ഇന്ത്യക്കാരുടെ അമേരിക്കൻ മോഹങ്ങളുടെ ചിറക് അരിയുന്ന പുതിയ ബിൽ; എച്ച് 1 ബി വിസ പൂർണ്ണമായി ഇല്ലാതാക്കാൻ നീക്കം
അമേരിക്കൻ പൗരത്വം ലഭിക്കുന്നതിന് വിദേശ തൊഴിലാളികളുടെ പ്രധാന മാർഗ്ഗങ്ങളിലൊന്നായ എച്ച്-1ബി വീസ പദ്ധതി പൂർണ്ണമായി ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് അമേരിക്കൻ ജനപ്രതിനിധി സഭയിൽ ബിൽ അവതരിപ്പിക്കാനൊരുങ്ങി റിപ്പബ്ലിക്കൻ പാർട്ടി അംഗമായ മാജറി ടെയ്ല ഗ്രീൻ.
ഈ പദ്ധതി നിർത്തലാക്കുന്നതിലൂടെ, എച്ച്-1ബി വീസ വഴി അമേരിക്കയിൽ എത്തുന്ന വിദേശികൾക്ക് പൗരത്വം നേടാനുള്ള വഴി അടയുമെന്നാണ് ഗ്രീൻ വ്യക്തമാക്കുന്നത്. നിലവിലെ നിയമം മാറ്റി, ജോലിക്ക് വേണ്ടി അമേരിക്കയിൽ എത്തുന്ന വിദേശികൾ വീസ കാലാവധി കഴിയുമ്പോൾ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകണം എന്നതാണ് ബില്ലിന്റെ പ്രധാന ആവശ്യം.
എച്ച്-1ബി വീസയുടെ യഥാർത്ഥ ലക്ഷ്യം “താൽക്കാലികമായിരിക്കണം” എന്നതായിരുന്നുവെന്നും, ആളുകളെ അമേരിക്കയിൽ സ്ഥിരമായി താമസിക്കാൻ അനുവദിക്കരുത് എന്നുമാണ് ഗ്രീനിന്റെ നിലപാട്. ഈ വീസ ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും അമേരിക്കൻ പൗരന്മാർക്ക് അവസരങ്ങൾ എല്ലാം നഷ്ടപ്പെടുന്നു എന്നും അവർ ആരോപിക്കുന്നു. എന്നാൽ ഈ പുതിയ ബിൽ മറ്റ് തൊഴിൽ മേഖലകളിലുള്ള വിദേശ തൊഴിലാളികളുടെ അവസരങ്ങൾ പൂർണ്ണമായും ഇല്ലാതാക്കുന്നതാണ്.
ഗ്രീനിന്റെ ബില്ലിൽ ഒരു ഇളവ് മാത്രമാണ് അനുവദിക്കുന്നത്. ഡോക്ടർമാർ, നഴ്സുമാർ തുടങ്ങിയ മെഡിക്കൽ രംഗത്തെ വിദഗ്ധർക്ക് പ്രതിവർഷം 10,000 വീസകൾ എന്ന പരിധിയിൽ താൽക്കാലികമായി ഇളവ് നൽകും. എന്നാൽ, അമേരിക്കൻ മെഡിക്കൽ ശൃംഖല കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി ഈ 10,000 വീസയുടെ പരിധി പോലും 10 വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി നിർത്തലാക്കും.
പ്രധാനമായും സാങ്കേതിക മേഖലയിലും ആരോഗ്യരംഗത്തും പ്രവർത്തിക്കുന്ന ഇന്ത്യക്കാരാണ് എച്ച്-1ബി വീസ ഉടമകളിൽ വലിയൊരു വിഭാഗവും. ഈ വീസ ലഭിക്കുന്നവർക്ക് ഗ്രീൻ കാർഡിനായി അപേക്ഷിക്കാനും തുടർന്ന് അമേരിക്കൻ പൗരത്വം നേടാനും സാധിച്ചിരുന്നു. പുതിയ നിയമം വന്നാൽ, ഈ പൗരത്വ സാധ്യത പൂർണ്ണമായും ഇല്ലാതാകും. നിലവിൽ പ്രതിവർഷം 65,000 സാധാരണ എച്ച്-1ബി വീസകളും ഉന്നത ബിരുദമുള്ളവർക്ക് 20,000 വീസകളുമാണ് അമേരിക്ക അനുവദിക്കുന്നത്.
ജോർജിയയിൽനിന്നുള്ള ജനപ്രതിനിധി ആണ് മാജറി ടെയ്ല ഗ്രീൻ. അവർ എക്സിൽ പങ്കുവച്ച വിഡിയോയിൽ കൂടിയാണ് ഈ കാര്യങ്ങൾ അറിയിച്ചത്.
അമേരിക്കയിലെ ജനങ്ങളുടെ ജീവൻ രക്ഷിക്കുന്ന, അവർക്കു പരിചരണം നൽകുന്ന ഡോക്ടർമാർ, നഴ്സുമാർ തുടങ്ങിയ മെഡിക്കൽ വിദഗ്ധർക്ക് നൽകുന്ന വീസകൾക്കു മാത്രമാണ് ഇനി മുതൽ ഇളവുകൾ നൽകുന്നത്.
ആളുകളെ ഇവിടെ എന്നെന്നേക്കുമായി വന്നു താമസിക്കാൻ അനുവദിക്കരുത്. അവരുടെ വൈദഗ്ധ്യത്തിന് ഞങ്ങൾ നന്ദി പറയുന്നു, പക്ഷേ അവർക്ക് സ്വന്തം നാട്ടിലേക്കു മടങ്ങാൻ കഴിയട്ടെ എന്ന് ഞങ്ങൾ ആശംസിക്കുകയും ചെയ്യുന്നു എന്നാണ് ഗ്രീൻ ആ വീഡിയോയിൽ പറയുന്നത്.
വിദേശികൾക്കു പകരം അമേരിക്കൻ പൗരന്മാർക്കു മുൻഗണന നൽകേണ്ട സമയമാണിത്. വളരെക്കാലമായി ഈ രാജ്യത്ത് ദുരുപയോഗം നടക്കുന്നു. അമേരിക്കക്കാർക്കും നല്ല ഭാവിക്കും അവസരത്തിനും അർഹതയുണ്ട്. ലോകത്തെ ഏറ്റവും കഴിവുള്ളവരും ക്രിയേറ്റിവ് ആയ ആളുകളും അമേരിക്കക്കാരാണെന്നു ഞാൻ വിശ്വസിക്കുന്നു, അവർക്ക് അവരുടെ അമേരിക്കൻ സ്വപ്നം യാഥാർഥ്യമാക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.
കഴിഞ്ഞ വർഷം മാത്രം അമേരിക്കയിൽ മെഡിക്കൽ സ്കൂളിൽനിന്ന് ബിരുദം നേടിയ ഒമ്പതിനായിരത്തിൽ അധികം ഡോക്ടർമാർക്ക് റസിഡൻസി ലഭിച്ചിരുന്നില്ല. അതേസമയം, 2023 ൽ മാത്രം അയ്യായിരത്തിൽ കൂടുതൽ വിദേശ ഡോക്ടർമാർക്ക് റസിഡൻസി ലഭിച്ചു. തികച്ചും അന്യായമാണിത്. ഈ ബിൽ രാജ്യത്തെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും ക്ഷാമം കുറയ്ക്കാൻ സഹായിക്കും എന്നും ഗ്രീൻ പറയുന്നു.
അമേരിക്കയിലെ പ്രത്യേക തൊഴിൽ മേഖലകളിൽ അതായത് ടെക്നോളജി, മെഡിസിൻ, എഞ്ചിനീയറിങ് എന്നീ മേഖലകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ കമ്പനികൾ ഉപയോഗിക്കുന്ന വീസ പദ്ധതിയാണ് എച്ച് 1 ബി. ഇത് ഇല്ലാതായാൽ ഇന്ത്യക്കാർ അടക്കമുള്ളവർക്ക് ഗ്രീൻ കാർഡോ, അതിന് ശേഷമുള്ള യു എസ് പൗരത്വമോ ലഭിക്കില്ല. ‘അമേരിക്ക ഫസ്റ്റ്’ എന്ന നിലപാട് സ്വീകരിച്ച് കൊണ്ട്, അമേരിക്കൻ തൊഴിലാളികൾക്ക് മുൻഗണന നൽകാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.












