ഇന്ത്യയുടെ ത്രിശൂൽ അഭ്യാസം കണ്ട് നടുങ്ങി പാകിസ്ഥാൻ; ഇത് ഓപ്പറേഷൻ സിന്ദൂർ 2.0 ആണോയെന്ന ഭീതിയിലാണ് പാകിസ്ഥാൻ
ഓപ്പറേഷൻ സിന്ദൂരിന് ശേഷം, ഇപ്പോൾ ഇന്ത്യയുടെ ഏറ്റവും വലിയ സംയുക്ത സൈനികാഭ്യാസമായ ‘ത്രിശൂൽ’ അറബിക്കടലിൽ പുരോഗമിക്കുകയാണ്. എന്നാൽ ചില സമാന നീക്കങ്ങളുമായി പാകിസ്ഥാൻ. അതേ പ്രദേശത്ത് എത്തിയിട്ടുണ്ട്. നാവിക വെടിവെപ്പ് പരിശീലനത്തിനായി പാകിസ്ഥാൻ സമാന്തരമായി നാവിഗേഷൻ മുന്നറിയിപ്പ് പുറത്തിറക്കി.
നവംബർ 2 മുതൽ 5 വരെയാണ് പാകിസ്ഥാൻ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ത്യൻ പരിശീലനത്തിൽ ഒരു ഓപ്പറേഷൻ രണ്ടാം ഘട്ടം പാക്കിസ്ഥാൻ ഭയക്കുന്നുണ്ടോ എന്നാണ് മാധ്യമ റിപ്പോര്ട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയുടെ സംയുക്ത സൈനിക നീക്കങ്ങൾ നടക്കുന്ന മേഖലകളിൽ, 28,000 അടിക്ക് താഴെ പറക്കുന്ന വിമാനങ്ങൾക്കായി ഇന്ത്യ പുറത്തിറക്കിയ വ്യോമ മുന്നറിയിപ്പിന് പിന്നാലെയാണ് പാകിസ്ഥാൻ രംഗത്ത് വന്നത്. അന്താരാഷ്ട്ര അതിർത്തിയോട് ചേർന്ന് ഇന്ത്യ വലിയ തോതിലുള്ള സൈനികാഭ്യാസങ്ങൾ നടത്തുമ്പോൾ പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് ഇത്തരം പ്രതികരണങ്ങൾ പലപ്പോളും ഉണ്ടായിട്ടുമുണ്ട്.
ഇന്ത്യയുടെ കര-നാവിക-വ്യോമ സേനകളുടെ സംയുക്ത അഭ്യാസമായ ‘ത്രിശൂലിൽ’ 25 യുദ്ധക്കപ്പലുകളും, 40-ൽ അധികം യുദ്ധവിമാനങ്ങളും, ഏകദേശം 40,000 സൈനികരും പങ്കെടുക്കുന്നുണ്ട്. വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളിലും പ്രവർത്തന മേഖലകളിലും സംയോജിത ദൗത്യങ്ങൾ നടത്താനുള്ള ഇന്ത്യയുടെ കഴിവ് പ്രദർശിപ്പിക്കുന്ന ഒരു പ്രധാന അഭ്യാസമാണ് ‘ത്രിശൂൽ’ എന്ന് ഇൻ്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് സൂചിപ്പിച്ചിരുന്നു.
സംയുക്ത പ്രവർത്തനം, ആത്മനിർഭരത, നവീകരണം എന്നിവയിലൂടെ അതിർത്തികൾ സംരക്ഷിക്കാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയം ആണ് ‘ത്രിശൂൽ’ അഭ്യാസം വഴി ഉദ്ദേശിക്കുന്നത് എന്നും ഐഡിഎസ് വ്യക്തമാക്കി. അറബിക്കടലിൻ്റെ ചില ഭാഗങ്ങൾ, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് അഭ്യാസം നടക്കുന്നത്. റാൻ ഓഫ് കച്ച്, സിർ ക്രീക്ക് മേഖലകൾക്ക് അഭ്യാസം പ്രത്യേക ശ്രദ്ധ നൽകുന്നു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അടുത്തിടെ സന്ദർശിച്ച റാൻ ഓഫ് കച്ച്, സിർ ക്രീക്ക് മേഖലകളിലാണ് ‘ത്രിശൂൽ’ പ്രകടനം കൂടുതലും നടക്കുന്നത്. “അതിർത്തിക്കപ്പുറത്ത് നിന്ന് എന്തെങ്കിലും ‘ദുഷ്കൃത്യം’ ഉണ്ടായാൽ ഭൂമിശാസ്ത്രവും ചരിത്രവും തിരുത്തിയെഴുതേണ്ടി വരും” എന്ന് രാജ്നാഥ് സിംഗ് വളരെ കൃത്യമായത് ഒരു മുന്നറിയിപ്പ് നേരത്തെ നൽകിയിരുന്നു.
നാവിക ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ വൈസ് അഡ്മിറൽ എ.എൻ. പ്രമോദ് പറയുന്നതനുസരിച്ച്, ബഹിരാകാശം, സൈബർ യുദ്ധ ഘടകങ്ങൾ എന്നിവ സംയോജിപ്പിച്ചുള്ള സങ്കീർണ്ണമായ ബഹുമുഖ പരിശീലനമാണ് ‘ത്രിശൂൽ’. ഇന്ത്യയുടെ ലാൻഡിംഗ് പ്ലാറ്റ്ഫോം ഡോക്കായ ഐഎൻഎസ് ജലാശ്വയും മറ്റ് ചെറു കപ്പലുകളും പങ്കെടുക്കുന്ന ഈ അഭ്യാസം നവംബർ 13 വരെയാണ് നടക്കുന്നത്.
ഇന്ത്യൻ സൈനികാഭ്യാസത്തിന് മറുപടിയായി തങ്ങളും ചിലതൊക്കെ ചെയ്യുന്നുണ്ടെന്നും, ആയുധശക്തിയിൽ തങ്ങൾ പിന്നോട്ടല്ലന്നും കാണിക്കാനുള്ള നടപടിയായാണ് നിരീക്ഷകർ പാകിസ്താന്റെ ഇപ്പോളത്തെ നീക്കത്തെ കാണുന്നത്.
നേരത്തെ പാകിസ്ഥാന് മുന്നിറിയിപ്പുമായി ഇന്ത്യൻ കരസേനയുടെ പശ്ചിമ കമാൻഡർ ലഫ് ജനറൽ എം കെ കത്വാർ രംഗത്ത് വന്നിരുന്നു. ഓപ്പറേഷൻ സിന്ദൂർ 2.0 എന്നത് കൂടൂതൽ മാരകമായിരിക്കും.യുദ്ധം ചെയ്ത് ജയിക്കാനുള്ള ശേഷി എന്തായാലും പാകിസ്ഥാനില്ല. അതിനാൽ പഹൽഗാം മോഡൽ ആക്രമണങ്ങൾ വീണ്ടും നടത്തിയാൽ, ഇന്ത്യയുടെ തിരിച്ചടി മാരകമാകും.
ലോകരാജ്യങ്ങളോട് ഓപ്പറേഷൻ സിന്ദൂറിനെ സംബന്ധിച്ച് കരസേന വിശദീകരിച്ചതിന് പിന്നാലെയാണ് ഈ പ്രതികരണം ഉണ്ടായത്.
അതേസമയം ഓപ്പറേഷൻ സിന്ദൂർ പാഠ്യ വിഷയമാക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. മൂന്നാം ക്ളാസ് മുതലുള്ള പുസ്തകങ്ങളിൽ ഓപ്പറേഷൻ സിന്ദൂറും ഉൾപ്പെടുത്തും. ഇന്ത്യയുടെ പ്രതിരോധ ശേഷിയെക്കുറിച്ച് വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനായി എൻ സി ഇ ആർ ടി, ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ഒരു പ്രത്യേക വിദ്യാഭ്യാസ മൊഡ്യൂൾ തയ്യാറാക്കുകയാണെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നു.
മൂന്ന് മുതൽ എട്ട് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും ഒൻപത് മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുമായി രണ്ട് മൊഡ്യൂൾ ആണ് തയ്യാറാക്കുക. പഹൽഗാം ഭീകരാക്രമണത്തിന് ശേഷമുള്ള ഇന്ത്യയുടെ സൈനിക നീക്കങ്ങൾ 8 മുതൽ 10 വരെ പേജുകളിൽ ഉൾപ്പെടുത്താനാണ് തീരുമാനം. രാജ്യം എങ്ങനെയാണ് തീവ്രവാദത്തെ നേരിടുന്നതെന്നും ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിൽ പ്രതിരോധ സേനകൾ, നയതന്ത്രം എന്നിവയുടെ പങ്ക് എന്ത് മാത്രം വലുതാണെന്ന് വിദ്യാർത്ഥികൾക്ക് മനസ്സിലാക്കാനും വേണ്ടിയാണ് ഈ നീക്കം.













