ഇസ്രായേലി കപ്പലുകള്ക്ക് നിരോധനമേര്പ്പെടുത്തി മലേഷ്യ
ഗാസയിൽ ഇസ്രായേൽ സൈന്യം നടത്തുന്ന മനുഷ്യക്കുരുതിയിൽ പ്രതിഷേധിച്ച് ഇസ്രായേലിൻറെ കപ്പലുകള്ക്ക് മലേഷ്യൻ തുറമുഖങ്ങളിൽ പ്രവേശനം നിരോധിച്ചു.
ഫലസ്തീനികള്ക്കെതിരായ ഇസ്രയേലിന്റെ മനുഷ്യത്വരഹിതമായ നടപടികളോടുള്ള പ്രതികരണമായാണ് ഈ നിരോധനം എന്നാണ് മലേഷ്യയുടെ പ്രധാനമന്ത്രി അൻവര് ഇബ്രാഹിം ഔദ്യോഗിക പ്രസ്താവനയില് വെളിപ്പെടുത്തിയത്. ഗാസയിൽ പലസ്തീനികള്ക്കെതിരെ ഇസ്രായേല് സൈന്യം നടത്തുന്ന കൂട്ടക്കൊലയും ക്രൂരതയും എല്ലാ അതിരുകളും ലംഘിച്ചുവെന്നും, അത് ഉടനടി നിർത്താൻ ഇസ്രായേൽ തയ്യാറാവണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രായേലിൻറെ പതാകയുമായി വരുന്ന ഒരൊറ്റ കപ്പൽ പോലും ഇനി മുതല് രാജ്യത്തെ തുറമുഖങ്ങളില് പ്രവേശിപ്പിക്കില്ല. ഇസ്രായേലിലേക്കു പോകുന്ന കപ്പലുകളില് മലേഷ്യൻ തുറമുഖങ്ങളില്നിന്ന് ചരക്ക് കയറ്റുന്നതിനും ഈ നിരോധനം ബാധകമാണ്. ഈ നിയന്ത്രണങ്ങള് ഉടനടി പ്രാബല്യത്തില് വരുമെന്നാണ് പ്രസ്താവനയില് പറയുന്നത്. അതായത് വ്യാപാരരംഗത്ത് ഒരു സമ്പൂർണ്ണ നിരോധനമാണ് മലേഷ്യ ഇസ്രായേലിന് മുകളിൽ ഏർപ്പെടുത്തുന്നത്.
നേരത്തെ ഇസ്രായേലിലേക്ക് പോകുന്ന എല്ലാ കപ്പലുകളും ആക്രമിക്കുമെന്ന് യമനിലെ ഹൂതികൾ പറഞ്ഞിരുന്നു. അവർ പറഞ്ഞത് പോലെ തന്നെ ഇപ്പോൾ, ചെങ്കടല്വഴി ഇസ്രായേലിലേക്ക് പോകുന്ന കപ്പലുകള് എല്ലാം തന്നെ ഹൂതി സംഘം ആക്രമിക്കുകയാണ്. ഈ നിരന്തരമായുള്ള ആക്രമണത്തിന്റെ പശ്ചാത്തലത്തില് ഒട്ടേറെ ഷിപ്പിങ് കമ്ബനികള് ചെങ്കടലിൽ കൂടിയുള്ള തങ്ങളുടെ ചരക്കുനീക്കം താല്ക്കാലികമായി നിര്ത്തിവെക്കുകയും ചെയ്തു. കൂടാതെ ഷിപ്പിങ് ഇൻഷുറൻസ് കമ്പനികൾ തങ്ങളുടെ പ്രീമിയം വല്ലാതെ കൂട്ടുകയും ചെയ്തിട്ടുണ്ട്.
ഇപ്പോൾ ചെങ്കടൽ വഴി യാത്ര ചെയ്യുന്ന കപ്പലുകളുടെ സംരക്ഷണത്തിന് പുതിയ ഒരു സേന തന്നെ ഉണ്ടാക്കാനുള്ള നീക്കത്തിലാണ് അമേരിക്കയും മറ്റ് രാജ്യങ്ങളും. ഹൂതി വിമതര് ചരക്കുകപ്പലുകള്ക്കുനേരെ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ ഇതല്ലാതെ വേറെ ഫലപ്രദമായ മാർഗം ഒന്നും തന്നെയില്ലെന്നാണ് അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറയുന്നത്. ഇതൊരു അന്താരാഷ്ട്ര വെല്ലുവിളിയായി കാണണം എന്നും, ആവശ്യമായ നടപടികൾ എല്ലാവരും ചേർന്ന് ഉടനെ കൈക്കൊള്ളണം എന്നും ഓസ്റ്റിൻ പറയുന്നു. അതിനാല്, ‘ഓപറേഷൻ പ്രോസ്പെരിറ്റി ഗാര്ഡിയൻ’ എന്ന സേനക്ക് രൂപം നല്കുക ആണെന്നാണ് അദ്ദേഹം പറയുന്നത്. ബ്രിട്ടൻ, ബഹ്റൈൻ, കാനഡ, ഫ്രാൻസ്, ഇറ്റലി, ഹോളണ്ട് , നോര്വേ, സ്പെയിൻ, സീഷെൽസ് എന്നെ രാജ്യങ്ങളാണ് ഈ സഖ്യത്തിൽ ഇപ്പോൾ ചേരുന്നത്. ഈ കൂട്ടായ്മയിലെ ചില രാജ്യങ്ങള് ചെങ്കടലിലും ഏഡൻ ഉള്ക്കടലിലും സംയുക്ത പട്രോളിങ് നടത്തും. മറ്റ് രാജ്യങ്ങള് ആവശ്യമായ ഇന്റലിജൻസ് പിന്തുണയും മറ്റ് സഹായങ്ങളും നല്കും എന്നുമാണ് ഓസ്റ്റിൻ പറഞ്ഞത് .
കഴിഞ്ഞ വര്ഷം ചെങ്കടലിലെ സുരക്ഷ വര്ധിപ്പിക്കാൻ ഏപ്രിൽ മാസത്തിൽ രൂപം നല്കിയ കംബൈൻഡ് ടാസ്ക് ഫോഴ്സ് 153 ആയിരിക്കും ഇതിന് മേൽനോട്ടം വഹിക്കുക. കംബൈൻഡ് ടാസ്ക് ഫോഴ്സില് 39 രാജ്യങ്ങളാണുള്ളത്. ഹൂതികളുടെ ആക്രമണം നേരിടാൻ അമേരിക്കൻ യുദ്ധക്കപ്പലുകളായ യു.എസ്.എസ് കാര്ണി, യു.എസ്.എസ് സ്റ്റെതം, യു.എസ്.എസ് മാസണ് എന്നിവയും ഇപ്പോൾ ചെങ്കടലില് പട്രോളിങ് നടത്തുന്നുണ്ട്. പക്ഷെ ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കുന്നത് വരെ, ഇസ്രായേലുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ള കപ്പലുകള്ക്കു നേരെ ആക്രമണം നടത്തുമെന്ന് തന്നെയാണ് ഹൂതികൾ പറയുന്നത്. അമേരിക്ക ഇപ്പോൾ ഉണ്ടാക്കിയ പുതിയ സേനയുടെ പ്രഖ്യാപനത്തിന് മറുപടി ആയാണ് ഹൂതികൾ ഈ കാര്യം പറഞ്ഞത്. ഇപ്പോൾ ഉള്ള രാജ്യങ്ങൾ മാത്രമല്ല, ലോകത്തുള്ള മുഴുവനും രാജ്യങ്ങളെയും അമേരിക്ക ഒരുമിച്ച് കൊണ്ടുവന്നാലും തങ്ങളുടെ സൈനിക നടപടി നിര്ത്തില്ലെന്ന് മുതിര്ന്ന ഹൂതി നേതാവായ മുഹമ്മദ് അല് ബുഖാരി പറഞ്ഞു. ഇതിനായി തങ്ങൾ എന്ത് വില നൽകാനും തയ്യാറായാണെന്നും അദ്ദേഹം പറയുന്നുണ്ട്. ഗസ്സയിലെ ആക്രമണം നിർത്തുകയും മരുന്നും ഭക്ഷണവും ഉള്പ്പെടെയുള്ള അത്യാവശ്യ വസ്തുക്കള് യുദ്ധത്തിന്റെ കെടുതി അനുഭവിക്കുന്ന ജനങ്ങള്ക്ക് ലഭിക്കുകയും ചെയ്താല് മാത്രമേ തങ്ങള് ആക്രമണം നിര്ത്തുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. വെറുതെ പറയുക മാത്രമല്ല, ഹൂതികൾ ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളില് 14 ഓളം ചരക്ക് കപ്പലുകള്ക്കു നേരെ അവർ ആക്രമണം നടത്തിയിരുന്നു.