ബംഗ്ലാദേശില്‍ വ്യാപക സംഘര്‍ഷം, 300ഓളം വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് മടങ്ങി

സർക്കാർ ജോലിയില്‍ സംവരണം പ്രഖ്യാപിച്ചതിനെതിരെ നടക്കുന്ന വിദ്യാർത്ഥി – യുവജന പ്രക്ഷോഭം ശക്തി പ്രാപിച്ചതിന് പിന്നാലെ ബംഗ്ലാദേശില്‍ നിന്ന് 300 ഓളം ഇന്ത്യൻ വിദ്യാർത്ഥികള്‍ നാട്ടിലേക്ക് മടങ്ങി.
ഇന്നലെയാണ് വിദ്യാർത്ഥികള്‍ ഇന്ത്യയിലെത്തിയത്. അതേസമയം, ബംഗ്ലാദേശില്‍ സംഘർഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 104 ആയി. 2500ലേറെ പേർക്ക് ഗുരുതര പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
ബംഗ്ലാദേശില്‍ എംബിബിഎസ് അടക്കമുള്ള പഠനത്തിനായി പോയ വിദ്യാർത്ഥികളാണ് തിരികെ വന്നത്. ഉത്തർപ്രദേശ്, ഹരിയാന, മേഘാലയ, ജമ്മു കാശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് മടങ്ങിയവരിലേറെയും. ബംഗ്ലാദേശിലെ സംഘർഷാവസ്ഥ നിരീക്ഷിക്കുകയായിരുന്നവെന്നും, എന്നാല്‍ സ്ഥിതി വഷളായതിന് പിന്നാലെയാണ് ഇന്ത്യയിലേക്ക് മടങ്ങാൻ തീരുമാനിച്ചതെന്നും വിദ്യാർത്ഥികള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇന്റർനെറ്റ് സംവിധാനങ്ങള്‍ റദ്ദാക്കിയിരിക്കുകയാണ്. ഇതിനൊപ്പം കഴിഞ്ഞ ദിവസം മുതല്‍ ഫോണ്‍ സംവിധാനവും ഏറെക്കുറെ നിലച്ചു. ഇതോടെയാണ് ബംഗ്ലാദേശില്‍ നിന്ന് താല്‍ക്കാലികമായി മടങ്ങാൻ തീരുമാനിച്ചതെന്നും വിദ്യാർത്ഥികള്‍ വ്യക്തമാക്കി.