ട്രംപിൻറെ വെല്ലുവിളി ഏറ്റെടുത്ത് റഷ്യൻ പ്രസിഡന്റ് പുടിൻ; ചൈനയും റഷ്യയും ചേർന്നുള്ള യുദ്ധ പരിശീലനം ആരംഭിച്ചു

അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അന്തര്‍വാഹിനികള്‍ റഷ്യയ്ക്ക് അടുത്തായി വിന്യസിച്ചതിന് പ്രതികാര നടപടിയെന്നോണം റഷ്യ ചൈനയുമായി ചേർന്ന് യുദ്ധ പരിശീലനം ആരംഭിച്ചു. മുന്‍ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വെദേവിന്റെ പ്രകോപന പരമായ പ്രസ്താവനകള്‍ക്ക് മറുപടി ആയിട്ടാണ് അമേരിക്ക ശക്തമായ നടപടികളുമായി മുന്നോട്ട് വന്നത് എന്നാണ് ട്രംപ് പ്രതികരിച്ചത്. ആണവ ഭീഷണികളോട് പ്രതികരിക്കാന്‍ അമേരിക്ക പൂര്‍ണ്ണമായും തയ്യാറാണ് എന്ന് ഡൊണാള്‍ഡ് ട്രംപ് അറിയിക്കുകയും ചെയ്തു.
മുന്‍കരുതല്‍ നടപടിയായി രണ്ട് അമേരിക്കൻ ആണവ അന്തര്‍വാഹിനികള്‍ റഷ്യയ്ക്ക് അരികിലായി വിന്യസിക്കുകയും ചെയ്തു.
ഇതിന് മറുപടിയുമായി, ജപ്പാന് കടലില്‍ ഒരുമിച്ച്, മോക്ക് ഡ്രില്ലുകളിലും മറ്റ് യുദ്ധ അഭ്യാസങ്ങളിലും പങ്കെടുത്ത് കൊണ്ട് റഷ്യയും ചൈനയും തങ്ങളുടെ സൈനിക ബന്ധം ശക്തിപ്പെടുത്തുന്നതായി ലോകത്തോട് വിളിച്ച് പറയുകയായിരുന്നു.
പസഫിക് സമുദ്രത്തിലെ റഷ്യയുടെ ഏറ്റവും വലിയ തുറമുഖമായ വ്ളാഡിവോസ്റ്റോക്കിന് സമീപമാണ് സംയുക്ത സീ – 20 25 അഭ്യാസങ്ങള്‍ ആരംഭിച്ചതെന്ന് ചൈനയുടെ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. ഗൈഡഡ്-മിസൈല്‍ ഡിസ്ട്രോയറുകളായ ഷാവോക്സിംഗ്, ഉറുംകി എന്നിവയുള്‍പ്പെടെ നാല് ചൈനീസ് കപ്പലുകള്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന അഭ്യാസങ്ങളില്‍ പങ്കെടുക്കും. അന്തര്‍വാഹിനി രക്ഷാപ്രവര്‍ത്തനം, സംയുക്ത അന്തര്‍വാഹിനി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, വ്യോമ പ്രതിരോധം, മിസൈല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, സമുദ്ര പോരാട്ടം എന്നിവ അഭ്യാസങ്ങളില്‍ ഉള്‍പ്പെടും. തുടര്‍ന്ന് പസഫിക് സമുദ്രത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ നാവിക പട്രോളിംഗ് നടക്കും.
2022-ല്‍ റഷ്യ ഉക്രെയ്നിനുമായി യുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ‘പരിധിയില്ലാത്ത’ തന്ത്രപരമായ പങ്കാളിത്തത്തില്‍ റഷ്യയും ചൈനയും ഒപ്പ് വെച്ചിരുന്നു. തങ്ങളുടെ സായുധ സേനകള്‍ തമ്മിലുള്ള ഏകോപനം നടത്തുന്നതിനും, എതിരാളികള്‍ക്ക് ഒരു പ്രതിരോധ സൂചന നൽകുന്നതിനായിട്ടാണ് പതിവായി ഇത്തരം സൈനികാഭ്യാസങ്ങള്‍ നടത്തുന്നത്.
ഈ സൈനിക അഭ്യാസം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെങ്കിലും, മെദ്വദേവുമായുള്ള വാദത്തെത്തുടര്‍ന്ന് ട്രംപ് ആണവ അന്തര്‍വാഹിനികള്‍ റഷ്യന്‍ ജലാശയത്തിലേക്ക് വിന്യസിച്ചതിന് തൊട്ടുപിന്നാലെ നടത്തിയ ഈ സംയുക്ത നാവിക അഭ്യാസം വളരെ പ്രാധാന്യത്തോടെയാണ് ലോകം നോക്കിക്കാണുന്നത്.
ട്രംപിന്റെ ഈ ഭീഷണിയെ നേരിടാന്‍ ആവശ്യമായ ആണവ അന്തര്‍വാഹിനികള്‍ കയ്യിലുണ്ടെന്ന് റഷ്യ പ്രതികരിക്കുകയും ചെയ്തിരുന്നു. റഷ്യൻ ആണവ അന്തർവാഹിനികളുടെ എണ്ണം അമേരിക്കൻ അന്തർവാഹിനികളേക്കാൾ വളരെ കൂടുതലാണെന്ന് റഷ്യൻ മുതിർന്ന നിയമനിർമ്മാതാവായ വിക്ടർ വോഡൊലറ്റ്സ്കി പറഞ്ഞു. അതുകൊണ്ടുതന്നെ, അന്തർവാഹിനികളെക്കുറിച്ചുള്ള അമേരിക്കൻ നേതാവിന്റെ പ്രസ്താവനയോട് റഷ്യ പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഒരു മൂന്നാം ലോക മഹായുദ്ധത്തെ പറ്റി ലോകം മുഴുവൻ സംസാരിക്കുന്നത് അവസാനിപ്പിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ അടിസ്ഥാനപരമായ ഉടമ്പടി ഉണ്ടാക്കണമന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണക്കുകള്‍ പ്രകാരം യു.എസിനേക്കാള്‍ ആണവ അന്തര്‍വാഹിനികളുടെ എണ്ണത്തില്‍ റഷ്യയ്ക്ക് മേല്‍കൈയുണ്ട്. യുഎസിന് 14 ഓഹിയോ ക്ലാസ് ആണവ അന്തര്‍വാഹനികളാണ് ഉള്ളത്. ഓരോ അന്തര്‍വാഹിനികള്‍ക്കും 4,600 മൈല്‍ ദൂരത്തിലുള്ള ലക്ഷ്യങ്ങളെ ഭേദിക്കാന്‍ സാധിക്കുന്ന ബാലിസ്റ്റിക് മിസൈലുകള്‍ വഹിക്കാന്‍ സാധിക്കും. എന്നാല്‍ റഷ്യയുടെ കൈവശം 54 ആണവ അന്തര്‍വാഹിനികളാണ് ഉള്ളത്.
മൂന്നു വര്‍ഷമായി തുടരുന്ന യുക്രൈന് യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ചർച്ചയ്ക്ക് തയ്യാറാകാത്തതാണ് ട്രംപിന്റെ ഇപ്പോളത്തെ ദേഷ്യത്തിന് കാരണം. 10-12 ദിവസത്തിനുള്ളില്‍ റഷ്യ ആക്രമണം അവസാനിപ്പിക്കണമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരകുന്നു. എന്നാൽ പുടിൻ ആ വിഷയം സംസാരിച്ചത് പോലുമില്ല. ഇതിന് ശേഷം റഷ്യ, യുക്രൈന് തലസ്ഥാനമായ കീവില്‍ ആക്രമണം നടത്തുകയും ചെയ്തു.