അടിമത്തം നിയമവിധേയമാക്കി താലിബാൻ ഭരണകൂടം; ലൈംഗിക അടിമകളാക്കുമെന്ന ഭീതിയിൽ സ്ത്രീകളും കുട്ടികളും
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണകൂടം പുതിയ നിയമങ്ങൾ കൊണ്ടുവരികയാണ്. പുതിയ നിയമങ്ങൾ എന്ന് പറയാൻ കഴിയില്ല. അങ്ങേയറ്റം പഴഞ്ചൻ നിയമങ്ങളാണ് പുതിയതായി താലിബാൻ കൊണ്ടുവരുന്നത്. അതിലൊന്നാണ് അഫ്ഗാനിസ്ഥാനിൽ അടിമത്തം നിയമവിധേയമാക്കിയത്.
താലിബാന്റെ പരമോന്നത നേതാവായ ഹിബത്തുള്ള അഖുന്ദ് സാദ ഒപ്പിട്ട ക്രമിനൽ നടപടിക്രമങ്ങൾ ഔപചാരികമായി നിലവിൽ വന്നു. ഇത് പ്രകാരം സാമൂഹികനിലയനുസരിച്ചാണ് ശിക്ഷ വിധിക്കുക. എന്നാൽ താലിബാന്റെ ഈ നീക്കത്തിനെതിരേ നിരവധി മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തി.
പുതിയ നിയമപ്രകാരം പൗരന്മാരെ നാല് വ്യത്യസ്ത വിഭാഗങ്ങളായി തരംതിരിക്കും. മതപണ്ഡിതന്മാർ ഉലമ അല്ലെങ്കിൽ മുല്ല എന്ന് അറിയപ്പെടുന്നവർ, വരേണ്യവർഗം, അഷ്റഫ് എന്നാണ് ഇവർ അറിയപ്പെടുന്നത്, പിന്നെ മധ്യവർഗം, താഴ്ന്ന വിഭാഗം എന്നിങ്ങനെയാണ് സമൂഹത്തെ തരംതിരിച്ചിരിക്കുന്നത്.
പുതിയ നിയമത്തിന്റെ കേന്ദ്രബിന്ദുവായ ആർട്ടിക്കിൾ 9ൽ ആണ് അഫ്ഗാൻ സമൂഹത്തെ നാല് വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നത്. ഇത് പ്രകാരം കുറ്റം ചെയ്തയാളുടെ സാമൂഹ്യ നിലയനുസരിച്ചായിരിക്കും ശിക്ഷ വിധിക്കുക.
ഇസ്ലാമിക പണ്ഡിതൻ ഒരു കുറ്റകൃത്യം ചെയ്താൽ അതിന് ശിക്ഷയായി കിട്ടുന്നത് ‘ഉപദേശ’മായിരിക്കും. അതായത് എന്തും ചെയ്യാം ഉപദേശം കേട്ടാൽ മതി. ഇനി കുറ്റം ചെയ്തയാൾ വരേണ്യ വർഗത്തിൽപ്പെട്ട ആളാണെങ്കിൽ കോടതിയിലേക്ക് വിളിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യും. അതും കുഴപ്പമില്ലാതെ ഏർപ്പാടാണ്. എന്നാൽ മധ്യവർഗത്തിൽ പ്പെട്ടവർക്ക് തടവ് ശിക്ഷ ലഭിക്കും. അതേപോലെ സമൂഹത്തിലെ ഏറ്റവും താഴ്ന്ന വിഭാഗത്തിൽ ഉള്ളവർക്ക് ശിക്ഷയായി തടവും, ഒപ്പം ചാട്ടവാറടി പോലെയുള്ള കടുത്ത ശിക്ഷയും ലഭിക്കും.
ദരിദ്രർക്കും പാവപ്പെട്ടവർക്കും കൂടുതൽ കഠിനമായ ശിക്ഷ നൽകുമ്പോൾ പുരോഹിതന്മാർക്കും മതനേതാക്കൾക്കും താലിബാൻ പൂർണമായ സംരക്ഷണം തീർക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു.
അന്താരാഷ്ട്ര നിയമങ്ങളിൽ കർശനമായി നിരോധമേർപ്പെടുത്തിയ അടിമത്തം താലിബാൻ നിയമപരമായി തിരികെ കൊണ്ടുവരികയാണെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. നിയമത്തിൽ പല ഭാഗങ്ങളിലും ‘സ്വതന്ത്രർ’ എന്നും ‘അടിമകൾ’ എന്നും ജനങ്ങളെ വേർതിരിച്ച് പരാമർശിക്കുന്നുണ്ട്.
പുതിയ ക്രിമിനൽ നടപടിക്രമം ന്യായമായ പല സുരക്ഷാ സംവിധാനങ്ങളും ഇല്ലാതാക്കുന്നു. കുറ്റം ചെയ്തയാൾക്ക് അഭിഭാഷകന്റെ സഹായം തേടാനുള്ള അവകാശം, തെറ്റായ ശിക്ഷ ലഭിച്ചാൽ നഷ്ടപരിഹാരം തേടാനുള്ള അവകാശം എന്നിവ ഇത് നൽകുന്നില്ല. കുറ്റംതെളിയിക്കുന്നതിന് കുറ്റസമ്മതമൊഴിയെ ആണ് ആശ്രയിക്കുന്നത്. ഇത് ബലംപ്രയോഗിച്ചുള്ള കുറ്റസമ്മതവും ആകാം.
ജഡ്ജിമാരുടെയും നിയമപാലകരുടെയും മേൽനോട്ടമോ ഉത്തരവാദിത്വമോ ഇല്ലാതെയാണ് ഈ സംവിധാനം പ്രവർത്തിക്കുക. ഡാൻസ് ചെയ്യുക, അല്ലെങ്കിൽ ഒത്തുകൂടുക എന്നീ കാര്യങ്ങളും കുറ്റകൃത്യമായി ചേർത്തിട്ടുണ്ട്. ഇത് സാംസ്കാരികമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽനിന്ന് ആളുകളെ തടയുകയും ശിക്ഷിക്കാൻ ജഡ്ജമാർക്ക് അധികാരം നൽകുകയും ചെയ്യുന്നു.
പുരോഹിതന്മാരെയും മതപരമായ ഉന്നതരെയും നിയമത്തിന് മുകളിൽ പ്രതിഷ്ഠിച്ച്, സമൂഹത്തിലെ താഴ്ന്ന വിഭാഗത്തെ വേട്ടയാടുകയാണ് താലിബാൻ. ഭർത്താക്കന്മാർക്ക് സ്ത്രീകളെ തല്ലാനുള്ള അവകാശം ഉണ്ടെന്നും എന്തേലും പരുക്കുപറ്റിയാൽ മാത്രം 15 ദിവസത്തെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും ആണ് പുതിയ നിയമത്തിൽ ഉള്ളത്. അതുപോലെ ഭർത്താക്കന്മാരുടെ സമ്മതമില്ലാതെ ഭാര്യമാർ ബന്ധുവീട്ടിൽ സന്ദർശനത്തിന് പോയാൽ അതും കേസ് ആക്കി എടുത്തു മൂന്ന് മാസം തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും നിയമത്തിൽ പറയുന്നു.
ദുരിതപൂർണ്ണമായ ജീവിതത്തിൽ നിന്നും നരക തുല്യമായ ജീവിതത്തിലേക്ക് പോകുകയാണ് ഒരു ജനത. അത്രക്ക് അസഹനീയമാണ് അവിടുത്തെ ജീവിതം. എന്തെങ്കിലും നിവൃത്തി ഉണ്ടെങ്കിൽ ആ രാജ്യം വിട്ട് പോകാൻ ആഗ്രഹിക്കുന്നവരാണ് അവിടെയുള്ള ഭൂരിഭാഗം പേരും.
2021 അമേരിക്ക അഫ്ഗാനിൽ നിന്നും മടങ്ങുന്ന അവസരത്തിൽ അഫ്ഘാനികൾ അമേരിക്കൻ യുദ്ധവിമാനങ്ങളിലേക്ക് ഇടിച്ചു കയറിയ വാർത്ത നമ്മൾ കണ്ടതാണ്. വിമാനത്തിന്റെ ചിറകിലും ടയറിലും തൂങ്ങിക്കിടന്ന് നാടുവിടാൻ ആണ് അവർ ശ്രമിച്ചത്. ആ ആശ്രമത്തിൽ ഒട്ടേറെ പോർ കൊല്ലപ്പെടുകയും ചെയ്തു.
അഫ്ഗാനിൽ നിന്നും രക്ഷപ്പെട്ട് ബൽജിയം എയർപോർട്ടിലിറങ്ങിയ അഫ്ഘാൻ പെണ്കുട്ടി ചിരിച്ച് കൊണ്ട് തുള്ളിക്കളിക്കുന്ന ചിത്രം അന്ന് വൈറലായിരുന്നു. ആ ചിരിയുടെ കാരണം ഇപ്പോൾ കൂടുതൽ വ്യക്തമാകുകയാണ്.
ഇപ്പോൾ അടിമത്തം കൂടെ നിയമവിധേയാക്കുമ്പോൾ ഏറ്റവും കൂടുതൽ നരകയാതനകൾ അനുഭവിക്കാൻ പോകുന്നത് സ്ത്രീകളും കുട്ടികളും ആയിരിക്കും. അവരെ വെറും അടിമകൾ അല്ലാ, ലൈംഗിക അടിമകൾ ആയാണ് ഈ പ്രാകൃത മനുഷ്യർ ഉപയോഗിക്കുക. അന്താരാഷ്ട്ര കോടതികളും ശക്തരായ രാജ്യങ്ങളും ഇടപെടേണ്ട ഒരു സ്ഥലമായി മാറുകയാണ് അഫ്ഗാനിസ്ഥാൻ. വർഷങ്ങൾ നീണ്ടു നിന്ന പോരാട്ടത്തിലൂടെ മനുഷ്യൻ നിർത്തലാക്കിയ അടിമത്തം തിരികെ കൊണ്ട് വരികയാണ്, മതം തലക്ക് പിടിച്ച ഒരു കൂട്ടം ഭ്രാന്തന്മാർ.












