഹിക്കുന്ന മുതിർന്ന നേതാവാണ് ഖലീൽ അൽ-ഹയ്യ.
ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. എന്നാൽ പ്രധാന നേതാക്കളെല്ലാം സുരക്ഷിതരാണെന്നാണ് ഹമാസ് വ്യക്തമാക്കുന്നത്. ഖത്തറി സുരക്ഷാ ഉദ്യോഗസ്ഥൻ അടക്കം ആറ് പേർ കൊല്ലപ്പെട്ടതായാണ് ഹമാസ് വ്യക്തമാക്കിയിരിക്കുന്നത്. കൊല്ലപ്പെട്ടവരിൽ ഖാലിദ് അൽ-ഹയ്യയുടെ മകനും അടുത്ത സഹായിയും ഉൾപ്പെടുന്നതായാണ് പറയുന്നത്. ഈ ആക്രമണം നടക്കുമ്പോൾ ഹമാസിൻ്റെ പ്രധാന നേതാക്കൾ ഇസ്രയേൽ ലക്ഷ്യം വെച്ച കെട്ടിടത്തിൽ ഇല്ലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.