ഉത്തരകൊറിയയ്ക്ക് ആണവ മിസൈല്‍ അന്തര്‍വാഹിനി
ആണവ മിസൈല്‍ വിക്ഷേപിക്കാൻ ശേഷിയുണ്ടെന്ന് അവകാശപ്പെടുന്ന അന്തര്‍വാഹിനി ഉത്തരകൊറിയ പുറത്തിറക്കി. ഉത്തരകൊറിയൻ മേധാവി കിം ജോംഗ് ഉൻ നാവികസേനാ ഉദ്യോഗസ്ഥര്‍ക്കൊപ്പം അന്തര്‍വാഹിനി പുറത്തിറക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രവും പുറത്തുവിട്ടിട്ടുണ്ട്.
ഹീറോ കിം കുൻ ഓക് എന്നാണ് അന്തര്‍വാഹിനിയുടെ പേര്. എത്ര മിസൈലുകള്‍ വഹിക്കാൻ കഴിയുമെന്ന് ഉത്തരകൊറിയ വെളിപ്പെടുത്തിയിട്ടില്ല. സമുദ്രത്തിനടിയില്നിന്നു മിസൈലുകള്‍ വിക്ഷേപിക്കാൻ കഴിയുന്ന അന്തര്‍വാഹിനികള്‍ നിര്‍മിക്കാൻ ഉത്തരകൊറിയ കുറേനാളായി ശ്രമിക്കുന്നതായി വാർത്തകൾ വന്നിരുന്നു.
അതേസമയം, ഇത് പുതുതായി നിര്‍മിച്ചതല്ലെന്ന് ചില വിദഗ്ധര്‍ പറയുന്നത്. സോവിയറ്റ് കാലത്തെ അന്തര്‍വാഹിനി നവീകരിച്ചതാണെന്നാണ് അവർ പറയുന്നത്. ഡീസല്‍ എൻജിനില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനിയുടെ കാര്യശേഷിയിലും സംശയം ഉയര്‍ന്നിട്ടുണ്ട്.