ഇനി ഇസ്രായേൽ ഇവരെ മറന്നേക്കൂ, മൃതദേഹങ്ങൾ പോലും കിട്ടില്ല; 47 ബന്ദികളുടെ ”യാത്രാമൊഴി” ചിത്രവുമായി ഹമാസിൻറെ ഭീഷണി

ഇസ്രായേലി സൈന്യം ഗാസയിൽ കരയാക്രമണം ശക്തമാക്കുന്നതിനിടയിൽ തങ്ങളുടെ പിടിയിലുള്ള 47 ബന്ദികളുടെ ‘യാത്രാമൊഴി ചിത്രം’ പുറത്തുവിട്ട് ഭീഷണി ഉയർത്തുകയാണ് ഹമാസ്. ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെയും സൈനിക മേധാവി സമിറിൻ്റെയും നിലപാടുകളാണ് ഈ കടുത്ത തീരുമാനത്തിന് കാരണമെന്നും ഹമാസ് ആരോപിക്കുന്നു.
ഹമാസിൻ്റെ ഈ പുതിയ ഭീഷണി വന്നതോടെ ആയിരക്കണക്കിന് ഇസ്രായേലികൾ തെരുവിലിറങ്ങി നെതന്യാഹു സർക്കാരിനെതിരെ പ്രതിഷേധിച്ചു. യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെ തിരിച്ചെത്തിക്കാനും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഹമാസ് പുറത്തിറക്കിയ പോസ്റ്ററിൽ അറബിയിലും ഹീബ്രുവിലും എഴുത്തുകളുണ്ട്.
ഗസ്സയിലെ ഇസ്റാഈലിന്റെ ക്രൂരമായ ആക്രമണം സകല സീമയും വിട്ടുകൊണ്ടിരിക്കെയാണ് ഗസ്സയിൽ തടവിലാക്കപ്പെട്ട 47 ഇസ്റാഈലി ബന്ദികളുടെ “ഫെയർവെൽ ചിത്രം” പോസ്റ്റ് ചെയ്ത് ഹമാസിന്റെ സായുധ വിഭാഗം രംഗത്ത് വന്നത്.
ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും ഫോട്ടോകൾ ഉൾക്കൊള്ളുന്ന ചിത്രമാണ് ഖസ്സാം ബ്രിഗേഡ് ഓൺലൈനിൽ പോസ്റ്റ് ചെയ്തത്. ചിത്രത്തിലെ ഓരോരുത്തരുടെയും ഫോട്ടോയ്ക്ക് താഴെ “റോൺ അരദ്” എന്ന അടിക്കുറിപ്പ് ഉണ്ടായിരുന്നു. അതിനോടൊപ്പം പല നമ്പറുകളും ഓരോരുത്തർക്കും നൽകിയിട്ടുണ്ട്.
1986-ൽ അമൽ പ്രസ്ഥാനം പിടികൂടി ഹിസ്ബുള്ളയ്ക്ക് കൈമാറിയ ശേഷം ലെബനനിൽ കാണാതായ ഇസ്റാഈലി വ്യോമസേനാ ക്യാപ്റ്റനാണ് റോൺ അരദ്. റോൺ അരദ് തടവിൽ വെച്ച് മരിച്ചുവെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. പക്ഷേ റോൺ അരദിന് എന്ത് സംഭവിച്ചു എന്നത് ഇന്നും അവ്യക്തമായി തുടരുകയാണ്. ഇപ്പോളുള്ള ബന്ദികൾക്കും റോൺ ആരോദിന്റെ അവസ്ഥ തന്നെ വരുമെന്നുള്ള ഒരു സൂചനയാണ് ഹമാസ് നൽകുന്നത്. അതായത് വധിക്കപ്പെട്ടാലും മൃതദേഹം പോലും ഇസ്രായേലിന് കിട്ടില്ല എന്നൊരു വെല്ലുവിളി കൂടിയാണത്.
റോൺ ആരാദിൻ്റെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. മതപരമായി ജൂതർക്ക് മൃതദേഹങ്ങൾ ഏതു വിധേനയും കണ്ടെത്തേണ്ടതുണ്ട്. “സൈനികരെ ജീവനോടെയോ മരിച്ച നിലയിലോ ഒരിക്കലും ഉപേക്ഷിക്കില്ല” എന്നത് ഇസ്രായേൽ സൈന്യത്തിന്റെ ഒരു മുദ്രാവാക്യം തന്നെയാണ്.
2024 ജനുവരി മുതൽ മാർച്ച് വരെയുള്ള വെടിനിർത്തൽ സമയത്ത് ഹമാസ് 30 ബന്ദികളെ വിട്ടയച്ചിരുന്നു. 20 ഇസ്റാഈലി പൗരന്മാരേയും അഞ്ച് സൈനികരേയും അഞ്ച് തായ് പൗരന്മാരേയുമാണ് അന്ന് ഹമാസ് വിട്ടയച്ചത്.
ഹമാസുമായുള്ള വെടിനിർത്തൽ കരാറിൽ എത്താൻ ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിസമ്മതിക്കുന്നതും ഗസ്സ സിറ്റിയിൽ സൈനിക പ്രവർത്തനങ്ങൾ വിപുലീകരിക്കാനുള്ള സൈനിക മേധാവി ഇയാൽ സമീറിന്റെ തീരുമാനവുമാണ് ഇപ്പോളത്തെ യാത്രാമൊഴി പോസ്റ്റിന് കാരണമെന്ന് ഹമാസ് പറയുന്നു. ഗസ്സ കീഴടക്കാനുള്ള പദ്ധതികളെക്കുറിച്ചുള്ള ആഭ്യന്തര എതിർപ്പുകൾക്കിടയിലും , ഇയാൽ സമീർ കര, വ്യോമ ആക്രമണങ്ങളുമായി മുന്നോട്ട് പോകുമ്പോൾ, നെതന്യാഹു ഹമാസുമായുള്ള ചർച്ചകൾ നിരന്തരം നിരസിച്ചിരുന്നു.
ഇസ്റാഈൽ അധികാരികളുടെ കണക്കനുസരിച്ച് ഏകദേശം 20 തടവുകാർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അതേസമയം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറയുന്നത് ഈ സംഖ്യ കുറവായിരിക്കാമെന്നാണ്. ഹമാസിനെ നശിപ്പിക്കാൻ പ്രതിജ്ഞയെടുക്കുമ്പോൾ തന്നെ ജീവിച്ചിരിക്കുന്നതും മരിച്ചതുമായ എല്ലാ തടവുകാരെയും തിരികെ കൊണ്ടുവരുമെന്ന് ഇരു നേതാക്കളും പ്രതിജ്ഞയെടുത്തിരുന്നു.
ഇസ്രായേലിൽ വ്യാപകമായി പുതിയ ബഹുജന പ്രകടനങ്ങൾ നാടകക്കാനുള്ള സാധ്യതയും ഇപ്പോൾ കാണുന്നുണ്ട്. ഹമാസിന്റെ ഫെയർ വെൽ ചിത്രം പുറത്തുവന്നതിന് പിന്നാലെ ലക്ഷക്കണക്കിന് ആളുകൾ ടെൽ അവീവിലും മറ്റ് നഗരങ്ങളിലും റാലി നടത്താൻ പദ്ധതിയിടുന്നുണ്ട്. ഗസ്സയിലെ നരനായാട്ട് അവസാനിപ്പിക്കുന്നതിനും ബന്ദികളുടെ തിരിച്ചുവരവ് ഉറപ്പാക്കുന്നതിനും അടിയന്തരവും സമഗ്രവുമായ ഒരു കരാർ വേണമെന്ന് ബന്ദികളുടെ കുടുംബങ്ങളും പ്രതിഷേധക്കാരും ആവശ്യപ്പെട്ടുവരികയാണ്.
‘‘തടവുകാരെ ഗാസ നഗരത്തിന്റെ അയൽപക്കങ്ങളിൽ താമസിപ്പിച്ചിട്ടുണ്ട്. നെതന്യാഹു അവരെ കൊല്ലാൻ തീരുമാനിക്കാത്തിടത്തോളം കാലം അവരുടെ ജീവനെകുറിച്ച് ഞങ്ങൾക്ക് ആശങ്കയില്ല’’–എന്നാണ് അൽ ഖസ്സാം ബ്രിഗേഡ് പ്രസ്താവനയിൽ പറഞ്ഞത്.
ഹമാസ് 30 തടവുകാരെ വിട്ടയച്ചപ്പോൾ, 2000ത്തോളം പേരെയാണ് ഇസ്രയേൽ ഇതുവരെ വിട്ടയച്ചത്.