ഇടതുപക്ഷത്തെ കൈവിട്ട് ബൊളീവിയ; റോഡ്രിഗോ പാസിന് വിജയം

ബൊളീവിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മധ്യവലതുപക്ഷ നേതാവായ റോഡ്രിഗോ പാസ് വിജയിച്ചു. ഞായറാഴ്ച നടന്ന രണ്ടാം റൌണ്ട് തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധിയായ റോഡ്രിഗോ 54.60 ശതമാനം വോട്ടുകൾ നേടിയാണ് വിജയിച്ചത്. പതിറ്റാണ്ടുകൾ നീണ്ട ഇടതു- സോഷ്യലിസ്റ്റ് ഭരണത്തിനാണ് ഇതോടെ അവസാനമായത്.
രണ്ടാം ഘട്ട വോട്ടെടുപ്പിൽ തീവ്ര വലതുപക്ഷ സ്ഥാനാർത്ഥി ജോർജ് ട്യൂട്ടോ ക്വിറോഗയെയാണ് മിതവാദി നേതാവായ റോഡ്രിഗോ പാസ് പരാജയപ്പെടുത്തിയത്. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ ബൊളീവിയയെ വിശാലമായ അന്താരാഷ്ട്ര നിക്ഷേപത്തിനായി തുറന്നുകൊടുക്കുമെന്നും സ്വകാര്യമേഖലയുടെ വളർച്ചയെ ഉത്തേജിപ്പിക്കുമെന്നും വിജയ റാലിയിൽ റോഡ്രിഗോ പാസ് പറഞ്ഞു.
ഇവോ മൊറേൽസിന്റെ നേതൃത്വത്തിൽ 2006ൽ തുടക്കമിട്ട മൂവ്മെന്റ് ഫോർ സോഷ്യലിസം പാർട്ടിയുടെ രണ്ട് പതിറ്റാണ്ട് നീണ്ട ഭരണമാണ് അവസാനിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും, ഭരണകക്ഷിയായ മാസ് പാർട്ടിക്കുള്ളിലെ അഭിപ്രായഭിന്നതയുമാണ് അധികാരം നഷ്ടമാകാൻ കാരണമായത്. ഇടതുപക്ഷ വോട്ടർമാർക്കുകൂടി താൽപര്യമുള്ള മിതവാദ രാഷ്ട്രീയമാണ് 58കാരനായ റോഡ്രിഗോക്ക് വിജയമൊരുക്കിയത്. തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടിൽ തന്നെ മാസിന്റെ സ്ഥാനാർത്ഥി പുറത്തായിരുന്നു.