വിഘടനവാദികള്‍ ക്യാമ്പ് ആക്രമിച്ചു; 150 ഓളം മ്യാൻമര് സൈനികര്‍ ഇന്ത്യയില്‍ അഭയം തേടി
വിഘടനവാദികള്‍ ക്യാമ്പുകൾ പിടിച്ചെടുത്തതിന് പിന്നാലെ മിസോറാമിലേക്ക് അഭയം തേടി മ്യാൻമര് സൈനികര്‍. 150 ഓളം സൈനികര്‍ മിസോറാമിലെ ലോംഗ്ട്ലായ് ജില്ലയിലേക്ക് കടന്നതായി അസം റൈഫിള്‍സ് ഉദ്യോഗസ്ഥൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. മ്യാൻമറിലെ സെെനികര്‍ ആയുധങ്ങളുമായി രക്ഷപ്പെട്ട് അസം റെെഫിള്‍സിനെ സമീപിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
അരാക്കൻ വിഘടനവാദ സംഘങ്ങള്‍ ക്യാമ്പുകൾ പിടിച്ചെടുത്തതോടെയാണ് ഇവർ അഭയം തേടിയത്. ഇന്ത്യൻ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മ്യാൻമര് സെെനികരും അരാക്കൻ വിഘടനവാദികളുമായി വെടിവയ്പ്പുണ്ടായിരുന്നതായും ഉദ്യോഗസ്ഥൻ അറിയിച്ചു.രാജ്യത്തെത്തിയ സൈനികരില്‍ പലര്‍ക്കും ഗുരുതരമായ പരിക്കുകളുണ്ടായിരുന്നു. നിലവില്‍ അവര്‍ അസം റൈഫിള്‍സിന്റെ സുരക്ഷിതത്വത്തിലാണ്. ഉടൻ തന്നെ സൈനികരെ മ്യാൻമറിലേക്കയക്കുമെന്നാണ് ലഭിക്കുന്ന വിവരം. മ്യാൻമര് സര്‍ക്കാരുമായും കേന്ദ്ര വിദേശകാര്യമന്ത്രാലയവുമായി ചര്‍ച്ചകള്‍ പുരാഗമിക്കുകയാണെന്നും അസം റെെഫിള്‍സ് ഉദ്യോഗസ്ഥൻ പറഞ്ഞു.