ഇറാൻറെ മിസൈൽ ആക്രമണത്തിൽ നിലംപൊത്തി ”ഇസ്രായേലി-അമേരിക്കൻ കേന്ദ്രം സൈറ്റ് 81”
ജൂൺ 13 ന് നടത്തിയ ആക്രമണത്തിൻറെ റിപ്പോർട്ടുകൾ പുറത്ത് വിട്ട് ഗ്രെസോണ്‍ വെബ്സൈറ്റ്

ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ ഇസ്രയേലുമായി നടന്ന യുദ്ധത്തിനിടെ, ഇറാന് നടത്തിയ ആക്രമണത്തില്‍ തെല്‍അവീവിലെ രഹസ്യ ഇസ്രായേലി-അമേരിക്കൻ കേന്ദ്രം തകര്‍ന്നെന്നാണ് റിപോര്‍ട്ട്.
ഗ്രെസോണ്‍ വെബ്സൈറ്റാണ് ഈ വിവരം പുറത്തുവിട്ടത്. ജൂണ്‍ 13ന് ഇറാന് അയച്ച മിസൈലാണ് സൈറ്റ്-81 എന്ന പേരിലുള്ള ഈ സുപ്രധാന കേന്ദ്രം തകര്‍ത്തത്. തെല്‍അവീവിലെ ഡാവിഞ്ചി ടവറിന് താഴെയാണ് ഈ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.
ഇറാന് ആക്രമിച്ചപ്പോള്‍ ഉടനെ തന്നെ ഇസ്രായേലി സൈന്യം ആ പ്രദേശത്ത് മാധ്യമപ്രവര്‍ത്തകര്‍ പ്രവേശിക്കുന്നത് തടഞ്ഞിരുന്നു. ഡാവിഞ്ചി ടവറില്‍ ആക്രമണം നടന്നെന്ന് മാത്രമാണ് ജൂണ്‍ പതിമൂന്നിന് ഫോക്സ് ന്യൂസിൽ ഒരു റിപ്പോർട്ട് വന്നിരുന്നത്. കൂടുതല്‍ കാര്യങ്ങള്‍ പറയുന്നതിന് മുമ്പ് റിപ്പോർട്ടറെ ആ സ്ഥലത്ത് നിന്ന് മാറ്റുകയും ചെയ്തിരുന്നു.
ഡാവിഞ്ചി ടവറിന് തൊട്ടുതാഴെയുള്ള ബങ്കറിലാണ് ഈ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഏകദേശം 6,000 ചതുരശ്ര മീറ്ററിലാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. അതിന് അടുത്ത് തന്നെ കുട്ടികളുടെ പാര്‍ക്കും കമ്മ്യൂണിറ്റി സെന്ററും സ്ഥാപിചിരുന്നു. പെട്ടെന്ന് മനസ്സിലാകാതെ ഇരിക്കാൻ, സാധാരണക്കാരായ ജനങ്ങളുടെ ഇടയില്‍ തന്നെ തന്ത്രപരമായ സൈനിക കേന്ദ്രം സ്ഥാപിക്കുന്നു എന്നതിന്റെ തെളിവാണിത്.
ഇസ്രായേലി വ്യോമസേനയുടെ കനാരിറ്റ് ടവറിനും ഹാകിരിയ പാലത്തിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന കേന്ദ്രത്തെ ഇലക്ട്രോ മാഗ്നറ്റിക് വലയത്താല്‍ സുരക്ഷിതമാക്കുകയും ചെയ്തിരുന്നു. ഡാവിഞ്ചി ടവറില്‍ ഇസ്രായേലി സൈന്യവുമായി ബന്ധപ്പെട്ട നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇസ്രായേലി സൈബര്‍ യുദ്ധ സംവിധാനമായ യൂണിറ്റ് -8200ലെ മുന്‍ ഉദ്യോഗസ്ഥര്‍ രൂപീകരിച്ച എ 121 ലാബ് അതിലാണ് പ്രവര്‍ത്തിക്കുന്നത്. ഫലസ്തീനികളെ ഉപദ്രവിക്കാൻ ലക്ഷ്യം വെച്ച് കൊണ്ടുള്ള എഐ ടൂളുകള്‍ നിര്‍മിക്കുന്നത് ഈ കമ്പനിയാണ്.
ഇറാന് നടത്തിയ മിസൈല്‍ ആക്രമണങ്ങളുടെ കണക്കുകള്‍ നേരത്തെ ഇസ്രായേല്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇറാന് ജൂണ്‍ 13 മുതല്‍ 532 മിസൈലുകളാണ് ഇസ്രായേലിലേക്ക് അയച്ചത്. ആക്രമണം ആരംഭിച്ച ആദ്യ ദിവസം തന്നെ 100 മിസൈലുകള്‍ തൊടുത്തതായാണ് ഇസ്രായേലിന്റെ കണക്കുകള്‍. ആക്രമണത്തില്‍ 28 പേര് കൊല്ലപ്പെട്ടതായും ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
റമാത് ഗാന്, തെല്‍അവിവ് എന്നിവടങ്ങളിലായിരുന്നു മിസൈല്‍ പതിച്ചത്.
ഏറ്റവും കൂടുതല്‍ ആള് നാശമുണ്ടാക്കിയത് ജൂണ്‍ 15 ന് നടത്തിയ ആക്രമണത്തിലായിരുന്നു എന്ന്നും ഇസ്രായേൽ പറയുന്നുണ്ട്. ഹൈഫ, സാവ്ഡിയേല്‍, ബാറ്റ് യാം, റെഹോവോട്ട്, എന്നിവടങ്ങളിലായി നടത്തിയ ആക്രമണങ്ങളില്‍ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്. അന്ന് 65 മിസൈലുകളാണ് ഇസ്രായേലിന്റെ വിവിധ ഇടങ്ങളില്‍ പതിച്ചത്.
ജൂണ്‍ 16 ന് നടത്തിയ 43 മിസൈലാക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. ഹൈഫ ഓയില്‍ റിഫൈനറികള്‍, തെല്‍അവിവ്, എന്നിവടങ്ങളിലാണ് ആക്രമണം നടന്നത്.
എന്നാൽ ഏറ്റവും കൂടുതല്‍ മിസൈല്‍ ആക്രമണം നടത്തിയത് ജൂണ്‍ 14 നായിരുന്നു എന്നാണ് ഇസ്രാഈലിന്റെ റിപ്പോർട്ടുകൾ. 120 മിസൈലാണ് താമ്ര, റിഷോണ്‍ ലെറ്റ്സി യോണ്, തെല്‍അവിവ് എന്നിവടങ്ങളെ ലക്ഷ്യമാക്കി ഇറാൻ വിക്ഷേപിച്ചത്. അന്ന് ആറ് ഇസ്രായേല്‍ പൗരന്മാര് ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തു.
ഇത്തരം കുറെ വിവരങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു എങ്കിലും ഇസ്രായേലി അമേരിക്കൻ കേന്ദ്രമായ സൈറ്റ് 81 തകർന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ ഇസ്രായേൽ പുറത്ത് വിട്ടിരുന്നില്ല.
12 ദിവസത്തെ ആക്രമണത്തില്‍ ഇസ്രായേലിന് മുമ്പെങ്ങുമില്ലാത്ത വിധം കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്. തുടർന്ന് ഇസ്രായേലിന് വേണ്ടി അമേരിക്ക കളത്തിലിറങ്ങി. ഇറാന്റെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളില്‍ അമേരിക്കൻ ബോംബറുകൾ ആക്രമണം നടത്തി. മറുപടിയായി അറബ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ ഇറാൻ ലക്ഷ്യം വെച്ചതോടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ജൂണ്‍ 24ന് പ്രാബല്യത്തില്‍ വന്നു. അതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിന് താല്‍ക്കാലിക ആശ്വാസമായത്.