നേതാക്കളെ കൊന്ന ഇസ്രയേലിനോട് പ്രതികാരം ചെയ്ത് ഹൂതികൾ; രണ്ട് കപ്പലുകൾക്ക് നേരെ ഡ്രോൺ, മിസൈൽ ആക്രമണം നടത്തി

തങ്ങളുടെ പ്രധാനമന്ത്രിയെ വധിച്ചതിനു ഇസ്രായേലിന് കനത്ത തിരിച്ചടി നൽകിയിരിക്കുകയാണ് ഹൂതികള്‍. ഇസ്രയേലിന്റെ രണ്ടു കപ്പലുകള്‍ ചെങ്കടലില്‍ ആക്രമിച്ചെന്നാണ് റിപ്പോർട്ടുകൾ.
കെയ്റോ: യെമനിലെ ഹൂതികളുടെ പ്രധാനമന്ത്രിയടക്കം 12 ഉന്നതരെ വധിച്ചതിന്റെ പ്രതികാരമെന്നോണം വടക്കന്‍ ചെങ്കടലില്‍ ഇസ്രയേല്‍ ബന്ധമുള്ള രണ്ടു കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. രണ്ടു ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും ഹൂതികള്‍ അവകാശപ്പെട്ടു. എപ്പോഴാണ് ആക്രമണം നടത്തിയതെന്ന വിവരം ഇപ്പോഴും പുറത്തുവിട്ടിട്ടില്ലെന്ന് റോയിട്ടേഴസ് റിപ്പോര്‍ട്ട് ചെയ്തു. അതേപോലെ കടല്‍ ചരക്കുനീക്കവുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍നിന്നും ആക്രമണത്തിനു സ്ഥിരീകരണമില്ല.
അധിനിവേശ പലസ്തീനിലേക്കു കപ്പലുകള്‍ പ്രവേശിപ്പിക്കരുത് എന്ന മുന്നറിയിപ്പു മറികടന്ന കപ്പലുകളാണു തകര്‍ത്തതെന്നാണു ഹൂതികളുടെ അവകാശവാദം. ഞായറാഴ്ച ഇസ്രയേലി ഉടമസ്ഥതയിലുള്ള സ്കാര്‍ലറ്റ് റേ എന്ന എണ്ണ ടാങ്കറും ഹൂതികള്‍ തകര്‍ത്തിരുന്നു. സാധാരണ ആക്രമണങ്ങള്‍ നടക്കാത്ത സൗദി തീരത്തിനു സമീപത്തായിരുന്നു ആക്രമണം ഉണ്ടായത്.
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കു മറുപടിയെന്നോണമാണ് ഹൂതികള്‍ ചെങ്കടലില്‍ കപ്പലുകളെ ലക്ഷ്യമിട്ട് 2023 മുതല്‍ ആക്രമണം തുടങ്ങിയത്.
അതേസമയം, ചെങ്കടലില്‍ ചരക്കു നീക്കം നടത്തുന്ന കപ്പലുകളെക്കുറിച്ചുള്ള വിവരം നല്‍കുന്നത് റഷ്യയാണെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് ആവശ്യമായ ഉപഗ്രഹ ചിത്രങ്ങൾ ഇറാന് മുഖേന റഷ്യയാണ് നല്‍കിയതെന്നും, ഈ വഴിയുള്ള ചരക്കുനീക്കത്തെ ഇതു കാര്യമായി ബാധിച്ചെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
നൂറോളം കപ്പലുകള്‍ ഇതുവരെ ആക്രമണത്തിന് ഇരയായി. നാലു നാവികര്‍ ഒരു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടു. രണ്ടു കപ്പലുകള്‍ മുങ്ങി. ഒരു കപ്പലും അതിലെ ജീവനക്കാരും ഇപ്പോഴും ഹൂതികളുടെ പിടിയിലാണ്. റഷ്യയുടെ സഹായം ലഭിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കയും ബ്രിട്ടനും സംയുക്തമായി ഹൂതികളുടെ കേന്ദ്രങ്ങള്‍ക്കുനേരെ ആക്രമണം നടത്തിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഹൂതികളുടെ പ്രധാനമന്ത്രിയടക്കം മന്ത്രിമാരുള്‍പ്പെട്ട 12 പേരെ വധിച്ചിരുന്നു. ഇവര്‍ മരിച്ചെന്ന സ്ഥിരീകരണവും പുറത്തുവന്നിരുന്നു. 12 പേരുടെ സംസ്കാരച്ചടങ്ങുകള്‍ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ നടത്തിയതോടെയണ് ഇസ്രയേലിന്റെ അവകാശവാദങ്ങള്‍ ശരിയാണെന്ന് വ്യക്തമായത്. കൊല്ലപ്പെട്ട 12 പേരുടെയും ചിത്രമടക്കം പ്രദര്‍ശിപ്പിച്ചായിരുന്നു സംസ്കാര ചടങ്ങുകള്‍.
ഇപ്പോളും ഇസ്രായേലിന് തലവേദന സൃഷ്ടിക്കുന്നത് ഇറാന്റെ ഏറ്റവും ശക്തനായ അനുയായി എന്ന് അറിയപ്പെടുത്ത അബ്ദുള്‍ മാലിക്ക് അല്‍ ഹൂതി തന്നെയാണ്. കൊലപ്പെടുത്തി എന്ന് ഇസ്രായേലി വൃത്തങ്ങൾ പറയുമ്പോളും, അബ്ദുൽ മാലിക് ഇപ്പോഴും ജീവനോടെയുണ്ടെന്നാണു വിവരം.
ഹിസ്മുള്ളയെയും ഹമാസിനെയും അടക്കം ജീവച്ഛവം ആക്കിയതിനുശേഷം ഇസ്രയേലിന്റെ അടുത്ത ലക്ഷ്യമായി കാണുന്നത് ഹൂതികളെയാണ്. ഇവര്‍ക്കു നേതൃത്വം നല്‍കുന്നത് അബ്ദുല്‍ മാലിക്കാണ്. കപ്പലുകളെ ആക്രമിക്കുന്നതിന് എല്ലായ്പ്പോലും നേതൃത്വം നൽകുന്ന ആളാണ് അബ്ദുൽ മാലിക് അൽ ഹൂതി. ഇപ്പോളത്തെ ഈ ആക്രമണങ്ങൾ സൂചിപ്പിക്കുന്നതും അദ്ദേഹം ജീവനോടെ ഉണ്ടെന്ന് തന്നെയാണ്.
തങ്ങളുടെ നേതൃത്വത്തെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഹൂതികൾ പ്രഖ്യാപിച്ചിരുന്നു. ഞങ്ങൾ പ്രതികാരം ചെയ്യും, ഇരുണ്ട ദിനങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു’ എന്നാണ് ഹൂതികളുടെ സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ തലവൻ മഹ്ദി അൽ മഷാത്ത് റെക്കോർഡ് ചെയ്ത പ്രസംഗത്തിൽ പറയുന്നത്.
ശനിയാഴ്ച രാത്രി പുറത്തിറക്കിയ വിഡിയോയില്‍ ഗാസയിലെ ആക്രമണം അവസാനിപ്പിക്കുകയും ഉപരോധം പിൻവലിക്കുകയും ചെയ്യുന്നത് വരെ എന്തു വിലകൊടുത്തും നിലപാട് തുടരുമെന്നും പറയുന്നുണ്ട്. അതേസമയം, ഹൂതികളുടെ ഉന്നത നേതൃത്വത്തെ വധിച്ച ശേഷം ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന് നെതന്യാഹു പങ്കെടുക്കുന്ന പ്രതിവാര കാബിനറ്റ് മീറ്റിങ് സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയെന്ന് കാൻ പബ്ലിക് ബ്രോഡ്കാസ്റ്റർ റിപ്പോർട്ട് ചെയ്തു.
അമേരിക്കയുടെ മരണം, ഇസ്രയേലിന്റെ മരണം എന്നതു തന്നെയാണു ഹൂത്തികളുടെയും മുദ്രാവാക്യം. 2023 മുതല്‍ ഇസ്രായേലിന്റെ കപ്പലുകള്‍ക്കു നേരെ ഹൂത്തികള്‍ ആക്രമണം നടത്തിയിരുന്നു. പല രാജ്യങ്ങളും അതോടെ തങ്ങളുടെ കപ്പലുകൾ വഴി തിരിച്ച് വിടാൻ തുടങ്ങി. അത് അവർക്ക് ഭീമമായ നഷ്ടവും വരുത്തി വെച്ചു. പിന്നീട് ഹൂതികൾ ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാൻ തുടങ്ങി.
ഒടുവിൽ 2025 ജനുവരിയില്‍ ഹമാസുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു ശേഷവും ഹൂത്തികള്‍ ഇസ്രായേലിലേക്കു ബാലിസ്റ്റിക് മിസൈല്‍ അടക്കം ഉപയോഗിച്ച് വ്യാപക ആക്രമണം നടത്തിയിരുന്നു. യുഎസ് പ്രസിഡന്റ് ട്രംപുമായുള്ള കരാറിനെത്തുടര്‍ന്ന് കപ്പലുകള്‍ക്കുനേരെയുള്ള ആക്രമണം നിര്‍ത്താന്‍ തീരുമാനിച്ചെങ്കിലും ഇസ്രയേലിനെ ലക്ഷ്യം വയ്ക്കുന്നതു ഹൂതികൾ അവസാനിപ്പിച്ചില്ല.