ഇസ്രായേലിന്റെയും അമേരിക്കയുടേയും കാശ് വാങ്ങി പാകിസ്ഥാൻ സൈന്യം കൂലിപ്പട്ടാളമായി; ശേഷിക്കുന്ന ഹമാസിനെ തീർക്കാനും, ഗാസയിൽ സുരക്ഷയൊരുക്കാനും 20000 പാക് സൈനികർ എത്തും
ഗാസയിൽ ഇപ്പോൾ ഇരുപതിനായിരം സൈനികരെ അയക്കാൻ ഒരുങ്ങുകയാണ് പാകിസ്താൻ. ഗാസ നിവാസികളെ സഹായിക്കാനൊന്നുമല്ല പാകിസ്ഥാൻ സൈന്യം അവിടേക്ക് എത്തുന്നത്. രാജ്യം സാമ്പത്തികമായി തകർന്നടിഞ്ഞത് കൊണ്ട് ഇസ്രയേലും അമേരിക്കയും തരുന്ന ധനസഹായം ലക്ഷ്യം വെച്ചാണ് പാകിസ്താന്റെ വരവ്.
ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ ഉന്നതോദ്യഗസ്ഥരുമായും അമേരിക്കയുടെ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ ഉദ്യോഗസ്ഥരുമായും പാക് സൈനിക മേധാവി അസിം മുനീർ ഈജിപ്തിൽ ഈ മാസം ആദ്യം ഒരു രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സൈന്യത്തെ വിന്യസിക്കാനുള്ള നീക്കത്തിലേക്ക് പാകിസ്താൻ കടന്നതെന്ന് ഉന്നതോദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. യുദ്ധാനന്തര ഗാസയിലെ പുനരധിവാസ ശ്രമങ്ങളുടെ ഭാഗമായാണ് ഇതെന്നാണ് റിപ്പോർട്ട്.
ഇസ്രയേലിനെ ഔദ്യോഗികമായി അംഗീകരിക്കാത്ത രാജ്യമാണ് പാകിസ്താൻ. പലസ്തീന് വേണ്ടി നിരന്തരം മുറവിളി കൂട്ടുന്നവരുമാണ് പാകിസ്ഥാനികൾ. ഇത് ഇസ്രയേലുമായി ചേർന്ന് നടത്തുന്ന ആദ്യത്തെ പരോക്ഷ ഇടപെടലാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. പുനരധിവാസത്തിന്റെ മറവിൽ ഗാസയിൽ പാക് സൈനിക സാന്നിധ്യമുണ്ടാക്കുകയാണ് ലക്ഷ്യം.
പാക് സൈന്യത്തിന്റെ ഗാസയിലെ ജോലി എന്താണെന്ന് വെച്ചാൽ, അവശേഷിക്കുന്ന ഹമാസ് ഘടകങ്ങളെ ഇല്ലായ്മചെയ്യുക, പാശ്ചാത്യരാജ്യങ്ങളുടെ നിർദേശങ്ങൾക്കനുസരിച്ച് അവിടെ പ്രവർത്തിക്കുക എന്നതൊക്കെയാണ്.
ഇസ്രയേൽ-ഗാസ യുദ്ധം ട്രംപിന്റെ ഇടപെടലിലൂടെ അവസാനിച്ചിരുന്നു. വെടിനിർത്തൽ ഉടമ്പടി രണ്ട് ഭാഗവും അംഗീകരിച്ചു. പിന്നീട് ബന്ദികളെ പരസ്പരം കൈമാറുകയും ചെയ്തിരുന്നു. യുദ്ധാനന്തര ഗാസയിലെ പുനർനിർമ്മാണവും പുനരധിവാസവും ഈ കരാറിൽ ഉൾപ്പെടുത്തിയിരുന്നു. ആ കരാർ പ്രകാരം യുദ്ധാനന്തര ഗാസയിലെ ഭരണ നിർവ്വഹണത്തിനായി പരിഗണിക്കപ്പെടുന്ന ഇന്തോനേഷ്യ, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങളുമായി ചേർന്നായിരിക്കും പാകിസ്താന്റെ പ്രവർത്തനമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഗാസയുടെ പുനർനിർമ്മാണത്തിന് സൗകര്യമൊരുക്കുന്നതിനൊപ്പം, ഭരണനിർവഹണത്തിന് സുരക്ഷാ നൽകുന്ന ജോലിയും പാക് സൈന്യത്തിനാണ്. ഇതിനു പകരമായി പാകിസ്താന് കിട്ടാൻ പോകുന്നത് വലിയ സാമ്പത്തിക പാക്കേജുകളാണ്. ലോക ബാങ്ക് വായ്പാ ഇളവ്, തിരിച്ചടവിന് കൂടുതൽ ഗഡുക്കൾ എന്നിവ അടക്കം പലതരം സാമ്പത്തിക സഹായങ്ങൾ പാകിസ്താന് ഇസ്രയേലും അമേരിക്കയും വാഗ്ദാനം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ഗാസയിൽ പാക് സൈന്യത്തെ വിന്യസിക്കുന്നതിനെ തുർക്കി, ഖത്തർ, ഇറാൻ അടക്കമുള്ള രാജ്യങ്ങൾ ശക്തമായി എതിർത്തേക്കുമെന്നും സൂചനയുണ്ട്. അമേരിക്കയുടേയും ഇസ്രയേലിന്റെയും താൽപര്യം നിറവേറ്റുന്നതിനുള്ള നീക്കമായാണ് ഈ രാജ്യങ്ങൾ ഇതിനെ കാണുന്നത്. അമേരിക്കയും ഇസ്രയേലും പാകിസ്താൻ സൈന്യത്തെ ഗാസയിൽ അവരുടെ ഉപകരണമായി ഉപയോഗിക്കുന്നു എന്നാണ് വിലയിരുത്തലുകൾ. സാമ്പത്തികമായി അരക്ഷിതാവസ്ഥയിലുള്ള പാകിസ്താന് ഇത് അതിജീവനത്തിനുള്ള ഒരു പിടിവള്ളിയാണ്.
പാകിസ്ഥാൻ തങ്ങളുടെ ദീർഘകാല നയത്തിൽ വരുത്തുന്ന സുപ്രധാനമായ ‘നിലപാട് മാറ്റ’മായാണ് ലോകം ഇതിനെ നോക്കിക്കാണുന്നത്. ഇസ്രായേലിനെ ഇതുവരെ അംഗീകരിക്കാതെ നിന്ന പാകിസ്ഥാന്റെ, ഇപ്പോളത്തെ മനംമാറ്റം അറബ് രാഷ്ട്രങ്ങളെ വഞ്ചിക്കുന്നതാണെന്ന് വിമര്ശനം ഉയര്ന്നു കഴിഞ്ഞു.
ഇസ്രയേലിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകാത്ത ഒരു നിഷ്പക്ഷ സൈനിക സേനയാണ് ഗാസയിൽ വിന്യസിക്കാൻ സാധ്യത. അതുകൊണ്ട് തന്നെയാണ് ഇസ്രായേലുമായി ഒരു തരത്തിലുള്ള നയതന്ത്ര ബന്ധവും സഹകരണവും ഇല്ലാത്ത പാകിസ്ഥാന്റെ 20,000 സൈനികരെ വിന്യസിക്കാനുള്ള നീക്കം ശ്രദ്ധ നേടുന്നത്.
ഔദ്യോഗിക സ്ഥിരീകരണം ഇനിയും വരാനുണ്ടെങ്കിലും, ഗാസയിലെ ഭാവി നിർണ്ണയിക്കുന്നതിൽ ഈ നീക്കം ഒരു നിർണായക പങ്ക് വഹിച്ചേക്കാം. പണം തരുന്നത് ആരായാണെങ്കിലും അവരുടെ കൂടെ പോകുക എന്നതാണ് പാകിസ്ഥാൻ ഇപ്പോൾ ചെയ്തിരിക്കുന്നത്. ഹമാസുമായി മാനസിക അടുപ്പമുള്ള പാകിസ്ഥാൻ സൈനികർ ഗാസയിൽ എങ്ങനെ ആയിരിക്കും പ്രതികരിക്കുക എന്നതും കണ്ടറിയണം. സാമ്പത്തിക ലാഭത്തിനായി ഇന്നോളം കൈക്കൊണ്ട എല്ലാ നിലപാടുകളും ഉപേക്ഷിക്കുന്ന, തരം താഴ്ന്ന, നെറികെട്ട രാജ്യമായി മറിയുകയാണ് ഈ നീക്കത്തിലൂടെ പാകിസ്ഥാൻ. ഈ സൈനിക നീക്കത്തോടെ പാകിസ്ഥാനിൽ ആഭ്യന്തര കലഹമുണ്ടാകാൻ വരെ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ.













