നെതന്യാഹുവിനെപ്പോലെ വളഞ്ഞ് പറക്കില്ല, പുടിൻ നേരെ ഹംഗറിയിലേക്ക് പോകും; റഷ്യൻ പ്രസിഡൻറിനെ അറസ്റ്റ് ചെയ്യാൻ ധൈര്യമുള്ളവർ യൂറോപ്പിലുണ്ടോ??

യുക്രെയ്നുമായുള്ള യുദ്ധത്തിൽ വെടിനിർത്തൽ സംബന്ധിച്ച് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള അടുത്തവട്ട ചർച്ച ഹംഗറിയിൽ നടക്കുമെന്നാണ് അഭ്യൂഹങ്ങൾ. നേരത്തെ അലാസ്കയിൽ നടന്ന ട്രംപ്-പുടിൻ കൂടിക്കാഴ്ചയുടെ തുടർച്ച ഹംഗറിയിൽ നടക്കുമെന്ന നിലയിലുള്ള പ്രതികരണങ്ങൾ ഹംഗേറിയൻ പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു. എന്നാൽ പുടിൻ ഇവിടേയ്ക്ക് എത്തുന്നത് എങ്ങനെയെന്നാണ് ഇപ്പോളത്തെ ചർച്ചകൾ.
അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട് നേരിടുന്ന പുടിന് അങ്ങനെ എളുപ്പം ഹംഗറിയിലെത്താൻ കഴിയുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. പുടിൻ ഹംഗറിയിലെത്തുന്നതിന് തടസ്സമായി മറ്റ് ചിലകാര്യങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്. യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധനം അടക്കമുള്ള തടസ്സങ്ങളാണ് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്.
യുദ്ധക്കുറ്റകൃത്യങ്ങൾ ആരോപിച്ചും യുദ്ധസമയത്ത് യുക്രേനിയൻ കുട്ടികളെ നിയമവിരുദ്ധമായി നാടുകടത്തിയെന്ന് ചൂണ്ടിക്കാണിച്ചുമാണ് 2023-ൽ പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇത്തരത്തിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചവരെ അറസ്റ്റ് ചെയ്യാൻ ഐസിസിയ്ക്ക് സ്വന്തമായി ഒരു സംവിധാനമില്ല. നേരിട്ട് അറസ്റ്റ് ചെയ്യാൻ ഐസിസിക്ക് അധികാരമില്ല എന്നതാണ് വാസ്തവം. ഇത്തരം അറസ്റ്റ് വാറണ്ടുകൾ നടപ്പിലാക്കാൻ ഐസിസിക്ക് അംഗരാജ്യങ്ങളുടെ സഹകരണം വേണം.
അറസ്റ്റ് വാറണ്ടുള്ള വ്യക്തി ഏതെങ്കിലും അംഗരാജ്യങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ചാൽ പോലും അവരെ അറസ്റ്റ് ചെയ്യാൻ സാധിക്കും. തങ്ങളുടെ വ്യോമമേഖലയിലൂടെ പറന്നാൽ നിർബന്ധപൂർവ്വം വിമാനം ലാൻഡ് ചെയ്യിക്കാനും നിർദ്ദേശം നിരസിച്ചാൽ, ആ വിമാനം വെടിവെച്ചിടാനും സാങ്കേതികമായി തടസ്സമില്ലെന്നാണ് പറയുന്നത്.
എന്നാൽ 2025ൽ ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിൻ്റെ സന്ദർശനുമായി ബന്ധപ്പെട്ട് ഹംഗറി കരാറിൽ നിന്നും പിന്മാറിയിരുന്നു. നിലവിൽ ഐസിസി അംഗമല്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്ന സാഹചര്യത്തിൽ ബുഡാപെസ്റ്റിൽ എത്തുന്ന പുടിനെ അറസ്റ്റ് ചെയ്യേണ്ട ബാധ്യത ഹംഗറിക്കില്ലെന്നും ഉണ്ടെന്നും പറയപ്പെടുന്നു. എന്നാൽ പുടിൻ എത്തിയാൽ അറസ്റ്റ് ചെയ്യണമെന്ന് ഹംഗറിയോട് ജർമ്മനി ആവശ്യപ്പെട്ടിട്ടുണ്ട്.
പുടിന് ഹംഗറിയിലെത്തണമെങ്കിൽ ഐസിസിയെ അംഗീകരിച്ച രാജ്യങ്ങളുടെ വ്യോമാതിർത്തിയും മറികടക്കേണ്ടതുണ്ട്. അനുവാദമില്ലാതെ ഇതുവഴിയുള്ള വ്യോമപാത ഉപയോഗിക്കാൻ റഷ്യൻ പ്രസിഡൻ്റിന് സാധിക്കില്ല. എങ്കിലും നിലവിലെ സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡൻ്റ് മുൻകൈ എടുത്ത് നടക്കുന്ന ഒരു ചർച്ചയ്ക്കായി ഹംഗറിയിലേയ്ക്ക് പോകുന്ന പുടിന് യൂറോപ്യൻ യൂണിയനും നാറ്റോ അംഗരാജ്യങ്ങളും തടസ്സങ്ങൾ സൃഷ്ടിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. യൂറോപ്യൻ യൂണിയൻ റഷ്യയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളിൽ റഷ്യയുടെ വ്യാപാരത്തിന് മാത്രമാണ് നിയന്ത്രണങ്ങളുള്ളത് അതുകൊണ്ട് പുടിന് യാത്രാവിലക്കില്ലെന്നതും റിപ്പോർട്ടുകളുണ്ട്.
അപ്പോഴും അറസ്റ്റ് വാറണ്ടുള്ള പുടിനെ നിർബന്ധപൂർവ്വം അറസ്റ്റ് ചെയ്യാൻ പുടിൻ്റെ വിമാനം കടന്നു പോകുന്ന ഐസിസി, യൂറോപ്യൻ യൂണിയൻ, നാറ്റോ അംഗരാജ്യങ്ങൾക്ക് കഴിയുമെന്നത് പ്രധാനമാണ്. അതിനാൽ തന്നെയാണ് പുടിൻ റഷ്യയിൽ നിന്ന് എങ്ങനെ ബുഡാപെസ്റ്റിലേയ്ക്ക് പറക്കും എന്ന ചർച്ചയും വലിയ രീതിയിൽ നടക്കുന്നത്.
പുടിൻ ഹംഗറിയിലെത്തിയാൽ യുക്രെയ്നുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ഏതെങ്കിലും ഒരു യൂറോപ്യൻ യൂണിയൻ രാജ്യത്തിലേയ്ക്കുള്ള പുടിൻ്റെ ആദ്യയാത്രയാകും അത്. ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനുശേഷം പുടിൻ തന്റെ അന്താരാഷ്ട്ര യാത്രകൾ പരിമിതപ്പെടുത്തിയിട്ടുമുണ്ട്.
നേരത്തെ ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ പങ്കെടുക്കുന്നതിനായി അമേരിക്കയിലേയ്ക്ക് പറക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെത്യന്യാഹു ചുറ്റിവളഞ്ഞ് സഞ്ചരിച്ചത് വാർത്തയായിരുന്നു. ഐസിസിയുടെ അറസ്റ്റ് വാറണ്ടാണ് നെതന്യാഹുവിനെ ഈ നിലയിൽ വളഞ്ഞ് യാത്ര ചെയ്യിപ്പിച്ചത്. ഏകദേശം 600 കിലോമീറ്ററോളം കൂടുതൽ സഞ്ചരിക്കേണ്ടി വരുന്ന ഒരു വ്യോമപാതയാണ് അമേരിക്കയിലേയ്ക്കുള്ള യാത്രയിൽ നെതന്യാഹു തിരഞ്ഞെടുത്തത്. യൂറോപ്പിൽ അടിയന്തര ലാൻഡിംഗ് ഒഴിവാക്കുക എന്നതായിരുന്നു നെതന്യാഹുവിന്റെ ലക്ഷ്യം എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
എന്നാൽ പുടിൻ അത് ചെയ്യില്ലെന്നാണ് റഷ്യൻ മാധ്യമമാണ് പറയുന്നത്. പുടിനെ അറസ്റ്റ് ചെയ്യാൻ ശേഷിയുള്ള ഒരൊറ്റ യൂറോപ്യൻ രാജ്യവും ഇല്ലെന്നാണ് അവരുടെ കണക്ക് കൂട്ടൽ. അതുകൊണ്ട് സാധാരണപോലെ ഏറ്റവും എളുപ്പമാർഗത്തിൽ കൂടിയായിരിക്കും പുടിൻ ഹംഗറിയിലേക്ക് എത്തുന്നത്.