ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തി, ഉക്രൈൻ ചുട്ടുകരിച്ച് വ്ലാദിമിർ പുടിൻ; അമേരിക്കയും ഉക്രൈനും തമ്മിലുള്ള സമാധാന ചർച്ചകൾക്കിടെ കനത്ത ആക്രമണം
ഇന്ത്യ സന്ദർശനം കഴിഞ്ഞ് തിരികെയെത്തിയ ശേഷം ഉക്രൈൻ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. യുക്രെയ്നിലേക്ക് കനത്ത വ്യോമാക്രമണം ആണ് റഷ്യ നടത്തിയത്. യുക്രെയ്നിലെ 29 കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
അറുനൂറിലധികം ഡ്രോണുകളും അമ്പതിലധികം മിസൈലുകളുമാണ് റഷ്യ തൊടുത്തു വിട്ടത്. സമാധാന പാക്കേജിനെപ്പറ്റി അമേരിക്കയും യുക്രെയ്നും തമ്മിലുള്ള ചർച്ചകൾ മൂന്നാം ദിവസത്തിലേക്ക് കടക്കാനിരിക്കെയായിരുന്നു ആക്രമണം ഉണ്ടായത്.
റഷ്യൻ ആക്രമണം എട്ട് പ്രദേശങ്ങളിൽ വൈദ്യുതി തടസ്സപ്പെടുത്തിയെന്ന് യുക്രെയ്ൻ പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ റഷ്യൻ ആക്രമണത്തെ അപലപിക്കുകയും ചെയ്തു.
യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഈ കനത്ത ആക്രമണം റഷ്യ നടത്തിയത്. യുക്രൈന് വ്യോമസേനയുടെ കണക്കുകള്‍ പ്രകാരം, റഷ്യ 653 ഡ്രോണുകളും 51 മിസൈലുകളുമാണ് ഉപയോഗിച്ചത്. യുക്രെയ്ന് സേന 585 ഡ്രോണുകളും 30 മിസൈലുകളും വെടിവെച്ചിടുകയോ നിര്‍വീര്യമാക്കുകയോ ചെയ്തു എന്നാണ് പറയുന്നത്. എന്നാല്‍ ശേഷിച്ച ഡ്രോണുകളും മിസൈലുകളും വലിയ നാശങ്ങള് വരുത്തി വെക്കുകയും ചെയ്തു.
കീവിലെ ഫാസ്റ്റിവ് നഗരത്തിലെ റെയിൽവേ സ്റ്റേഷന് റഷ്യയുടെ ആക്രമണത്തില്‍ കത്തി നശിച്ചു. യുക്രൈന്റെ പടിഞ്ഞാറന്‍ ഭാഗമായ ലിവ് മേഖലയില്‍ വരെ റഷ്യന്‍ ഡ്രോണുകളെത്തിയിരുന്നു. ആക്രമണങ്ങളില്‍ ആളപായമില്ലെങ്കിലും എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
റഷ്യന്‍ നിയന്ത്രണത്തിലുള്ള സാപോ രിഷിയ ആണവനിലയത്തിന്റെ പ്രവര്‍ത്തനത്തെയും ആക്രമണം ബാധിച്ചു എന്നാണ് റിപ്പോർട്ടുകൾ. ആണവനിലയത്തിലേക്കുള്ള പുറത്തുനിന്നുള്ള വൈദ്യുത വിതരണം ഡ്രോണ്‍ ആക്രമണങ്ങളെ തുടര്‍ന്ന് തടസ്സപ്പെട്ടു. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം വഴി, യുക്രൈന് പൗരന്മാര്ക്ക് ചൂട്, വെളിച്ചം, വെള്ളം എന്നിവ ലഭിക്കാതിരിക്കാനുള്ള ശ്രമമാണ് റഷ്യ നടത്തുന്നതെന്നും ഉക്രൈൻ ആരോപിച്ചു.
അതേസമയം, മറുപടിയായി യുക്രൈന് അയച്ച 116 ഡ്രോണുകളെ വെടിവെച്ചിട്ടതായി റഷ്യ അറിയിച്ചു. റിയാസാന്‍ ഓയില്‍ റിഫൈനറിയില്‍ യുക്രെയ്ന് ആക്രമണം നടത്തിയതായി റഷ്യന്‍ ടെലഗ്രാം വാര്‍ത്താ ചാനലായ ആസ്ട്ര റിപ്പോര്‍ട്ട് ചെയ്തെങ്കിലും, ഈ വീഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം റഷ്യ- യുക്രൈൻ സംഘർഷത്തിൽ ഇന്ത്യയുടെ ഇടപെടൽ ഊർജിതമാക്കിയിരിക്കുകയാണ്. യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി ഇന്ത്യ സന്ദർശിക്കാനും സാധ്യതയുണ്ട്. ജനുവരിയിൽ സന്ദർശനം ഉണ്ടാകാനാണ് സാധ്യത.
ഇന്ത്യ- യുക്രൈൻ നയതന്ത്ര ഉദ്യോഗസ്ഥ തല ചർച്ചകൾ ആരംഭിച്ച് കഴിഞ്ഞതായാണ് വിവരം. റഷ്യൻ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്റെ സന്ദർശനത്തിന് പിന്നാലെയാണ് ഈ നീക്കം. യുക്രൈനിൽ സമാധാനത്തിനുള്ള എല്ലാ ശ്രമങ്ങളെയും പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാഗതം ചെയ്തിരുന്നു.
ഈ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകന് ജാരെഡ് കുഷ്നര്‍ ഉള്‍പ്പെടെയുള്ള ആളുകൾ, ഫ്ളോറിഡയില്‍ വെച്ച് യുക്രൈന് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള ചട്ടക്കൂടുകള്‍ തയ്യാറാക്കുന്നതില്‍ പുരോഗതി ഉണ്ടെങ്കിലും, ദീര്‍ഘകാല സമാധാനത്തിനുള്ള റഷ്യയുടെ പ്രതിബദ്ധതയെ ആശ്രയിച്ചിരിക്കും ഈ സമാധാന കരാറിന്റെ നിലനില്‍പ്പെന്നും അമേരിക്ക പറഞ്ഞിട്ടുണ്ട്.












