റഷ്യൻ അന്തർവാഹിനി എത്താൻ വൈകി, കപ്പൽ പിടിച്ചെടുത്ത് അമേരിക്ക; വർഷങ്ങൾക്ക് ശേഷം റഷ്യയും അമേരിക്കയും നേർക്ക് നേർ കൊമ്പ് കോർക്കുന്നു
അമേരിക്കൻ ഉപരോധം ലംഘിച്ച് കൊണ്ട് വെനസ്വേലയിൽ നിന്ന് എണ്ണ കടത്തുന്നു എന്ന് ആരോപിച്ച് റഷ്യന്‍ പതാകയുള്ള കപ്പൽ അമേരിക്ക പിടിച്ചെടുത്തു. രണ്ടാഴ്ചയോളം ഈ കപ്പലിനെ പിന്തുടർന്ന ശേഷമാണ് വടക്കൻ അറ്റ്ലാൻ്റിക്കിൽവെച്ച് അമേരിക്കൻ കോസ്റ്റ് ഗാർഡും സൈന്യവും ചേർന്ന് മാരിനേര എന്ന പേരുള്ള കപ്പൽ പിടിച്ചെടുത്തത്. സ്കോട്ട്ലൻഡിനും ഐസ്ലാൻഡിനും ഇടയിലുള്ള അന്താരാഷ്ട്ര ജലാശയത്തിൽ വെച്ചാണ് അമേരിക്ക റഷ്യൻ പതാക വഹിച്ച കപ്പലിനെ തടയുന്നത്.
ബ്രിട്ടന്റെ പരിപൂർണ്ണമായ പിന്തുണ ഈ വിഷയത്തിൽ അമേരിക്കക്ക് നൽകിയെന്ന് പ്രതിരോധ വൃത്തങ്ങൾ പറയുന്നു. അമേരിക്കയുടെ അഭ്യർത്ഥന മാനിച്ച്, അന്താരാഷ്ട്ര നിയമത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്ന് തന്നെയാണ് ഈ സഹായം നടപ്പിലാക്കിയതെന്നും യുകെ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
അമേരിക്കൻ ഉപരോധങ്ങൾ ലംഘിച്ചതിന് ട്രംപ് ഭരണകൂടം കപ്പൽ പിടിച്ചെടുത്തതായി യുഎസ് മിലിട്ടറിയുടെ യൂറോപ്യൻ കമാൻഡ് എക്സിലൂടെ സ്ഥിരീകരിച്ചു. സമീപകാലത്ത് ഇതാദ്യമയാണ് അമേരിക്കൻ സൈന്യം, റഷ്യൻ പതാകയുള്ള ഒരു കപ്പൽ പിടിച്ചെടുക്കുന്നത്.
അമേരിക്കയുടെ ഓപ്പറേഷൻ നടക്കുമ്പോൾ കപ്പലിന് സമീപത്തായി റഷ്യയുടെ യുദ്ധക്കപ്പലുകളും അന്തർവാഹിനിയും ഉണ്ടായിരുന്നതായാണ് വിവരം. എന്നാൽ ഇത് ‘മാരിനേര’യുമായി എത്ര അടുത്തായിരുന്നുവെന്ന് വ്യക്തമല്ല. ആ മേഖലയിൽ റഷ്യൻ സേനയും അമേരിക്കൻ സേനയും തമ്മിൽ ഏറ്റുമുട്ടലുകൾ നടന്നതായി സൂചനകളില്ലെന്നും അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട്ചെയ്തു.
‘ബെല്ല 1’ എന്ന പേരിലറിയപ്പെട്ടിരുന്ന കപ്പൽ അടുത്തിടെയാണ് ‘മാരിനേര’ എന്ന പേരിലേക്ക് മാറ്റിയത്. തുടർന്ന് കപ്പൽ റഷ്യയിൽ രജിസ്റ്റർചെയ്യുകയുമായിരുന്നു. അമേരിക്ക പിന്തുടർന്ന ‘മാരിനേര’ കപ്പലിന് റഷ്യ സംരക്ഷണം നൽകുന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. കപ്പലിന് സംരക്ഷണം നൽകാനായി റഷ്യ യുദ്ധക്കപ്പലുകളും അന്തർവാഹിനിയും വിന്യസിച്ചിരുന്നു.
എന്നാൽ 1982 ലെ ഐക്യരാഷ്ട്രസഭയുടെ സമുദ്ര നിയമ കൺവെൻഷൻ അനുസരിച്ച് മറ്റ് രാഷ്ട്രത്തിന്റെ അധികാരപരിധിയിൽ കൃത്യമായി രജിസ്റ്റർ ചെയ്തിട്ടുള്ള കപ്പലുകൾക്കെതിരെ ബലപ്രയോഗം നടത്താൻ ഒരു രാഷ്ട്രത്തിനും അവകാശമില്ല” എന്നാണ് റഷ്യയുടെ ഗതാഗത മന്ത്രാലയം പറയുന്നത്.
അമേരിക്കന്‍ ഉപരോധം മറികടന്ന് എണ്ണ കടത്തിയതിനാണ് കപ്പല്‍ പിടിച്ചെടുത്തതെന്നാണ് യുഎസിന്റെ വിശദീകരണമെങ്കിലും റഷ്യന്‍ ഭരണകൂടം കടുത്ത അമര്‍ഷത്തിലാണ്. കപ്പലിന് സംരക്ഷണം ഒരുക്കാന്‍ റഷ്യ അന്തര്‍വാഹിനി അയച്ചെങ്കിലും കൃത്യസമയത്ത് അവിടേക്ക് എത്താന്‍ കഴിഞ്ഞില്ല. അതിനു മുന്‍പ് തന്നെ അമേരിക്കയുടെ കപ്പല്‍, ഈ എണ്ണക്കപ്പലിനെ തടഞ്ഞു വയ്ക്കുകയായിരുന്നു.
വൻശക്തികളായ രണ്ടു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര യുദ്ധത്തിലേക്കു വഴിതെളിക്കുന്നതാണ് കടലിലെ പുതിയ സംഭവ വികാസങ്ങള്‍. കപ്പല്‍ പിടിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അമേരിക്കയുടെ ഈ നടപടി പ്രകോപനപരമാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും റഷ്യന്‍ അധികൃതര്‍ ആരോപിച്ചു. പച്ചയായ ഒരു കടൽക്കൊള്ളയാണ് അമേരിക്ക നടത്തിയതെന്നും റഷ്യ പറയുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം ഭരണകാലത്ത് അമേരിക്കൻ – റഷ്യൻ സേനകള്‍ തമ്മില്‍ നേർക്ക് നേർ വന്ന അപൂര്‍വ്വമായ സംഭവമാണിത്.
കൊട്ടിഘോഷിക്കുന്ന റഷ്യൻ സൈനിക കരുത്തിനെ വെല്ലുവിളിച്ച് കൊണ്ടാണ് അമേരിക്ക ഇപ്പോൾ റഷ്യൻ പതാകയുള്ള കപ്പൽ പിടിച്ചെടുത്തിരിക്കുന്നത്. റഷ്യയുമായി നിരന്തരം കലഹിക്കുന്ന യൂറോപ്യൻ രാജ്യങ്ങൾ, ഉക്രൈൻ എന്നിവരെല്ലാം റഷ്യയുടെ സൈനിക ശക്തിയെ ഭയക്കുന്നവരാണ്. അങ്ങനെയുള്ള റഷ്യയുടെ, അവരുടെ പതാകയുള്ള ഷാഡോ ഫ്ലീറ്റിന്റെ ഭാഗമായ ഒരു കപ്പലാണ് ഇപ്പോൾ അമേരിക്ക നിസ്സാരമായി പിടിച്ചെടുത്തത്. ഒരു ഡാറ്റാ അനലിറ്റിക്സ് സ്ഥാപനത്തിന്റെ കണക്കനുസരിച്ച്, ഏകദേശം രണ്ട് ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ കപ്പലിൽ ഉണ്ടായിരുന്നു എന്നാണ് പറയുന്നത്.
പിടിച്ചെടുത്ത ഈ കപ്പലിലെ ജീവനക്കാരെ അമേരിക്കൻ നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യാമെന്നും ആവശ്യമെങ്കിൽ അവരെ അമേരിക്കയിലേക്ക് കൊണ്ടുവരുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് സൂചിപ്പിച്ചു. നടപടിയെടുക്കാനുള്ള ഒരു ഫെഡറൽ ജുഡീഷ്യൽ ഉത്തരവ് ഇതിനകം നിലവിലുണ്ടെന്നും അമേരിക്ക പറയുന്നു.
ട്രംപ് രണ്ടാം തവണ അധികാരത്തിലേറിയ ശേഷം റഷ്യന്‍ പ്രഡിഡന്റ് പുടിനുമായി കൂടിക്കാഴ്ച്ച നടത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള അകല്‍ച്ച കുറച്ചിരുന്നു. എന്നാല്‍ പുതിയ സംഭവ വികാസങ്ങള്‍ ഏതു രീതിയില്‍ നയതന്ത്ര ബന്ധങ്ങളെ ബാധിക്കുമെന്ന ആകാംക്ഷയിലാണ് മറ്റു ലോക രാജ്യങ്ങള്‍.













